ഖത്വറിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഖിയ ഫുട്‌ബോള്‍ മേളക്ക് തുടക്കമായി

Posted on: April 11, 2016 8:48 pm | Last updated: April 11, 2016 at 8:48 pm
SHARE
ഖിയ ഫുട്‌ബോള്‍ മേളക്ക് തുടക്കം കുറിച്ച് നടന്ന ഐക്യദാര്‍ഢ്യ ആവിഷ്‌കാരം
ഖിയ ഫുട്‌ബോള്‍ മേളക്ക് തുടക്കം കുറിച്ച് നടന്ന ഐക്യദാര്‍ഢ്യ ആവിഷ്‌കാരം

ദോഹ: ഖത്വര്‍ ആതിഥേയത്വം വഹിക്കുന്ന 2022 ലോക കപ്പിന് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കമ്മറ്റി ദോഹ സ്റ്റേഡിയത്തില്‍ അവതരിപ്പിച്ച പ്രത്യേക പരിപാടി ശ്രദ്ധേയമായി. കെ മാര്‍ട്ട് ട്രോഫിക്കായി ഖിയ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ആവിഷ്‌കാരം.
ഖത്വര്‍ ഫുട്ബാള്‍ അസോസിയേഷന്റെയും സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെയും മുതിര്‍ന്ന പ്രതിനിധികള്‍ ഇന്ത്യന്‍ സമൂഹവുമായി ചേര്‍ന്ന് 22 വെള്ളരിപ്രാവുകളെ ആകാശത്തേക്കു പറത്തി സന്തോഷം പങ്കുവെച്ചു. ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റും കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റുമായ കെ എം ഐ മേത്തര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി പ്രതിനിധി ക്യാപ്റ്റന്‍ രവി കുമാര്‍ സംബന്ധിച്ചു. ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് പ്ലേയേഴ്‌സ് ഡയറക്ടര്‍ അത്തീഖ് ശദ്ദാദ് ഗാനം, സുപ്രീം കമ്മറ്റി പ്രതിനിധി അനീഷ് ഗംഗാധരന്‍, ഖത്വര്‍ ചാരിറ്റി സാമൂഹിക വികസന മേധാവി അതീഖ് അല്‍ അബ്ദുല്ല, അഹ്മദ് അല്‍ഗരീബ് (ജീം ടി വി), ഖാലിദ് സിയാറ (ക്യു എന്‍ എ), സാലിഹ് സഖര്‍ അല്‍ ബുഹൈനിന്‍, ഖാലിദ് ഫക്രൂ എന്നിവര്‍ പങ്കെടുത്തു.
കെ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സഈദ് നസീര്‍, ഖിയ ചാംപ്യന്‍സ് ലീഗ് ട്രോഫി, ഖിയ കമ്മറ്റിക്ക് കൈമാറി ടൂര്‍ണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന ദിവസം നടന്ന ആദ്യ മത്സരത്തില്‍ ടീം എം ബി എം ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് നാഷന്‍ വൈഡ് കെ പി എ ഖ്യുവിനെ പരാജയപ്പെടുത്തി.
തുടര്‍ന്നു നടന്ന സിറ്റി എക്‌സ്‌ചേഞ്ച് നാദം ദോഹ, ഡിസേര്‍ട്ട് ലൈന്‍ മാക് മത്സരം സമനിലയില്‍ അവസാനിച്ചു. വ്യാഴാഴ്ച ചെന്നൈ എഫ് സി ഡിസേര്‍ട്ട് ലൈന്‍ മാകിനെയും കള്‍ചറല്‍ ഫോറം നാഷന്‍ വൈഡ് കെ പി എ ഖ്യുവിനെയും നേരിടും. വെള്ളിയാഴ്ച യാസ് തൃശൂര്‍ സിറ്റി എക്‌സ്‌ചേഞ്ച് നാദം ദോഹയെയും
സ്‌കിയ റൂസിയ ഗ്രൂപ്പ് ടീം എം ബി എം നേയും നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here