അഞ്ച് സിറ്റിംഗ് എംഎല്‍മാരെ മാറ്റണമെന്ന് വി എം സുധീരന്‍; 40 ഇടത്ത് ധാരണ

Posted on: March 30, 2016 9:10 am | Last updated: March 30, 2016 at 4:30 pm

VM SUDHEERANന്യൂഡല്‍ഹി:ആരോപണവിധേയരും നാലില്‍ കൂടുതല്‍ തവണ മത്സരിച്ചവരുമായ മന്ത്രിമാരുള്‍പ്പെടെ അഞ്ച് സിറ്റിംഗ് എം എല്‍ എമാര്‍ക്ക് പകരക്കാരെ നിര്‍ദേശിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. സിറ്റിംഗ് എം എല്‍ എമാരെ മാറ്റുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡല്‍ഹിയില്‍ നടക്കുന്ന എ ഐ സി സി സ്‌ക്രീനിംഗ് കമ്മിറ്റിയിലാണ് കെ പി സി സി അധ്യക്ഷന്‍ ഈ നിലപാട് സ്വീകരിച്ചത്. മന്ത്രിമാരായ കെ ബാബു, കെ സി ജോസഫ് എന്നിവരുള്‍പ്പെടെയുള്ള അഞ്ച് സീറ്റുകളിലാണ് സുധീരന്‍ തര്‍ക്കമുന്നയിച്ചത്.

കെ ബാബുവിന്റെ തൃപ്പൂണിത്തുറ, കെ സി ജോസഫിന്റെ ഇരിക്കൂര്‍ എന്നിവക്ക് പുറമെ തൃക്കാക്കര, കോന്നി, പാറശ്ശാല സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. അഞ്ചിടത്തും പുതിയ സ്ഥാനാര്‍ഥികളെ വി എം സുധീരന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറയില്‍ കെ ബാബുവിനു പകരം എന്‍ വേണുഗോപാല്‍, തൃക്കാക്കരയില്‍ ബെന്നി ബെഹന്നാനു പകരം പി ടി തോമസ്, കോന്നിയില്‍ അടൂര്‍ പ്രകാശിനു പകരം പി മോഹന്‍രാജ്, ഇരിക്കൂറില്‍ കെ സി ജോസഫിനു പകരം സതീശന്‍ പാച്ചേനിനി എന്നിവരെയാണ് സുധീരന്‍ നിര്‍ദേശിച്ചത്. പാറശ്ശാലയില്‍ എ ടി ജോര്‍ജിന് പകരം മരിയാപുരം ശ്രീകുമാറും നെയ്യാറ്റിന്‍കര സനലുമാണ് പരിഗണനയില്‍. എന്നാല്‍, സിറ്റിംഗ് എം എല്‍ എമാരെ മാറ്റാനാകില്ലെന്ന ഉറച്ച നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റു നേതാക്കളും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ ഡല്‍ഹിയില്‍ പ്രത്യേകം പ്രത്യേകം യോഗം ചേര്‍ന്നിരുന്നു.
പതിവുകാരെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര മാനദണ്ഡം വേണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ നിര്‍ദേശം കേരളത്തിലെ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ തള്ളിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തയ്യാറാക്കാന്‍ വിജയസാധ്യത മാത്രമായിരിക്കും പരിഗണന എന്ന പൊതുമാനദണ്ഡം മതിയെന്ന് ധാരണയായിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ നിലപാടുമായി സുധീരന്‍ രംഗത്തത്തിയത്.
ഇന്നലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സംസ്ഥാന നേതാക്കള്‍ നടത്തിയ സ്‌ക്രീനിംഗ്് കമ്മിറ്റിയില്‍ മുപ്പത്തിയൊന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ നാല്‍പ്പത് സീറ്റുകളില്‍ സാധ്യതാ പട്ടിക തീരുമാനമായിട്ടുണ്ട്.
സാധ്യതാപ്പട്ടിക: ഉമ്മന്‍ ചാണ്ടി (പുതുപ്പള്ളി), രമേശ് ചെന്നിത്തല (ഹരിപ്പാട്), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (കോട്ടയം), കെ സുധാകരന്‍ (ഉദുമ), മമ്പറം ദിവാകരന്‍ (ധര്‍മടം), ഐ സി ബാലകൃഷ്ണന്‍ (ബത്തേരി), കെ സി അബു, ടി സിദ്ദിഖ് (കുന്ദമംഗലം), എ അച്യുതന്‍, സുമേഷ് അച്യുതന്‍ (ചിറ്റൂര്‍), കെ പി ധനപാലന്‍, ടി എന്‍ പ്രതാപന്‍ (കൊടുങ്ങല്ലൂര്‍), എ പി അബ്ദുല്ലക്കുട്ടി, കെ സുരേന്ദ്രന്‍ (കണ്ണൂര്‍), കെ മുരളീധരന്‍ (വട്ടിയൂര്‍ക്കാവ്), എം എ വാഹിദ് (കഴക്കൂട്ടം), സി പി മുഹമ്മദ് (പട്ടാമ്പി), കെ ശിവദാസന്‍ നായര്‍ (ആറന്മുള), ഹൈബി ഈഡന്‍ (എറണാകുളം), വി പി സജീന്ദ്രന്‍ (കുന്നത്തുനാട്), അന്‍വര്‍ സാദത്ത് (ആലുവ), ഷാഫി പറമ്പില്‍ (പാലക്കാട്), വി ടി ബല്‍റാം (തൃത്താല), ജഗദീഷ് (പത്തനാപുരം). തൃശൂരില്‍ പത്മജ വേണുഗോപാലടക്കം മൂന്ന് പേരാണ് പരിഗണനാ പട്ടികയിലുള്ളത്. അതേസമയം, നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദ് മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ ഇവിടുത്തെ സ്ഥാനാര്‍ഥിയെയും ഹൈക്കമാന്‍ഡ് തീരുമാനിക്കും.