ജയിക്കാനുറച്ച് ലീഗ്, പച്ചക്കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇടത്

Posted on: March 28, 2016 9:19 am | Last updated: March 28, 2016 at 9:19 am

SAMADANIകോട്ടക്കല്‍: ചരിത്രത്തിലേക്ക് വഴി മാറിയ കുറ്റിപ്പുറത്തിന്റെ ഭാഗമാണ് കോട്ടക്കല്‍ മണ്ഡലം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പിറവിയെടുത്ത കോട്ടക്കലിന് പറയാനുള്ളത് നിളാ തീരത്തിന്റെ പോര്‍ക്കള ചരിത്രം തന്നെയാണ്. എതിരാളികള്‍ ആരായാലും വിയര്‍പ്പറിയിക്കാതെ വിജയത്തിന്റെ കോണികയറ്റിവിടുന്ന ലീഗ് കോട്ട. പക്ഷേ, മണ്ഡലം ചരിത്രമായപ്പോള്‍ സാക്ഷാല്‍ മുസ്‌ലിം ലീഗിന്റെ പോലും ചങ്ക് പിടപ്പിച്ച മണ്ഡലം. കൊരമ്പയില്‍ അഹമ്മദ് ഹാജിക്ക് മുപ്പതിനായിരത്തിന്റെ ഭൂരിപക്ഷം കൈവെള്ളയില്‍ വെച്ചു കൊടുത്ത നാട് പക്ഷേ ലീഗിന്റെ ‘പുലിക്കുട്ടി’ കുഞ്ഞാലിക്കുട്ടിയെ മലര്‍ത്തി വീഴ്ത്തി.
കെ ടി ജലീല്‍ എന്ന കേസരിയിലൂടെയായിരുന്നു ഇത്. ചരിത്രത്തില്‍ നിന്നും പാഠമുള്‍കൊണ്ട ലീഗ് കന്നിമണ്ഡലം തങ്ങളുടെത് തന്നെയാക്കി മാറ്റി. എം പി അബ്ദുസമദ് സമദാനിയെ രംഗത്തിറക്കിയാണ് ഇതിന് കളമൊരുക്കിയത്. എതിരാളി ദുര്‍ബലനായതാണ് കോട്ടക്കലിനെ ലീഗ് പിടിയിലാക്കാന്‍ കാരണമെന്ന് ചിലരെങ്കിലും സമാശ്വാസിച്ചു. ഇതിനിടയിലും ഇനി ഒരു കാലത്തും എതിരാളികളെ കോട്ടയുടെ നാലയലത്ത് പോലും നിര്‍ത്തില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ്. എടയൂര്‍, ഇരിമ്പിളിയം, വളാഞ്ചേരി, മാറാക്കര, കുറ്റിപ്പുറം, പൊന്‍മള, കോട്ടക്കല്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം. രണ്ട് നഗരസഭകളും അഞ്ച് ഗ്രാമ പഞ്ചായത്തുകളുമാണ് ഇവയില്‍. കോട്ടക്കല്‍, വളാഞ്ചേരി നഗരസഭകളും കുറ്റിപ്പുറം പഞ്ചായത്തുമാണ് യു ഡി എഫ് നേരിട്ട് ഭരിക്കുന്നത്.
ഇരിമ്പിളിയത്ത് ജനതാദളിന്റെ പിന്തുണയോടെയാണ് ഭരണം. ഒരു സ്വാതന്ത്ര അംഗത്തിന്റെ ബലത്തിലാണ് പൊന്‍മള പഞ്ചായത്ത് ഭരണം യു ഡി എഫ് നയിക്കുന്നത്. മാറാക്കരയില്‍ ലീഗ് വിരുദ്ധ സമ്പാര്‍ മുന്നണിക്കാണ് അധികാരം. എടയൂര്‍ ഇടതിന്റെ കൈയിലാണ്. അധികമായി ഒന്നും എടുത്ത് കാണിക്കാനില്ലെങ്കിലും കഴിഞ്ഞ തവണത്തെ ഭരണം തന്നെയാണ് ലീഗിന് പറയാനുള്ളത്. എങ്കിലും അല്‍പ്പം മനഃസാക്ഷികുത്തില്ലാതെ വോട്ടര്‍മാരെ സമീപിക്കാന്‍ ആകില്ലെന്ന് ലീഗുകാര്‍ തന്നെ പറയും. കാരണം മണ്ഡല പ്രതിനിധി അത്ര ജനകീയനല്ലെന്ന ലീഗിലെ ഒരു വിഭാഗത്തിന്റെ വിശ്വാസം തന്നെ.
