Connect with us

National

ബ്രസല്‍സ് ആക്രമണം: ഐ ടി ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

Published

|

Last Updated

ന്യൂഡല്‍ഹി: ഈ മാസം 22ന് നടന്ന ബ്രസല്‍സ് ഭീകരാക്രമണത്തിന് ശേഷം കാണാതായ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ രാഘവേന്ദ്രന്‍ ഗണേശ് (31) ഭീകരാക്രമണത്തില്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. രാഘവേന്ദ്രന്‍ ഭീകരാക്രമണത്തിന് ഇരയായതായി ബെല്‍ജിയം അധികൃതര്‍ തിരിച്ചറിഞ്ഞുവെന്നും ഇക്കാര്യം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മൃതദേഹം ബ്രസല്‍സിലെ ബന്ധുക്കള്‍ക്ക് കൈമാറി. രാഘവേന്ദ്രന്റെ ഇളയ സഹോദരന്‍ ചന്ദ്രശേഖര്‍, മാതാവ് അന്നപൂര്‍ണി, പിതാവ് ഗണേശന്‍ എന്നിവര്‍ ബ്രസല്‍സില്‍ ഉണ്ട്.

രാഘവേന്ദ്രന്‍ അവസാനമായി ഫോണ്‍ വിളിച്ചത് ഭീകരാക്രമണം നടന്ന മെട്രോ സ്റ്റേഷനില്‍ നിന്നാണെന്ന് നേരത്തേ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ പേലീസ് എത്തിച്ചേര്‍ന്നത്. ബെംഗളൂരു സ്വദേശിയാണ് രാഘവേന്ദ്രന്‍. കഴിഞ്ഞ നാല് വര്‍ഷമായി ബ്രസല്‍സിലെ പ്രോക്‌സിമസ് കമ്പനിയില്‍ ഇന്‍ഫോസിസ് പ്രോജക്ടിന്റെ ഭാഗമായി ജോലി ചെയ്യുകയായിരുന്നു. ഭാര്യയും ഒരു മാസമായ കുഞ്ഞുമുണ്ട്.

Latest