Connect with us

Kozhikode

ഫറോക്ക് പാലത്തെ കണ്ടിട്ടും കാണാതെ അധികൃതര്‍

Published

|

Last Updated

ഫറോക്ക്: അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം ഒരു സര്‍ക്കാര്‍ കൂടി പടിയിറങ്ങുമ്പോഴും ചോദ്യചിഹ്നമായി നിലനില്‍ക്കുകയാണ് ഫറോക്ക് പഴയപാലം. പഞ്ചായത്തില്‍ നിന്ന് നഗരസഭയായി ഉയര്‍ന്നിട്ടും വികസനത്തിന്റെ നാഴികക്കല്ലായ ഫറോക്ക് പഴയ പാലത്തില്‍ ഇപ്പോഴും ഒരു മാറ്റവും ഇല്ലാതെ അതേപടി കിടക്കുകയാണ്.
ചെറുകിട വ്യവസായത്തിനും ഓട് വ്യവസായത്തിനും ടൂറിസത്തിനും പേരുകേട്ട ചരിത്ര പ്രസിദ്ധമായ പാലം ഫറോക്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്. പ്രദേശത്തുകാരുടെ പ്രതിസന്ധിയായി, ഈ പാലത്തിലെ കാലങ്ങളായുള്ള നിലനില്‍ക്കുന്ന ഗതാകതക്കുരുക്കിന് പരിഹാരം കാണാന്‍ ഇതുവരെ മാറി മാറി വന്ന ഒരു ഭരണാധികാരികള്‍ക്കും സാധിച്ചിട്ടില്ല. പ്രദേശത്തുകാര്‍ക്ക് വര്‍ഷങ്ങളായി തലവേദനയായി മാറിയ ഫറോക്ക് പഴയ പാലത്തിലെ ഗതാഗത സ്തംഭനത്തിന് നാളിതുവരെ പരിഹാരമാകാതെ കിടക്കുകയാണ്. രണ്ട് വലിയ വാഹനങ്ങള്‍ ഒരേ സമയം കടന്നു പോകാന്‍ ഈ പാലത്തില്‍ സൗകര്യമില്ലാത്തത് മനസിലാക്കാതെ ഒരേ സമയം പാലത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളാണ് ഗതാകതക്കുരുക്കിന് കാരണവുന്നത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും ഗതാകതക്കുരുക്കിന് കാരണമാകാറുണ്ട്.
കുരുക്ക് പരിഹരിക്കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലത്തിന്റെ ഇരുഭാഗത്തും സ്ഥാപിച്ച സിഗ്‌നല്‍ ലൈറ്റുകള്‍ ഇന്ന് നോക്കുകുത്തികളാണ്. കുരുക്കിന് പരിഹാരം കാണാന്‍ നിരവതി പദ്ധതികള്‍ ഇതിനകം ആവിഷ്‌കരിച്ചിരുന്നെങ്കിലും ഇതൊന്നും നടപ്പിലാക്കാന്‍ സാധിച്ചില്ല. ദിവസവും നിരവധി വാഹനങ്ങളാണ് പൊരിവെയിലത്ത് കുരുക്കില്‍പ്പെട്ട് പ്രയാസപ്പെടുന്നത്.
ചാലിയം, കടലുണ്ടി, മണ്ണൂര്‍, കോട്ടക്കടവ് മേഖലകളിലെയും കൊച്ചിയില്‍ നിന്നും ചമ്രവട്ടം വഴി കോഴിക്കോട് ലക്ഷ്യമാക്കി വരുന്ന വാഹനങ്ങളും ഈ പാലത്തെയാണ് ആശ്രയിക്കുന്നത്. ഭാരവും ഉയരവും കൂടുതലുള്ള വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കരുതെന്ന ഇരുവശത്തുമുള്ള ബോര്‍ഡ് ശ്രദ്ധയില്‍ പെടാതെ വലിയ കണ്ടെയ്‌നര്‍ ലോറികള്‍ പാലത്തില്‍ കുടുങ്ങുന്നതും മുകള്‍ ഭാഗങ്ങളില്‍ ഇടിച്ച് പാലത്തിന്റെ പ്രധാന ബീമുകള്‍ തകരുന്നതും പതിവാണ്.
പാലത്തിലും പരിസരങ്ങളിലും മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നത് പതിവായിട്ടുണ്ട്. ഗതാകത കുരുക്കിലകപ്പെട്ട് പാലം കടന്നു കിട്ടാന്‍ കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് പാലത്തിലെ അസഹ്യമായ ദുര്‍ഗന്ധവും സഹിക്കേണ്ട സ്ഥിതിയാണുള്ളത്. ഫറോക്ക്-കടലുണ്ടി മേഖലകളിലെ പ്രധാന പാലമായ ഇവിടെത്തെ ഗതാകത പ്രശ്‌നനങ്ങള്‍ കണ്ടിട്ടും കാണാതെ പോകുന്ന അധികാരികള്‍ പ്രദേശത്തിന്റെ വികസനത്തിന് ഏല്‍പ്പിക്കുന്ന പോറലുകള്‍ ചെറുതല്ല.