Connect with us

Editorial

സൈനിക കരാര്‍ ആത്മഹത്യാപരം

Published

|

Last Updated

സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന അമേരിക്ക – ഇന്ത്യ കരാര്‍ നീക്കം വിവാദമായിരിക്കുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും തമ്മില്‍ ഗോവയില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കരാര്‍ രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുമെന്ന് പ്രതിപക്ഷം ആശങ്കപ്പെടുന്നു. അമേരിക്കന്‍ സൈന്യത്തിന് പ്രത്യേകിച്ചും നാവിക, വ്യോമ സേനകള്‍ക്ക് ഇന്ത്യന്‍ സൈനിക സന്നാഹങ്ങള്‍ സുഗമമായി ഉപയോഗിക്കാന്‍ അവസരം നല്‍കുന്നതാണ് കരാര്‍. സേനാ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും സൈനികരുടെ വിശ്രമത്തിനും സൈനിക സാമഗ്രികള്‍ സൂക്ഷിക്കാനും അവസരം നല്‍കുന്ന ഉടമ്പടി ഇന്ത്യയെ അമേരിക്കന്‍ സൈനിക താവളമാക്കുമെന്നും രാജ്യത്തിന് അത് കടുത്ത സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുമെന്നും മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി പറയുന്നു.
ഇന്ത്യയുടെയും അമേരിക്കയുടെയും പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും യാത്രാ മധ്യേ ഇരു രാജ്യങ്ങളിലെയും സൈനിക താവളങ്ങളും സന്നാഹങ്ങളും പരസ്പരം ഉപയോഗപ്പെടുത്താമെന്നാണ് ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് എന്ന അടുത്ത് തന്നെ നിലവില്‍ വരുന്ന കരാറിലെ മുഖ്യവ്യവസ്ഥ. വ്യോമ, സമുദ്ര അതിര്‍ത്തിക്കുള്ളില്‍ ഇരു സൈന്യത്തിനും സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്ന കരാറിന്റെ മുഖ്യ പ്രായോജകര്‍ സാമ്രാജ്യത്വ വികസന അജന്‍ഡയുമായി വിവിധ രാജ്യങ്ങളില്‍ അധിനിവേശം നടത്തുന്ന അമേരിക്കയായിരിക്കും. ഇന്ത്യ അധിനിവേശത്തിന് മുതിരുകയോ യുദ്ധാവശ്യങ്ങള്‍ക്കായി സ്വന്തം അതിര്‍ത്തി വിട്ട് സഞ്ചരിക്കുകയോ ചെയ്യാറില്ലാത്തതിനാല്‍ കരാര്‍ കൊണ്ട് നമുക്ക് കാര്യമായ പ്രയോജനില്ല. അമേരിക്കന്‍ സൈന്യത്തിന്റെ 60 ശതമാനവും ഏഷ്യാ-പസിഫിക് മേഖലകളില്‍ വിന്യസിക്കുമെന്ന് യു എസ് ഭരണകൂടം ഇതിനിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റ പൂര്‍ത്തീകരണത്തിന്റെ ഭാഗമാണ് കരാറിലൂടെ അവര്‍ ലക്ഷ്യമാക്കുന്നതെന്നതാണ് വിലയിരുത്തപ്പെടുന്നത്. ദക്ഷിണ ചൈന സമുദ്രത്തിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ചൈനീസ് സൈനിക സാന്നിധ്യം ശക്തിപ്പെട്ട സാഹചര്യത്തിലാണ് ഉടമ്പടിയെന്നാണ് മോദി സര്‍ക്കാര്‍ ന്യായീകരിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് ഇന്ത്യ വഴങ്ങുകയായിരുന്നു.
