അറബ് മേഖലയില്‍ ഡിജിറ്റല്‍ വികസനത്തില്‍ ദുബൈക്ക് ഉയര്‍ന്ന റാങ്ക്

Posted on: March 31, 2016 3:02 pm | Last updated: March 31, 2016 at 3:02 pm

INTERNETദുബൈ:2018ല്‍ അറബ്‌ലോകത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 22.6 കോടി ആയി വര്‍ധിക്കുമെന്ന് പഠനം. 2015-2016 അറബ് സാമ്പത്തിക വിവര റിപ്പോര്‍ട്ടിന്റേതാണ് ഈ വെളിപ്പെടുത്തല്‍. 2014ല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 37.5 ശതമാനമാണ് വര്‍ധനവുണ്ടായത്. 2018 ആകുമ്പോള്‍ ഇത് 55 ശതമാനമായി ഉയരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത് ലോകത്തെ 360 കോടി ഉപഭോക്താക്കളില്‍ ഏഴ് ശതമാനത്തില്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളും അറബ് ലോകത്താവും.

കഴിഞ്ഞ ദിവസം ദുബൈയില്‍ ഓറിയന്റ് പ്ലാനെറ്റ് റിസര്‍ച്ച് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. റിസര്‍ച്ച് കണ്‍സള്‍ട്ടന്റായ അബ്ദുല്‍ ഖാദര്‍ അല്‍ കാമിലിയുമായി ചേര്‍ന്നാണ് ഓറിയന്റ് പ്ലാനെറ്റ് ഗ്രൂപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അറബ് മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് ശേഖരിച്ചതാണ് വിവരങ്ങള്‍. മേഖലയിലെ ബിസിനസുകാരുടെയും സാമ്പത്തിക വിദഗ്ധരുടെയും അവലോകനവും സമ്പദ് മേഖലയിലെ വിവിധ ഘടകങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വിവരശേഖരണ റിപ്പോര്‍ട്ട് സര്‍ക്കാരുകള്‍ക്ക് വളരെ മൂല്യവത്തായ രീതിയില്‍ ഉപയോഗപ്പെടുത്താനാകും.

അറബ് ലോകത്ത് ഇപ്പോള്‍ ശക്തമായ സാമൂഹിക-രാഷ്ട്രീയ അട്ടിമറികള്‍ നടക്കുന്നുണ്ടെന്നും സാമ്പത്തികാധിഷ്ഠിതമായി പല രാജ്യങ്ങളും കൂടുതല്‍ മത്സരിച്ച് ഉയരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അബ്ദുല്‍ ഖാദര്‍ അല്‍ കാമിലി പറഞ്ഞു. ആഗോള സാമ്പത്തിക മത്സരക്ഷമതാ സൂചിക 2015-2016 പ്രകാരം 130 രാജ്യങ്ങളില്‍ യു എ ഇ 17-ാം സ്ഥാനത്താണ്. അയല്‍രാജ്യമായ ഖത്വര്‍ 14-ാം സ്ഥാനത്തുണ്ട്.

ആഗോളതലത്തില്‍ 114 രാജ്യങ്ങളില്‍ ആദ്യ ആറില്‍ യു എ ഇ സ്ഥാനം പിടിച്ചു. ആഗോളതലത്തില്‍ യു എ ഇ ഡിജിറ്റലായി വികസിച്ചുകൊണ്ടിരിക്കുകയാണ്. അറബ് മേഖലയില്‍ ആഗോള ഡിജിറ്റല്‍ വികസനത്തില്‍ ദുബൈ ഉയര്‍ന്ന റാങ്ക് നേടി. ഡിജിറ്റല്‍ ഭരണ നിര്‍വഹണത്തില്‍ ലണ്ടന്‍, ഓസ്‌ലോ, സ്റ്റോക്ക്‌ഹോം, വിയന്ന തുടങ്ങിയവയോടൊപ്പമാണ് ദുബൈയുടെ സ്ഥാനം. അറബ് തലസ്ഥാനങ്ങളില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തിനാണ് രണ്ടാം സ്ഥാനം. റിയാദ്, കെയ്‌റോ, അമ്മാന്‍, ട്യുണിസ്, കാസാബ്ലാങ്ക, ബാഗ്ദാദ്, കുവൈത്ത്, മനാമ എന്നിവ തൊട്ടുപിന്നിലുണ്ട്.
ന്യൂ ജഴ്‌സിയിലെ റുട്ട്‌ജേര്‍സ് യൂണിവേഴ്‌സിറ്റി 2014 സെപ്തംബറില്‍ പുറത്തുവിട്ട സര്‍വേ പ്രകാരം ഡിജിറ്റല്‍ ഭരണ നിര്‍വഹണത്തില്‍ നൂറ് രാജ്യങ്ങളില്‍ നിന്നുള്ള 100 പ്രധാന നഗരങ്ങളില്‍ ദുബൈ ഒമ്പതാം സ്ഥാനത്തായിരുന്നു. ഇന്റര്‍നെറ്റ് സേവന-വിതരണത്തില്‍ നാലാമതും സ്വകാര്യ-സുരക്ഷയില്‍ അഞ്ചാം സ്ഥാനവും ദുബൈക്കാണ്.

രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിവിവരങ്ങളെക്കുറിച്ചുള്ള സമഗ്രമായ വസ്തുതകളും റിപ്പോര്‍ട്ടില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. സാങ്കേതിക മേഖലയില്‍ നിക്ഷേപ സാധ്യത ഉയര്‍ന്നിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക മേഖലയില്‍ ഒരുപടി മുന്നേറ്റം നടത്താനും അറബ് രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. സഊദി അറേബ്യയില്‍ ഡിജിറ്റല്‍ വികസന രംഗത്ത് ഉയര്‍ച്ച വന്നെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. എണ്ണ നിയന്ത്രണവും അതിനെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന രാജ്യങ്ങളുടെ പരിശ്രമങ്ങളും സമ്പദ് മേഖലയില്‍ ചലനാത്മകമായ മുന്നേറ്റങ്ങള്‍ നടത്താന്‍ അറബ് മേഖലക്കായിട്ടുണ്ട്.

അറബ് മേഖലയില്‍ സാങ്കേതിക സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിന് ഭദ്രമായ സമ്പദ്‌വ്യവസ്ഥകൊണ്ട് സാധിച്ചിട്ടുണ്ട്. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലും മറ്റു ബിസിനസുകളിലും ഇത് സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ജി സി സിയിലെ ആറ് അറബ് രാജ്യങ്ങള്‍ക്കിടയിലെ കണക്ക് പ്രകാരം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ബഹ്‌റൈനാണ് മുന്നേറ്റം നടത്തിയിരിക്കുന്നത്. 74.15 ശതമാനമാണിത്. മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ 194.62 ശതമാനവുമായി കുവൈത്താണ് മുന്നില്‍.

റിപ്പോര്‍ട്ടിലെ വിവരങ്ങളനുസരിച്ച് 2015ലെ അറബ് രാജ്യങ്ങള്‍ക്കിടയിലെ ഇ-പെര്‍ഫോമന്‍സില്‍ യു എ ഇ ആദ്യ റാങ്കിലാണ്. അറബ് മേഖലയില്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ ഷോപ്പുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ മധ്യപൗരസ്ത്യ മേഖലയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗും വര്‍ധിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇ-കൊമേഴ്‌സ് വിപണിയില്‍ ആഗോളനിക്ഷേപം വന്‍തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.