Connect with us

Gulf

സുരക്ഷിത ഡ്രൈവിംഗിന് ഇന്‍ഷ്വറന്‍സ് പ്രീമിയം ഇളവ്‌

Published

|

Last Updated

ദോഹ: ഡ്രൈവിംഗ് സുരക്ഷിതമാക്കിയാല്‍ ഫലം ഇനിമുതല്‍ കാര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം അടവിലും പ്രതിഫലിക്കും. ക്യു ഐ സി ഇന്‍ഷ്വര്‍ഡ് ആണ് റോഡ് സുരക്ഷ കൂടി മെച്ചപ്പെടുത്തുന്ന പുതിയ പദ്ധതിയുമായി രംഗത്തുവന്നത്. ഖത്വര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്ററു(ക്യു എം ഐ സി)മായി ചേര്‍ന്ന് വികസിപ്പിച്ച “പേ ഹൗ യു ഡ്രൈവ്” (ഫിഡ്) എന്ന ആപ്പ് ഉപയോഗത്തിലൂടെയാണ് സുരക്ഷിത ഡ്രൈവിംഗിനൊപ്പം ഇന്‍ഷ്വറന്‍സ് പണം കൂടി ലാഭിക്കാവുന്ന പദ്ധതി.
ഡ്രൈവിംഗ് രീതി ഈ ആപ്പ് രേഖപ്പെടുത്തും. പൂജ്യം മുതല്‍ നൂറ് വരെ സ്‌കോര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 94 ശതമാനത്തിലധികം ഡ്രൈവിംഗ് സ്‌കോര്‍ ഉയര്‍ന്നാല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ വലിയ ഇളവ് ലഭിക്കും. അതേസമയം, 94 ശതമാനം ലഭിച്ചില്ലെങ്കില്‍ പ്രീമിയം കൂടുകയുമില്ല. ആപ്പ് ഉപയോഗത്തിലൂടെ ഗുണം മാത്രമാണ് ഉള്ളതെന്ന് സാരം. നിലവില്‍ ഐഫോണ്‍, ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയെങ്കിലും വൈകാതെ ആന്‍ഡ്രോയിഡിലും ലഭ്യമാക്കും. www.safedriver.qicinsured.com ല്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായാണ് യഥാര്‍ഥ ഡ്രൈവിംഗ് ശൈലിയുമായി പ്രീമിയം ബന്ധിപ്പിക്കുന്നത്. ഉപയോക്താക്കളില്‍ നിന്ന് ഫലം നേരിട്ടറിഞ്ഞതിന് ശേഷം അടുത്ത ഘട്ടം പദ്ധതികള്‍ തുടങ്ങുമെന്ന് മിന റീട്ടെയില്‍ എക്‌സി. വൈസ് പ്രസിഡന്റ് ഫ്രെഡറിക് ബിസ്‌ജെര്‍ഗ് പറഞ്ഞു. ക്യു ഐ സി ഇന്‍ഷ്വര്‍ഡും ഖത്വര്‍ ഇന്‍ഷ്വറന്‍സ് ഗ്രൂപ്പും റോഡ് സുരക്ഷയെ വലിയ തോതില്‍ പിന്തുണക്കുന്നുണ്ടെന്ന് ക്യു ഐ സി മിന മേഖലാ സി ഇ ഒയും ഡെപ്യൂട്ടി ഗ്രൂപ്പ് പ്രസിഡന്റുമായ സലീം അല്‍ മന്നാഇ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹൗസ് ഈസ് മൈ ഡ്രൈവിംഗ് എന്ന ആപ്പ് ക്യു ഐ സി അവതരിപ്പിച്ചിരുന്നു. സുരക്ഷിത ഡ്രൈവിംഗില്‍ മറ്റ് ഡ്രൈവര്‍മാരുമായി മത്സരിക്കുന്ന സംവിധാനമാണ് ഇത്. ഡിസംബറില്‍ ആപ്പ് അവതരിപ്പിച്ചതിന് ശേഷം ആയിരക്കണക്കിന് പേര്‍ ഉപയോഗിക്കുന്നുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി മൂന്ന് മികച്ച ഡ്രൈവര്‍മാരെ കണ്ടെത്തുന്ന മാസാന്ത മത്സരത്തിനും ക്യു ഐ സി തുടക്കം കുറിച്ചിട്ടുണ്ട്.

Latest