‘അഹ്‌ലന്‍ വ സഹ്‌ലന്‍’

ഇതുവരേയും ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയുടെ ഉത്തരവാദിയും മുസ്‌ലിംകളുടെ പേടിസ്വപ്‌നവുമായിരുന്ന മോദിയെ ഏറ്റവും കുറഞ്ഞത് കേരളത്തിലെ രണ്ട് മുസ്‌ലിം സംഘടനകളെങ്കിലും പ്രധാനമന്ത്രിയായി അംഗീകരിച്ച ദിവസമായിരുന്നുവല്ലോ അദ്ദേഹം റിയാദില്‍ കാലുകുത്തിയ ഏപ്രില്‍ രണ്ട്. ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടെന്നു മാത്രമല്ല, ഈ ആര്‍ഷ ഭാരതത്തിന് ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു പ്രതിച്ഛായ ഉണ്ടെന്നും അന്താരാഷ്ട്ര തലത്തിലുള്ള ആ പ്രതിച്ഛായ കളഞ്ഞുകുളിച്ചുള്ള യാതൊരുവിധ ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്നും സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പോരാടാനുറച്ച ദിവസവും അതു തന്നെ ആയിരുന്നു. റിയാദില്‍ ഇന്ത്യയുടെ, ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ തങ്ങളെങ്ങനെ സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനവും സോഷ്യല്‍ ഡെമോക്രാറ്റ് ചിന്തകരും ആകും എന്നു പോരാളികള്‍ക്ക് തോന്നിയതു കൊണ്ട് മാത്രമാണ് റിയാദിലെ അറബികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു തിരിച്ചുപോരാനുള്ള 'ഖുറൂജ്' അടിച്ചു നല്‍കിയത്. അല്ലാത്തപക്ഷം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് മോദിയെയും കൊണ്ട് പറക്കുന്ന വിമാനം ദൂരെ നിന്ന് നോക്കി പ്രതിച്ഛായ നഷ്ടപ്പെട്ട് നില്‍ക്കാന്‍ ആകുമായിരുന്നു നമ്മുടെയൊക്കെ വിധി !
Posted on: April 6, 2016 4:20 am | Last updated: April 5, 2016 at 9:24 pm

hamza abbasകാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു എന്നു നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഒരു സ്ഥിരം ഓഫീസ് റിയാദില്‍ തുടങ്ങാമായിരുന്നില്ലേ എന്നു ഉപദേശകര്‍ പോലും അന്തംവിട്ടു എന്നാണ് കേള്‍ക്കുന്നത്. കാരണം ഡല്‍ഹിയില്‍ നിന്ന് റിയാദില്‍ എത്തിയപ്പോഴേക്കും കാര്യങ്ങള്‍ അത്രമേല്‍ കീഴ്‌മേല്‍ മറിഞ്ഞല്ലോ. അതുവരേയും ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയുടെ ഉത്തരവാദിയും മുസ്‌ലിംകളുടെ പേടിസ്വപ്‌നവുമായിരുന്ന നരേന്ദ്ര മോദിയെ ഏറ്റവും കുറഞ്ഞത് കേരളത്തിലെ രണ്ട് മുസ്‌ലിം സംഘടനകളെങ്കിലും പ്രധാനമന്ത്രിയായി അംഗീകരിച്ച ദിവസമായിരുന്നുവല്ലോ മോദി റിയാദില്‍ കാലുകുത്തിയ ഏപ്രില്‍ രണ്ട്. ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടെന്നു മാത്രമല്ല, ഈ ആര്‍ഷ ഭാരതത്തിന് ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു പ്രതിച്ഛായ ഉണ്ടെന്നും അന്താരാഷ്ട്ര തലത്തിലുള്ള ആ പ്രതിച്ഛായ കളഞ്ഞുകുളിച്ചുള്ള യാതൊരുവിധ ഒത്തുതീര്‍പ്പിനും തങ്ങളില്ലെന്നും സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പോരാടാനുറച്ച ദിവസവും അതു തന്നെ ആയിരുന്നു. റിയാദില്‍ ഇന്ത്യയുടെ, ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ തങ്ങളെങ്ങനെ സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനവും സോഷ്യല്‍ ഡെമോക്രാറ്റ് ചിന്തകരും ആകും എന്നു മേല്‍ ചോന്ന പോരാളികള്‍ക്ക് തോന്നിയത് കൊണ്ട് മാത്രമാണ് റിയാദിലെ അറബികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു തിരിച്ചു പോരാനുള്ള ‘ഖുറൂജ്’ അടിച്ചു നല്‍കിയത്. അല്ലാത്തപക്ഷം ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് മോദിയെയും കൊണ്ട് പറക്കുന്ന വിമാനം ദൂരെ നിന്ന് നോക്കി പ്രതിച്ഛായ നഷ്ടപ്പെട്ട് നില്‍ക്കാന്‍ ആകുമായിരുന്നു നമ്മുടെയൊക്കെ വിധി!. ജമാഅത്തെ ഇസ്‌ലാമിക്കും പോപ്പുലര്‍ ഫ്രണ്ടിനുമൊക്കെ ഇസ്‌ലാമിനെ തക്ക സമയത്ത് യുക്തമായും സമഗ്രമായും അവതരിപ്പിക്കാന്‍ തോന്നിയത് കൊണ്ട് ഈ സമുദായത്തെയും ആര്‍ഷ ഭാരതത്തെയും മാനം പോകാതെ കാക്കാന്‍ കഴിഞ്ഞു. ആര്‍ഷ ഭാരതം ഈ സമുദായത്തോട് കടപ്പെട്ടിരിക്കുന്നു.
സോഷ്യല്‍ ഡെമോക്രസി തിരഞ്ഞെടുപ്പിലൂടെയും അട്ടിമറിയിലൂടെയും വന്നതിനു ഒരുപാട് ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ കണ്ടിട്ടുണ്ട്. പക്ഷേ, പരസ്യത്തിന്റെ രൂപത്തില്‍ അതു ആദ്യമായി വന്നത് ഈ ഏപ്രില്‍ രണ്ടിനാണ്. ഒരു ദിവസം മുമ്പായിരുന്നുവെങ്കില്‍ വിഡ്ഢി ദിനത്തിന്റെ അഡ്രസ്സില്‍ കാര്യങ്ങള്‍ എഴുതിത്തള്ളാമായിരുന്നു. എല്ലാം വൈകി വരുന്നത് പോലെ, ഈ ‘സമഗ്ര ഇസ്‌ലാമിക’ പ്രസ്ഥാന പോരാളികള്‍ക്ക് വിഡ്ഢിയാണെന്ന് സ്വയം അംഗീകരിക്കാനും ഒരു ദിവസം കൂടി കാത്തുനില്‍ക്കേണ്ടി വന്നുവെന്നു മാത്രം. അങ്ങനെയാണ് ഇന്ത്യയില്‍ മോദിക്കെതിരെ ജിഹാദിനിറങ്ങിയ പോരാളികള്‍ റിയാദില്‍ പെട്ടി നിറയെ പൈസ വാങ്ങി വെച്ച്, തങ്ങളുടെ ദഅവാ പ്രസിദ്ധീകരണങ്ങളായ പത്രങ്ങളിലൂടെ മോദിക്ക് ‘അഹ്‌ലന്‍ വ സഹ്‌ലന്‍’ ചൊല്ലിയത്. നബിദിനത്തിന് അഹ്‌ലന്‍ വ സഹ് ലന്‍ പറഞ്ഞതിന്റെ പേരില്‍ നാട്ടിന്‍പുറത്തെ മദ്‌റസയിലെ ഒന്നാം ക്ലാസ്സിലെ കുട്ടിയെ പോലും ദീനുല്‍ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കി പിണ്ഡം വെക്കുന്ന ടീമാണ്, റിയാദില്‍ മോദിയെ വരവേല്‍ക്കാന്‍ ദഫും മുട്ടി കാത്തിരുന്നത്. ചരിത്രം പോരാളികള്‍ക്ക് നല്‍കുന്ന ഓരോ നിയോഗങ്ങള്‍ എന്നല്ലാതെ നാം എന്തു പറയാനാണ്.
