ശാസ്ത്രിയുടെ കരാര്‍ കഴിഞ്ഞു; പുതിയ കോച്ച് ആര് ?

Posted on: April 2, 2016 6:02 am | Last updated: April 2, 2016 at 10:03 am

ravi-shastri-genw-700ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകന്‍ ആരെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു? ട്വന്റി20 ലോകകപ്പ് അവസാനിക്കും വരെയാണ് രവി ശാസ്ത്രിക്ക് ടീം ഡയറക്ടര്‍ സ്ഥാനത്ത് ബി സി സി ഐ കരാറുള്ളത്. പുതിയ കോച്ചിനെ കണ്ടെത്താനുള്ള മൂന്നംഗ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി നിലവിലുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വി വി എസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് പുതിയ കോച്ചിനെ കണ്ടെത്തുക. മുഴുവന്‍ സമയ പരിശീലകനെയാണ് ടീമിനാവശ്യം. ഒരു ടീം ഡയറക്ടറെ ഇനി ആവശ്യമില്ല. രവിശാസ്ത്രിയുടെ കരാര്‍ അവസാനിക്കുന്നതോടെ ടീം ഡയറക്ടര്‍ സ്ഥാനവും എടുത്തുകളയുമെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു.
അഡൈ്വസറി കമ്മിറ്റിക്ക് മുന്നില്‍ പുതിയ പരിശീലകരുടെ ചുരുക്കപ്പട്ടികയുണ്ട്. ഇവരില്‍ നിന്ന് പുതിയ കാലത്തെ ക്രിക്കറ്റിന് അനുയോജ്യമായ കോച്ചിനെ കണ്ടെത്തുക എന്ന ദൗത്യമാണ് കമ്മിറ്റിക്കുള്ളത്. ഐ പി എല്ലിന് മുന്നോടിയായി ടീം ഇന്ത്യയുടെ പുതിയ പരിശീലകനെ പ്രഖ്യാപിക്കാനാകുമെന്ന് താക്കൂര്‍ പറഞ്ഞു.
2014 ല്‍ ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പര 3-1ന് തോറ്റപ്പോഴാണ് രവിശാസ്ത്രിയെ താത്കാലിക പരിശീലകനായി നിയമിച്ചത്. ശേഷം, ഏകദിന പരമ്പര ഇന്ത്യ ജയിച്ചു. എന്നാല്‍, ആസ്‌ത്രേലിയില്‍ ടെസ്റ്റ് പരമ്പര 2-0ന് തോറ്റു. ത്രിരാഷ്ട്ര പരമ്പരയിലും ഫൈനല്‍ കാണാന്‍ സാധിച്ചില്ല.
എന്നാല്‍, രവി ശാസ്ത്രി പതിയെ ടീമിന്റെ മനോനിലയില്‍ മാറ്റം വരുത്തി. ഏകദിന ലോകകപ്പില്‍ ടീം സെമിയിലെത്തി. ആസ്‌ത്രേലിയയില്‍ ടി20 പരമ്പര 3-0ന് തൂത്തുവാരി. ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി. എന്നാല്‍, ടി20, ഏകദിന പരമ്പരയില്‍ തിരിച്ചടിയേറ്റു. ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര തോറ്റതാണ് രവിശാസ്ത്രിയുടെ കീഴില്‍ ഇന്ത്യക്കേറ്റ വലിയ തിരിച്ചടി.
രവിശാസ്ത്രി ടീം ഡയറക്ടര്‍ എന്ന നിലക്ക് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. വിരാട് കോഹ്‌ലിയെ വിവ് റിചാര്‍ഡ്‌സിനോട് ഉപമിച്ച ശാസ്ത്രി യുവതാരത്തില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ പ്രലോഭിപ്പിച്ചു. ക്യാപ്റ്റന്‍ എം എസ് ധോണിയെ ലെജന്‍ഡ് എന്ന് വിശേഷിപ്പിച്ചതും ശാസ്ത്രിയുടെ വിജയ മനശാസ്ത്രമായിരുന്നു. ഇതുപോലെ ഒരോ താരത്തെയും പ്രചോദിപ്പിക്കാന്‍ ശാസ്ത്രിക്ക് സാധിച്ചു. വരാന്‍ പോകുന്ന കോച്ചിന്റെ മാനദണ്ഡവും മറ്റൊന്നാകില്ല. ഗാരി കേഴ്സ്റ്റന പോലൊരു കോച്ചായിരിക്കും സച്ചിന്റെയും സംഘത്തിന്റെയും മനസില്‍. ട്രെവര്‍ ബെയ്‌ലിസിന് കീഴില്‍ ഇംഗ്ലണ്ട് ടീമിന് വന്ന മാറ്റം അഡൈ്വസറി കമ്മിറ്റി പഠിക്കാതിരിക്കില്ല.