ശിരസ്സിൽ അഹന്ത ബാധിച്ച ജനത / ബെന്യാമിൻ

സോഷ്യലിസ്റ്റ്
Posted on: April 11, 2016 3:10 pm | Last updated: April 11, 2016 at 3:40 pm

kollam fireഈ മഹാദുരന്തത്തിന്റെ നടുവിൽ നില്ക്കുന്നതുകൊണ്ട് മാത്രം നടത്തിപ്പുകാരെയും അനുമതി കൊടുത്തവരെയും അനുമതി വാങ്ങിക്കൊടുത്തവരെയും നാം പഴി പറയും. കണ്ണീരിന്റെ മുന്നിൽ നിന്ന് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഗീർ‍വാണമടിക്കും. അന്വേഷണം എന്ന പ്രഹസനം മുഴക്കും. അനുമതി കിട്ടിയില്ലായിരുന്നുവെങ്കിലോ ..? ‘മുരാച്ചി’ ജില്ലാ കളക്‍ടറുടെ ഫേസ്ബുക്കിൽ തെറികൊണ്ട് പൊങ്കാലയിട്ട് നാം അവരെ പറപ്പിക്കുമായിരുന്നു. റിപ്പോർട്ട് എഴുതാൻ മടിച്ച എ.എസ്.പി യെ കാസറഗോട്ടേക്ക് സ്ഥലം മാറ്റിപ്പിക്കുമായിരുന്നു. റൂറൽ എസ്.പി യെ തരം താഴ്ത്താൻ കത്തെഴുതുമായിരുന്നു. ഇവരുടെ ഒക്കെ മുകളിൽ പറന്ന് ആഭ്യന്തരനിൽ നിന്നോ മുഖ്യനിൽ നിന്നോ പറ്റിയാൽ കേന്ദ്രത്തിൽ നിന്നോ അനുമതി കൊണ്ടുവരുമായിരുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതാണ് നമ്മൾ.

ജീവിതസുരക്ഷയെക്കുറിച്ച് നമുക്ക് എന്തു വിചാരമാണുള്ളത്..? വിരണ്ടു വരുന്ന ആനയുടെ മുന്നിൽ ചെന്നു നിന്ന് സെൽ‍ഫി എടുക്കലാണ് നമ്മുടെ കൌതുകം. വെടിക്കെട്ടിനോട് ഏറ്റവും അടുത്തു നില്ക്കലാണ് നമ്മുടെ ധീരത. റോഡ് മുറിച്ചു കടക്കുമ്പോൾ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതിരിക്കലാണ് നമ്മുടെ അഹന്ത. ഹെൽ‍‍മറ്റ് വയ്ക്കുന്നതും സീറ്റ് ബൽറ്റ് ധരിക്കുന്നതുമാണ് നമ്മുടെ നാണക്കേട്. കിണറ്റിൽ ഇറങ്ങും മുൻപ് സ്നേഹിതാ, ഒരു മെഴുകുതിരി കത്തിച്ച് ഇറക്കി നോക്കൂ എന്നു പറഞ്ഞാൽ, നീ ഒന്ന് പോടാപ്പേ.. ഞങ്ങളിതൊക്കെ എത്ര കണ്ടതാണ് എന്നാണ് നമ്മുടെ പുച്ഛം. പൊതുപരിപാടിക്കിടയിൽ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നവനാണ് നമുക്കിടയിലെ ഏറ്റവും വലിയ മൂരാച്ചി.
ഒരപകടത്തിൽ നിന്നും നാം ഒരു പാഠവും പഠിക്കുന്നില്ല. ശിരസ്സിൽ അഹന്ത ബാധിച്ച ജനതയാണ് നാം. ഇപ്പോൾ നിരോധിക്കണം എന്ന് വീമ്പടിക്കുന്ന നമ്മൾ തന്നെ നാളെ സ്വന്തം കാര്യം വരുമ്പോൾ അതൊക്കെ മറന്ന് ‘ഇടവഴി’യിലൂടെ കാര്യം നേടിയെടുക്കും.
നമ്മുടെ സുരക്ഷ നമ്മുടെ മാത്രം കയ്യിലാണ് എന്ന് ഈ മഹാദുരന്തം ഒരിക്കല്ക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

കണ്ണീരിലും വേദനയിലും ആയിരിക്കുന്നവരുടെ ഹൃദയനൊമ്പരങ്ങളോട് ചേർന്നു നില്ക്കുകയും പൊലിഞ്ഞുപോയ ആത്മാക്കൾക്ക് നിത്യശാന്തി നേരുകയും ചെയ്യുന്നു. .