കുറ്റം ചെയ്താല്‍, കുറ്റം ചെയ്ത ആ കൈകള്‍ വെട്ടുന്നതില്‍ കുറഞ്ഞ മറ്റൊരു ശിക്ഷയും ഇല്ല എന്നു വിശ്വസിക്കുകയും ആ നിലക്ക് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയുണ്ട് കേരളത്തില്‍. ജമാഅത്തെ ഇസ്‌ലാമി ഇപ്പോഴും മതരാഷ്ട്രത്തെ സ്വപ്‌നം കാണുന്നവരാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആ സ്വപ്‌നരാജ്യം വന്നുകഴിഞ്ഞു എന്നു വിശ്വസിക്കുന്നവരാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ആവേശം കൂടിയാല്‍ ആര്‍ക്കും തോന്നാവുന്ന തോന്നലുകള്‍ ആണത്. ഇസ്‌ലാമിക രാജ്യത്തെ ഒരേയൊരു കോയയായി വരേണ്ടത് താന്‍ തന്നെയാണെന്ന് ഒരാള്‍ക്ക് തോന്നിയാല്‍ പിന്നെ നിര്‍വാഹമില്ലല്ലോ. അതില്‍ പിന്നെ കാര്യങ്ങളെല്ലാം ഖാളില്‍ ഖുളാത്തില്‍ ആണ് തീരുമാനിക്കുക. ആര് ആരെ കല്യാണം കഴിക്കണം, ആരുടെ കൈ വെട്ടണം, ആര്‍ക്കു മാപ്പ് നല്‍കണം തുടങ്ങി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി തീരുമാനിക്കേണ്ടത് എപ്പോഴാണ് എന്നതൊക്കെ ഖാളില്‍ ഖുളാത്തിന്റെ തീരുമാനത്തിന് വിധേയമായിരിക്കും. ഏതാണ്ട് ഇറാനിലെ ആയത്തുല്ലമാരുടെ മര്‍ത്തബയാണ് ഇവിടുത്തെ ഖാളില്‍ ഖുളാത്തിലെ പുരോഹിതന്മാര്‍ക്ക്. ഏതായാലും എം കേശവ മേനോന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കത്തയച്ച കൂട്ടത്തില്‍ യൂണിറ്റി സെന്ററിലേക്കും കത്തയക്കാന്‍ തോന്നിയത് നന്നായി. ഇല്ലേല്‍ കെ പി കേശവമേനോന്‍ റോഡില്‍ കൈപ്പത്തിയില്ലാതെ നടക്കേണ്ട ഗതികേടിലാകുമായിരുന്നു പലരും. അങ്ങനെയൊരു കത്ത് യൂണിറ്റി സെന്ററിലേക്ക് അയക്കാന്‍ തൊടുപുഴ ന്യൂമാന്‍സ് കോളജ് മാനേജ്‌മെന്റിന് തോന്നാതിരുന്നത് കഷ്ടമായിപ്പോയി. ഒരു ഖേദപ്രകടനം കൊണ്ട് എല്ലാം പൊറുത്തുകൊടുക്കുന്ന, ഒരു പരസ്യം കൊണ്ട് തങ്ങളുടെ ആജന്മ ശത്രുവിന് പോലും മര്‍ഹബ പാടുന്ന ഈ നിഷ്‌കളങ്കരെയാണോ നിങ്ങള്‍ യു എ പി എയൊക്കെ കാട്ടി പേടിപ്പിക്കുന്നത്? സ്വന്തം നാട്ടില്‍ പ്രവാചകന്മാര്‍ തിരിച്ചറിയപ്പെടില്ല എന്നു പറഞ്ഞത് വെറുതെയല്ല. അതിനു ഏറ്റവും കുറഞ്ഞത് റിയാദില്‍ വരെയെങ്കിലും പോകണം.
