പത്ത് മിനുട്ടുകൊണ്ട് നെല്ലൂരിന്റെ പിണക്കം മാറി

Posted on: April 13, 2016 9:22 am | Last updated: April 13, 2016 at 9:22 am

JHONY NELLORപാലാ: പാര്‍ട്ടിയുമായും മുന്നണിയുമായും ഇടഞ്ഞുനിന്ന കേരള കോണ്‍ഗ്രസ് (ജേക്കബ് ) നേതാവ് ജോണി നെല്ലൂര്‍ വീണ്ടും യു ഡി എഫിലെത്തി. സീറ്റ് ലഭിക്കാതിരുന്നതിനെ ചൊല്ലി രണ്ടാഴ്ച മുമ്പാണ് പാര്‍ട്ടിയും മുന്നണിയും വിട്ടത്. ഇന്നലെ വൈകുന്നേരം കെ എം മാണിയുടെ പാലായിലെ വീട്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ നേത്യത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമുണ്ടായത്. അനൂപ് ജേക്കബും ചര്‍ച്ചയില്‍ പങ്കെടുത്തു. പത്ത് മിനിറ്റുകൊണ്ട് പ്രശ്‌ന പരിഹാരമുണ്ടായി.

ജോണി നെല്ലൂരിനെ യു ഡി എഫിന്റെ സെക്രട്ടറിയാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത യു ഡി എഫ് യോഗത്തിലുണ്ടാകും. രാജിവച്ച ജേക്കബ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനവും ഔഷധിയുടെ ചെയര്‍മാന്‍ സ്ഥാനവും വീണ്ടും ഏറ്റെടുക്കും. യു ഡി എഫിന്റെ ശക്തിക്കുവേണ്ടി നിലകൊള്ളുമെന്നും വേണമെങ്കില്‍ അങ്കമാലിയില്‍ അടക്കം പ്രചാരണത്തിന് ഇറങ്ങുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.