തപാല്‍ ഓഫീസുകളില്‍ എ ടി എം: പദ്ധതി അനിശ്ചിതത്വത്തില്‍

Posted on: March 29, 2016 5:03 am | Last updated: March 29, 2016 at 12:04 am

കണ്ണൂര്‍: തപാല്‍ ഓഫീസ് വഴി സേവിംഗ്‌സ് ബേങ്ക് അക്കൗണ്ടുകാര്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിന് സഹായകരമായ തരത്തില്‍ പോസ്റ്റ് ഓഫീസുകള്‍ കോര്‍ ബേങ്കിംഗ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലായി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രധാന പോസ്‌റ്റോഫീസുകളില്‍ എ ടി എം മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി തപാല്‍ വകുപ്പ് പാതിവഴിയില്‍ ഉപേക്ഷിച്ചു.
സംസ്ഥാനത്ത് തപാല്‍ വകുപ്പില്‍ ജീവനക്കാരുടെ അഭാവമാണ് ആധുനിക വത്കരണം നടപ്പാക്കുന്നതിന് പ്രധാന തടസ്സമായത്. നിലവില്‍ 60 ശതമാനം ജീവനക്കാര്‍ മാത്രമേ കേരളത്തിലെ തപാല്‍ ഓഫീസുകളിലുള്ളൂവെന്നാണ് കണക്ക്. അതായത് 10 പേര്‍ വേണ്ടിടത്ത് ആരു പേരുടെ സേവനം മാത്രമേ ലഭിക്കുകയുളൂവെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. കോടികള്‍ മുടക്കി ആധുനികവത്കരണം നടപ്പാക്കുമ്പോഴും ചെലവു ചുരുക്കലെന്ന പേരിലാണ് തപാല്‍ വകുപ്പിലെ ആയിരക്കണക്കിന് ഒഴിവുകള്‍ നേരത്തെ തന്നെ നിര്‍ത്തലാക്കിയത്. 2005 മുതല്‍ 2008 വരെയുള്ള കാലയളവിലെ 17,093 ഒഴിവുകളിലേക്കുള്ള നിയമനം വേണ്ടെന്ന ഉത്തരവ് താത്കാലികമായി നീക്കിയെങ്കിലും ഇത് കാര്യക്ഷമമായി നടപ്പായിട്ടില്ലെന്നാണ് ഈ മേഖലയിലെ യൂനിയനുകളുടെ പരാതി.
കമ്പ്യൂട്ടര്‍ വത്കരണമടക്കം ഐ ടി വികസനത്തിനായി 4,909 കോടിയാണ് പോസ്റ്റല്‍ വകുപ്പ് മുതല്‍ മുടക്കുന്നത്. അതിനിടെ ബി എസ് എന്‍ എല്ലിനെ ഒഴിവാക്കി ബേങ്കിംഗ് മേഖലയും മറ്റും കൈയ്യൊഴിഞ്ഞ ഒരു സ്വകാര്യ കമ്പനിയുടെ നെറ്റ് സേവനം ഉപയോഗിക്കുന്നത് കാര്യക്ഷമമല്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ പോസ്‌റ്റോഫീസ് സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് ഇടപാടുകള്‍ക്ക് മാത്രമാണ് എ ടി എം ഉപയോഗിക്കാനാകുന്നതെങ്കിലും ക്രമേണ ഇവയിലൂടെ മറ്റു ബേങ്കുകളുടെ പണമിടപാട് നടത്താനും സൗകര്യമൊരുക്കുന്ന രീതിയിലായിരുന്നു പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. കൊട്ടാരക്കര, നെയ്യാറ്റിന്‍കര ഹെഡ് പോസ്‌റ്റോഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കോര്‍ ബേങ്കിംഗ് സംവിധാനം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറ്റിടങ്ങളിലേക്ക് ഉടന്‍ വ്യാപിക്കണമെന്ന് നിര്‍ദേശമുണ്ടായെങ്കിലും നടപ്പായില്ല.
കോര്‍ബേങ്കിംഗ് സൗകര്യം വരുന്നതോടെ പോസ്‌റ്റോഫീസ് സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് അവര്‍ക്ക് അക്കൗണ്ട് ഉള്ളതും ഇല്ലാത്തതുമായ ഏത് പോസ്‌റ്റോഫീസിലൂടെയും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ക്രമേണ എ ടി എമ്മുകളിലൂടെയും മൊബൈല്‍, ഇന്റര്‍നെറ്റ് ബേങ്കിംഗുകളിലൂടെയും ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താനാകും.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 51 ഹെഡ്‌പോസ്‌റ്റോഫീസുകളെയാണ് കോര്‍ ബേങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിച്ചത്. 112 സബ് പോസ്‌റ്റോഫീസുകള്‍ രണ്ടാം ഘട്ടത്തിന്റെ ആരംഭത്തിലും ലക്ഷദ്വീപ് ഉള്‍െപ്പടെ ബാക്കിയുള്ള 1345 സബ് പോസ്‌റ്റോഫീസുകള്‍ രണ്ടാംഘട്ടത്തിന്റെ അവസാനത്തിലും കോര്‍ ബേങ്കിംഗ് സംവിധാനത്തിലേക്ക് മാറ്റുമെന്ന് ലക്ഷ്യമിട്ടിരുന്നു.
രാജ്യത്താകമാനമായി 4909 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അതേസമയം ബെംഗബൂരു, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ എ ടി എം സംവിധാനം നിലവില്‍ വന്നുകഴിഞ്ഞു.