പക്ഷേ, ഈ വക പോരാളികള്‍ക്ക് വേറൊരു കുഴപ്പമുണ്ട്. തങ്ങള്‍ ചെയ്യേണ്ട കാര്യം വേറെ ഒരാളും ചെയ്യരുത് എന്ന വാശിക്കാരാണവര്‍. അല്ലെങ്കിലും അധികാരത്തോട് ആര്‍ത്തി മൂത്താല്‍ ഏതൊരാള്‍ക്കും തോന്നുന്ന തോന്നാലാണത്. അതുകൊണ്ട് തങ്ങള്‍ മിണ്ടാന്‍ പോകുന്നവരോട് വേറെയാരെങ്കിലും മിണ്ടിപ്പോയാല്‍ ഒടുക്കത്തെ കലിയാകും. പൊതുവില്‍ പത്രപ്രവര്‍ത്തനം മാത്രം നടത്തി ശീലിച്ചത് കൊണ്ടുള്ള കുഴപ്പമാണ്. തങ്ങള്‍ എക്‌സ്‌ക്ലൂസീവ് ആക്കി വെച്ചതിനെ വേറൊരാള്‍ തട്ടിയെടുത്താല്‍ ഏതു പത്രക്കാരനും തോന്നുന്ന ഉന്മാദം. പള്ളിയില്‍ മുതഅല്ലിംകള്‍ക്ക് കിതാബും ഓതിക്കൊടുത്ത്, വല്ല ദര്‍ഗയിലോ മറ്റോ ചെന്നിരുന്നു കാലം കഴിക്കേണ്ട കുറെ മൊയ്‌ല്യാക്കന്‍മാര്‍ ഈയിടെ ഡല്‍ഹിയില്‍ പോയി, വിജ്ഞാനഭവനില്‍ ഒരു സെമിനാര്‍ ഒക്കെ നടത്തി. വഅളും ദുആ സമ്മേളനവും നടത്തേണ്ടവരാണ് ഡല്‍ഹിയില്‍ പോയി സെമിനാര്‍ നടത്തിയത്, രാം ലീലയില്‍ പ്രസംഗിച്ചത്. ഇത് നമ്മുടെ തമ്പുരാക്കന്‍മാര്‍ക്ക് പൊറുക്കാന്‍ കഴിയുന്ന പാതകമാണോ? ഓരോരുത്തര്‍ക്കും ഖാളില്‍ ഖുളാത്ത് ഓരോ കാര്യങ്ങള്‍ വിധിച്ചിട്ടുണ്ട്. അതിലപ്പുറം ചെയ്തു തുടങ്ങിയാല്‍ നമ്മള്‍ വിധി നടപ്പാക്കും. ഇപ്പോള്‍ പൊതുവില്‍ താരതമ്യേന ചെലവു കുറഞ്ഞതും വലിയ മനുഷ്യ വിഭവശേഷി ആവശ്യമില്ലാത്തതുമായ ശിക്ഷാരീതി കാവി പെയിന്റ് അടിക്കലാണ്. അതാകുമ്പോ വക്കീല്‍ ഫീസ് കൊടുക്കേണ്ട, പോരാളികള്‍ ജയിലില്‍ ഗോതമ്പുണ്ട തിന്നണ്ട, യു എ പി എയെ പേടിക്കേണ്ട, കാവി പെയിന്റ് ആണെങ്കില്‍ വന്‍ വിലക്കുറവില്‍ കിട്ടാനുമുണ്ട്. വെളുത്ത പ്രതലത്തില്‍ ആകുമ്പോള്‍ ഒറ്റ പ്രാവശ്യം അടിച്ചാലും മതി. ആ പൈസയും ലാഭിക്കാം. ഈ കാവി പെയിന്റൊക്കെ നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കില്‍ തൊടുപുഴയിലെ ആ ഫിലോമിന ടീച്ചര്‍ക്ക് മനഃസമാധാനത്തോടെ ഒന്ന് മരിക്കാനെങ്കിലും കഴിഞ്ഞേനെ.