ഇന്ത്യയുമായി സൈനിക ബന്ധം വ്യാപകമാക്കാനും അമേരിക്കന്‍ സൈനിക ചേരിയിലേക്ക് ഇന്ത്യയെ അടുപ്പിക്കാനും യു എസ് നിരന്തരം ശ്രമിച്ചു വരികയായിരുന്നു. സാമ്രാജ്യത്വ വികസനമുള്‍പ്പെടെ അമേരിക്കക്ക് പല ഗൂഢ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ട്. ഏഷ്യയില്‍ തങ്ങള്‍ക്ക് ശക്തമായ ഒരു സൈനിക കൂട്ടാളിയെ സൃഷ്ടിക്കുകയാണ് പ്രധാനം. ചൈന സാമ്പത്തികമായും സൈനികമായും വളര്‍ന്നുകൊണ്ടിരിക്കെ അവരെ പ്രതിരോധിക്കാനും ഏഷ്യ, പസിഫിക് മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനും കരുക്കള്‍ നീക്കി വരികയാണ് യു എസ്. ഈയിടെയായി ഇന്ത്യയുമായി അമേരിക്ക കൂടുതല്‍ അടുപ്പം കാണിക്കുന്നതിന്റെ താത്പര്യമിതാണ്.
ഇന്ത്യയുടെ വിദേശ നയം പ്രകടമായും അമേരിക്കന്‍ പക്ഷത്തേക്ക് ചാഞ്ഞത് കഴിഞ്ഞ എന്‍ ഡി എ ഭരണ ഘട്ടത്തിലായിരുന്നു. എല്‍ കെ അദ്വാനി സി ഐ എ ആസ്ഥാനത്തും ഇസ്‌റാഈലിലും സന്ദര്‍ശനം നടത്തിയതും അഫ്ഗാന്‍ ആക്രമണ വേളയില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കിയതും വാജ്പയിയുടെ ഭരണ കാലത്തായിരുന്നു. തുടര്‍ന്ന് വന്ന മന്‍മോഹന്‍ സര്‍ക്കാറും വിദേശ, സാമ്പത്തിക നയങ്ങളില്‍ ഈ വഴി പിന്തുടര്‍ന്നെങ്കിലും കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യയെ അമേരിക്കയുടെ സൈനിക താവളമാക്കി മാറ്റാനുള്ള സമ്മര്‍ദത്തിന് വഴിപ്പെട്ടിരുന്നില്ല. മോദി അധികാരത്തിലേറിയതോടെ വാജ്പയി സര്‍ക്കാര്‍ നയങ്ങളുടെ പിന്തുടര്‍ച്ച എന്ന നിലയില്‍ അമേരിക്കന്‍ ചായ്‌വ് വീണ്ടും ശക്തിപ്പെടുകയാണ്. പുതിയ കരാര്‍ നടപ്പാകുകയാണെങ്കില്‍ അമേരിക്കയുടെ ഏറെക്കാലമായുള്ള സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരിക്കും അത്. അതേസമയം ചേരിചേരാ നയത്തിന്റെ ഉപജ്ഞാതാക്കളെന്ന നിലയില്‍ ആഗോള തലത്തില്‍ ഇന്ത്യക്കുണ്ടായിരുന്ന അംഗീകാരം അത് നഷ്ടമാക്കുയും തനി അമേരിക്കന്‍ വിധേയത്വ രാജ്യമായി രാജ്യം അധഃപതിക്കുകയും ചെയ്യും. ഇന്ത്യയെ അമേരിക്കയുടെ തന്ത്രപര പങ്കാളിയാക്കാന്‍ ഇത്തരം ഉടമ്പടികള്‍ സഹായിക്കുമെന്നാണ് മോദി പ്രതീക്ഷിക്കുന്നതെങ്കില്‍ അത് മിഥ്യാ സ്വപ്‌നമാണ്. അമേരിക്കയുടെ ഏകധ്രുവ ലോക സാക്ഷാത്കാരത്തിന് ഭീഷണി സൃഷ്ടിക്കുന്ന ചൈനയെ ഇന്ത്യയുടെ സഹായത്തോടെ തളര്‍ത്താനുളള അമേരിക്കയുടെ ലക്ഷ്യം ഫലം കണ്ടാല്‍ പിന്നീട് അവരുടെ കരുനീക്കം ഏഷ്യയിലെ അടുത്ത ശക്തിയായ ഇന്ത്യക്കെതിരെയായിരിക്കും. ഇന്ത്യയുമായി കൂടുതല്‍ അടുപ്പം കാണിക്കുമ്പോഴും പാക്കിസ്ഥാനുള്ള സൈനിക സഹായം യു എസ് തുടര്‍ന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ആയുധ ശേഖരവും എഫ് 16 വിമാനങ്ങള്‍ ഉള്‍പ്പെടെ പുതിയ സൈനിക ഉപകരണങ്ങളും പാക്കിസ്ഥാന് നല്‍കാനുള്ള അമേരിക്കന്‍ തീരുമാനം അവരുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നതാണ്.