മുങ്ങിയ കപ്പലില്‍ നിന്ന് ആറു പേരെ രക്ഷിച്ചു

Posted on: March 28, 2016 2:21 pm | Last updated: March 28, 2016 at 2:21 pm
SHARE

shipഷാര്‍ജ: മുങ്ങിയ കപ്പലില്‍ നിന്നു ഷാര്‍ജ പോലീസ് ആറു പേരെ രക്ഷിച്ചു. ഷാര്‍ജ തീരത്തോട് ചേര്‍ന്ന കടലില്‍ അപകടത്തില്‍പെട്ട കപ്പലില്‍ നിന്നാണ് ആളുകളെ രക്ഷിച്ചതെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കി. ഏഴു പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളെ കണ്ടെത്താനായിട്ടില്ല. ക്യാപ്റ്റന്‍ ഉള്‍പെടെയുള്ളവര്‍ ഷാര്‍ജയില്‍ ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരികയാണ്. അഞ്ച് ഇന്ത്യക്കാരും രണ്ട് ഇറാന്‍കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരില്‍ ഒരു ഇന്ത്യക്കാരനെയാണ് കാണാതായിരിക്കുന്നത്. ഷാര്‍ജ പോലീസും തീരസംരക്ഷണ വിഭാഗവും സംയുക്തമായാണ് കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ഇറാന്‍ സ്വദേശിയും 39 കാരനുമായ ക്യാപ്റ്റന്റെ പരുക്ക് ഗുരുതരമാണ്. ഇയാളെ കുവൈത്തി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഖാലിദ് തുറമുഖത്ത് അടുക്കാന്‍ കപ്പല്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു വ്യാഴാഴ്ച അപകടം സംഭവിച്ചത്. മോശം കാലാവസ്ഥയാണ് കപ്പല്‍ മുങ്ങാന്‍ ഇടയാക്കിയത്. കൂറ്റന്‍ തിരമാലകള്‍ കപ്പലിലേക്ക് അടിച്ചുകയറുകയായിരുന്നു. അപകട വിവരം അറിഞ്ഞ ഉടന്‍ പോലീസും തീരസംരക്ഷണ വിഭാഗവും സംഭവ സ്ഥലത്ത് എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കപ്പലിനെ കെട്ടിവലിച്ച് കരയോടു ചേര്‍ന്ന ഭാഗത്തേക്ക് എത്തിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here