പക്ഷേ, എന്തു പറയാനാണ്? പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണല്ലോ ചൊല്ല്. പ്രത്യേകിച്ചും സഊദി റിയാലിനാകുമ്പോള്‍ കനം ഇച്ചിരി കൂടുമല്ലോ. ഒരു റിയാല്‍ യൂണിറ്റി സെന്ററിലേക്കും വെള്ളിമാട്കുന്നിലേക്കും എത്തിക്കിട്ടിയാല്‍ എത്ര വരും? മോദി റിയാദില്‍ എത്തുമ്പോള്‍ മര്‍ഹബ ചൊല്ലാന്‍ ഇതിനേക്കാള്‍ വലിയ മറ്റെന്തെങ്കിലും വിശേഷം ആവശ്യമുണ്ടോ?, കുശലമല്ല, കുലം തന്നെ കുത്തിക്കൊടുക്കാമല്ലോ. മരണപ്പെട്ട വീടുകളില്‍ ഖുര്‍ആന്‍ ഓതിയതിനും ദുആ ചെയ്തതിനും കിട്ടുന്ന ചെറിയ ഹദിയകളെ മോയ്‌ല്യാക്കന്മാരുടെ സാമ്പത്തിക ദാഹത്തിന്റെ അടയാളമായി എണ്ണി നടക്കുന്നവരാണ് ഇക്കൂട്ടര്‍ എന്ന് ഓര്‍ക്കണം. 100 രൂപ ചുരുട്ടി കീശയില്‍ ഇട്ടു കൊടുത്താലല്ലേ വാങ്ങുന്നവന്‍ പുരോഹിതനും ചൂഷകനും ആകൂ. റിയാല്‍ ചെക്ക് രൂപത്തില്‍ പത്ര ഓഫീസില്‍ എത്തിച്ചുതരുന്നതിനു സമഗ്ര ഇസ്‌ലാമിക പോരാട്ടത്തില്‍ എന്താണാവോ പേര്?
പല പ്രസ്ഥാന ബന്ധുക്കളും ആഗ്രഹിക്കുന്നത് പോലെ, നമ്മുടെ സോഷ്യല്‍ ഡെമോക്രാറ്റ്, സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടെന്നു വെക്കാന്‍ കഴിയുന്ന പരസ്യമോ കുശലം പറച്ചിലോ ആയിരുന്നില്ല റിയാദില്‍ നടന്നത്. അങ്ങനെ വിശ്വസിക്കാന്‍ റിയാദില്‍ വെച്ച് യാദൃച്ഛികമോ ആദ്യമായോ സംഭവിച്ച മര്‍ഹബ പാടല്‍ അല്ലല്ലോ നടന്നത്. സാക്ഷാല്‍ ബാല്‍ താക്കറെ മരിച്ചപ്പോള്‍ താക്കറെയുടെ മനുഷ്യ സ്‌നേഹത്തെ കുറിച്ച് എഡിറ്റ് പേജ് ലേഖനം എഴുതിയ പത്രവും ഇക്കൂട്ടത്തില്‍ ഉണ്ടല്ലോ. ഗുജറാത്ത് കലാപം കഴിഞ്ഞ ഉടനെ വെള്ളിമാട്കുന്നില്‍ എത്തിയ സര്‍ക്കാര്‍ വക പരസ്യത്തിന് ശൂറ യെസ് പറഞ്ഞത്, ഡസ്‌കിലെ വംശനാശ ഭീഷണി നേരിടുന്ന മതേതര സുഹൃത്തുക്കള്‍ എങ്കിലും മറന്നിട്ടുണ്ടാകില്ല. മുസ്‌ലിം സമുദായത്തില്‍ ഇങ്ങനെയൊരു സോഷ്യല്‍ ഡെമോക്രസി മാര്‍ഗം ഉള്ളത് കൊണ്ട് മെച്ചം ഏതായാലും