Connect with us

Gulf

പ്രവാചക കാവ്യോത്സവത്തിന് കതാറയില്‍ തുടക്കമായി

Published

|

Last Updated

ദോഹ : പ്രവാചകരെക്കുറിച്ചുള്ള കവിതാ മത്സരം, പ്രദര്‍ശനം ഉള്‍പ്പെടെ വിവിധ പരിപാടികളോടെ അഞ്ചു ദിവസത്തെ പ്രവാചക കാവ്യോത്സവത്തിന് കതാറ കള്‍ചറല്‍ വില്ലേജില്‍ തുടക്കമായി. പ്രവാചക കവിതകള്‍ക്കായി സംഘടപ്പിച്ച മത്സരത്തിന്റെ ഭാഗമായി ഒരുക്കുന്ന മേളയില്‍ കവിതാ മത്സരത്തിന്റെ ഫൈനലിലെത്തിയ 30 കവികളുടെ സാന്നിധ്യത്തിലാണ് ഇന്നലെ ഉദ്ഘാടനം നടന്നത്. കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്വി സംബന്ധിച്ചു.
കവിതയിലൂടെ പ്രവാചകാധ്യാപനങ്ങളെയും ഇസ്‌ലാമിക മൗലികതകളെയും സാംസ്‌കാരിക പൈതൃകങ്ങളെയും കുറിച്ച് നവ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനാണ് അറബ് ലോകത്തെ വലിയ ഇസ്‌ലാമിക സാംസ്‌കാരിക മേള സംഘടിപ്പിക്കുന്നതെന്ന് ഇബ്രാഹിം അല്‍ സുലൈത്വി പറഞ്ഞു. സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിനും കവിതകള്‍ ഉപയോഗിക്കുന്നു. പ്രവാചകന്‍ പകര്‍ന്നു നല്‍കിയ സ്‌നേഹത്തിന്റെ സന്ദേശം യുവ സമൂഹത്തിന് പരിചയപ്പെടുത്താന്‍ മേള പ്രധാനമായും ലക്ഷ്യം വെക്കുന്നു. കവിത യുവാക്കളില്‍ വൈകാരികമായ സ്വാധീനം ചെലുത്തും. അതോടൊപ്പം കവിതയെഴുതുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കവിതകളെ ഇസ്‌ലാമിക സേവനത്തിന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും മേളയുടെ ലക്ഷ്യമാണെന്നും അദ്ദേഹം വിശദീരിച്ചു.
വിഖ്യാത കവികളായ ഡോ. അബ്ദുര്‍റഹ്മാന്‍ അശ്മാവി, നശീദ ആര്‍ട്ടിസ്റ്റ്, അഹ്മദ് അബ്ദുല്‍ ഹകീം അല്‍ സദ്ദി, ശൈഖ് ഡോ. മുഹമ്മദ് അല്‍ അറൈഫി എന്നിവര്‍ ഉദ്ഘാടന വേളയില്‍ സംബന്ധിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അറബ് കാലിഗ്രാഫി പ്രദര്‍ശനത്തില്‍ തിരുനബിയുടെ സ്ദ്കര്‍മങ്ങള്‍ വിവരിക്കുന്ന 50 ഖുര്‍ആന്‍ സൂക്തങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പെയിന്റിംഗാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ പ്രായത്തിലുള്ള കവികള്‍ മേളയില്‍ പങ്കെടുക്കുന്നു. 30 കവികള്‍ പങ്കെടുക്കുന്ന സെമിനാര്‍ നടക്കും. എല്ലാ ദിവസവും മഅ്‌രിബ് നിസ്‌കാരത്തിനു ശേഷമാണ് തിരുനബിയുടെ സ്‌നേഹത്തെക്കുറിച്ചുള്ള സെമിനാറുകല്‍. മൂന്നു ദിവസം അസര്‍ നിസ്‌കാര ശേഷം പ്രവാചകരെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ നടക്കും. പ്രവാചകന്റെ സ്‌നേഹത്തിലേക്ക് എന്ന ശീര്‍ഷകത്തില്‍ സന്ദര്‍ശകര്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിനായുള്ള പ്രദര്‍ശനത്തില്‍ ലോകത്തെ സാമാധാന നേതാക്കാളെയും പരിചയപ്പെടുത്തുന്നു. ഗാന്ധിജിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രവാചകന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, വാള്‍, തലപ്പാവ്, പാത്രങ്ങള്‍ തുടങ്ങിയവുടെ ചിത്രങ്ങളും വിവിധ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളും കൃതികളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഒമാന്‍ മുതല്‍ നോര്‍ത്ത് ആഫ്രിക്ക വരെയുള്ള വിവിധ അറബ് രാജ്യങ്ങളില്‍നിന്നുള്ള കവിതകളാണ് ഫൈനല്‍ മത്സരത്തിനു തിരഞ്ഞെടുത്തത്. കൂടുതല്‍ കവിതകല്‍ ഇറാഖില്‍ നിന്നാണ്. ഒന്നാംഘട്ടത്തിലേക്ക് 250 കവിതകളാണ് ഇറാഖില്‍ നിന്നും ലഭിച്ചത്. സുഡാന്‍, ഈജിപ്ത് രാജ്യങ്ങള്‍ 236 വീതം കവിതകള്‍ സമര്‍പ്പിച്ചു. ജി സി സി രാജ്യങ്ങളില്‍നിന്ന് 145 കവിതകളും അറബേതര രാജ്യങ്ങളില്‍നിന്ന് 13 കവിതകള്‍ ലഭിച്ചു. കവികളില്‍ 60 പേര്‍ വനിതകളായിരുന്നു. ഇതില്‍നിന്നാണ് 30 പേരെ തിരഞ്ഞെടുത്തത്. മൂന്നു ലക്ഷം ഡോളര്‍ (ഫസ്റ്റ്), രണ്ടു ലക്ഷം ഡോളര്‍ (സെക്കന്‍ഡ്), ഒരു ലക്ഷം (തേര്‍ഡ്), 50,000 (ഫോര്‍ത്ത്), 25,000 (ഫിഫ്ത്ത്) വീതമാണ് അവാര്‍ഡ് തുക.