ഹിന്ദുക്കളുടെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കാണ് എന്നു പറയുന്നത് വെറുതെയല്ല എന്നു മനസ്സിലാകാന്‍ പലര്‍ക്കും മോദി റിയാദ് വരെ പോകുന്നതും കാത്തിരിക്കേണ്ടി വന്നു എന്നത് അവരുടെ നിയോഗം. ആര്‍ എസ് എസ് തല്ലുന്നത് തടയാനാണ് ഈ ചെറുപ്പക്കാര്‍ കുറുവടിയും പിടിച്ച് രാത്രി പമ്മിയും പതുങ്ങിയും യോഗാ പരിശീലനം നടത്തുന്നത് എന്നു തെറ്റിദ്ധരിച്ചിരിക്കുന്നവര്‍ക്ക് നിലപാട് തിരുത്താന്‍ ഒരവസരം ഒരുക്കിത്തന്നതിന് ഈ സമുദായം ഈ പോരാളികള്‍ക്ക് കടപ്പെട്ടിരിക്കുന്നു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ലോക സൂഫി ഫോറത്തില്‍ പങ്കെടുത്തതിനെ ആളുകള്‍ വിമര്‍ശിക്കുന്നതിനിടെ സുന്നികള്‍ക്ക് വീണുകിട്ടിയ ചാകരയാണ് റിയാദിലെ മര്‍ഹബ പാടല്‍ എന്നൊക്കെ കരുതി ആശ്വസിക്കുന്നവര്‍ ഉണ്ട്. അവര്‍ അങ്ങനെ ആശ്വസിക്കട്ടെ. ഇത്തരം ചാകരകള്‍ കാട്ടി സുന്നികളെ സന്തോഷിപ്പിക്കാനാണ് പുറപ്പാടെങ്കില്‍ നിങ്ങള്‍ വേറെ കടല്‍ തീരവും തേടി പോകേണ്ടിവരും. ഏതായാലും ഈ പോരാളികള്‍ പറഞ്ഞ ഒരു കാര്യം സത്യമാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സൂഫീ സമ്മേളനത്തില്‍ പങ്കെടുത്തതിനെയും പോരാളികള്‍ മോദിയുമായി കുശലം പറഞ്ഞതിനെയും പണം വാങ്ങി സ്വാഗതമോതിയതിനെയും താരതമ്യപ്പെടുത്താന്‍ കഴിയില്ല. അതുപക്ഷേ അവര്‍ പറയുന്നത് പോലെയുള്ള മുടന്തന്‍ ന്യായങ്ങള്‍ കൊണ്ടല്ല. സംഭവം നടന്നത് റിയാദിലോ, പോയത് പ്രധാനമന്ത്രിയോ, പരസ്യം വന്നത് പത്രത്തിലോ ആയതു കൊണ്ടല്ല. റിയാദില്‍ വെച്ചു കുശലം പറയാന്‍ പത്രത്തിനു സര്‍ക്കുലേഷന്‍ ഉണ്ടായാല്‍ മതി. പക്ഷേ, ഡല്‍ഹിയില്‍ വെച്ച് ന്യായം പറയാന്‍ അതുമാത്രം പോര. കൂട്ടത്തില്‍ കുറച്ചു ആണത്തവും വേണം. ഡല്‍ഹിയില്‍ മോദി കൂടി പങ്കെടുത്ത സമ്മേളനത്തില്‍ വെച്ച് മോദിക്കെതിരെ പ്രമേയവും പാസ്സാക്കി മൂന്ന് സ്വലാത്തും ചൊല്ലി പിരിഞ്ഞ സൂഫീ സമ്മേളനത്തില്‍ ആണ് കാന്തപുരം പങ്കെടുത്തത്. അല്ലാതെ കുശലം പറഞ്ഞു ഭക്ഷണവും കഴിച്ച് പരസ്യത്തിന്റെ ചെക്കും വാങ്ങി കീശയില്‍ ഇട്ടല്ല സൂഫീ സമ്മേളനം പിരിഞ്ഞത്. പ്രസ്ഥാനം വരുത്തിയ തെറ്റിനെ ഞങ്ങള്‍ വിമര്‍ശിക്കുന്നില്ലേ, അങ്ങനെ വിമര്‍ശിക്കാന്‍ ഏതെങ്കിലും സുന്നികള്‍ക്ക് ചങ്കൂറ്റം ഉണ്ടോ എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ജിഹാദില്‍ ഏര്‍പ്പെടുന്ന പോരാളികള്‍ ഉണ്ട്. സഹതപിക്കുക അല്ലാതെ മറ്റു വഴികള്‍ ഒന്നും ഇല്ല. ചങ്കൂറ്റം ഉണ്ടാകേണ്ടിയിരുന്നത് സുന്നികളോട് ചോദ്യം ചോദിക്കാനല്ല. വേറെ ചില കാര്യങ്ങള്‍ക്കായിരുന്നു. അതില്ലാതെ പോയതിനു സ്വന്തം ജന്മത്തെ തന്നെ കുറ്റപ്പെടുത്തുകയല്ലാതെ വേറെ വഴികള്‍ ഉണ്ടെന്നു തോന്നുന്നില്ല. പിന്നെ ഇടക്കിടെ ഫേസ്ബുക്കില്‍ (മാത്രം) നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ വിമര്‍ശിക്കപ്പെടേണ്ട ഒരു കാര്യം ചെയ്യുന്ന വിശ്വാസ സംഹിതയിലോ ആദര്‍ശ പ്രസ്ഥാനത്തിലോ അല്ല സുന്നികള്‍ വിശ്വസിച്ചിരിക്കുന്നത്. ഇത് വേറെയാണ് പ്രസ്ഥാനം. സൂഫിസത്തിന്റെ രാഷ്ട്രീയ ബോധവും സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അരാഷ്ട്രീയതയും മനസ്സിലാക്കാന്‍ ഒരു മോദി തന്നെ വേണ്ടിവന്നു എന്നത് മറ്റൊരു വിധി വൈപരീത്യമാകും. ഒരുപക്ഷേ സമുദായത്തിനകത്തെ ഇത്തരം വൈരുധ്യങ്ങളെ പുറത്തുകൊണ്ടു വരിക കൂടിയായിരിക്കണം ഈ മോദിയുടെ നിയോഗം. ഓരോന്നിന്നും ഓരോ കാരണങ്ങള്‍ ഉണ്ടാകും എന്നാണല്ലോ വിശ്വാസം.
ഏതായാലും പത്രത്തിന്റെ സര്‍ക്കുലേഷന്‍ ആണ് എല്ലാം ഹലാലായി കിട്ടാനുള്ള ന്യായമെങ്കില്‍, സമഗ്രതയുടെ അടയാളമെങ്കില്‍, സോഷ്യല്‍ ഡെമോക്രസിയുടെ മാര്‍ഗമെങ്കില്‍, എല്ലാം പൊറുക്കാനും സഹിക്കാനുമുള്ള മാനദണ്ഡമെങ്കില്‍ ആ എം കേശവ മേനോനും പി വി ചന്ദ്രനും ഇത്രയൊന്നും കഷ്ടപ്പെടേണ്ടിവരില്ലായിരുന്നു.