എല്ലാ മണ്ഡലങ്ങളിലും ലീഗ് അതത് പ്രതിനിധികള്‍ക്ക് തന്നെ അവസരം നല്‍കിയപ്പോള്‍ കോട്ടക്കല്‍ അതില്‍ നിന്നൊഴിവാക്കിയത് ഇതിനെ ബലപ്പെടുത്തുന്നുമുണ്ട്. കുറ്റിപ്പുറത്ത് കെ ടി ജലീല്‍ ഉയര്‍ത്തി വിട്ട വികസന വിപ്ലവമാണ് പുതുതായി പിറന്ന കോട്ടക്കലില്‍ ആളുകള്‍ സ്വപ്നം കണ്ടിരുന്നത്. പക്ഷേ ഇത്രത്തോളമായില്ലെങ്കിലും ഇതിന് അടുത്ത് പോലും എത്താനായില്ലെന്നതാണ് മണ്ഡലത്തിലെ ജനങ്ങളുടെ വിശ്വാസം. 450 കോടിയുടെ സമഗ്ര വികസനം മണ്ഡലത്തില്‍ നടത്തി എന്ന് മണ്ഡലം എം എല്‍ എ അവകാശപ്പെടുന്നു. കോട്ടക്കല്‍ റൂറല്‍ ട്രഷറി, കാടാമ്പുഴ പോലീസ് സ്റ്റേഷന്‍, വളാഞ്ചേരി കുടിവെള്ള പദ്ധതി, കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് റോഡ് നിര്‍മാണം, കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായ നിറവ് പദ്ധതി, കോട്ടക്കല്‍ ഐറിഷ് മോഡല്‍ ഡ്രൈനേജ്, മാറാക്കരയില്‍ ജില്ലാ മോഡല്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍, ഇരിമ്പിളിയത്തും കോട്ടക്കലിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ തുടങ്ങിയവയാണ് വികസനമായി എടുത്ത് കാണിക്കുന്നത്.
പക്ഷേ ഇതെത്രത്തോളം വോട്ടാക്കാനാവുമെന്നതിന് ലീഗിനിടയില്‍ പോലും ഉറപ്പില്ല. അതെ സമയം ശക്തമായ പ്രതീക്ഷയാണ് മണ്ഡലത്തില്‍ എല്‍ ഡി എഫിന്. എം എല്‍ എയെ സംബന്ധിച്ച ലീഗിനിടയിലെ തന്നെ എതിരഭിപ്രായത്തിലാണ് ഇവരുടെ കണ്ണ്. ഇടഞ്ഞ് നില്‍ക്കുന്ന ലീഗണികളും നേതാക്കളും ഇവരുടെ പ്രതീക്ഷക്ക് ശക്തി പകരുന്നുണ്ട്. ഇതിന് പുറമെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാമുണ്ടായ വോട്ടുകളുടെ വര്‍ധനയും ഇടതിന് ആത്മവിശ്വാസം പകരുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 36000 വോട്ടിന്റെ കുറവാണ് ഇടതിനുണ്ടായത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് പതിനൊന്നായിരമായി കുറഞ്ഞു. പിന്നീട് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ ഇത് ആറായിരത്തിലെത്തി. പഞ്ചായത്ത് ഭരണത്തില്‍ എല്ലായിടത്തും അംഗങ്ങളെ കൂട്ടാനുമായി. ഇതൊക്കെ വികസന മുരടിപ്പിന്റെ പ്രതിഷേധമായി ഇടതുപക്ഷം കാണുന്നു. മുന്നണിക്കകത്തെ പിണക്കവും തങ്ങള്‍ക്കനുകൂലമായി മാറുമെന്നും ഇവര്‍ വിശ്വസിക്കുന്നു. യു ഡി എഫ് സംവിധാനം താളം തെറ്റിയതാണ് മാറാക്കരയില്‍ കാണുന്നത്. പിണങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിനെ ഒരു വിധം വലയിലാക്കിയിയിട്ടുണ്ടെന്ന ആത്മ വിശ്വാസത്തിലാണ് ഇപ്പോള്‍ മുന്നണി. ത്രിതല പഞ്ചായത്തുകളില്‍ എല്‍ ഡി എഫിന്റെ ഇപ്പോഴത്തെ അംഗബലം ഇങ്ങനെ: കുറ്റിപ്പുറം -എട്ട്, ഇരിമ്പിളിയം- ഏഴ്, എടയൂര്‍- ഒമ്പത്, വളാഞ്ചേരി -12, കോട്ടക്കല്‍ -പത്ത്, പൊന്‍മള- ഒമ്പത്. മാറാക്കരയില്‍ ഔദ്യോഗികമല്ലെങ്കിലും ഇടത് ഉള്‍പ്പെട്ട സംഖ്യമാണ് ഭരിക്കുന്നത്. കുറ്റിപ്പുറം മണ്ഡലത്തില്‍ കെ ടി ജലീല്‍ തുടങ്ങിവെച്ച വികസനമാണ് ഇടത് പക്ഷം വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുക. ഇത് വെച്ച് കോട്ടക്കലില്‍ കുറ്റിപ്പുറം ആവര്‍ത്തിക്കാനാനുള്ള പുറപ്പാടിലാണ് ഇടത്. എന്‍ സി പി സീറ്റായ ഇവിടെ വ്യവസായ പ്രമുഖന്‍ എന്‍ എ മുഹമ്മദ് കുട്ടി മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്ഥാനാര്‍ഥി ആരായാലും ഇക്കുറി കോട്ട വിറപ്പിക്കാനുള്ള പടപ്പുറപ്പാടിലാണ് ഇടതുപക്ഷം. ഇതിനെയെല്ലാം വെല്ലുവിളിച്ച് ഈ പച്ചക്കോട്ടക്ക് മുകളില്‍ ചെങ്കൊടി പറപ്പിക്കാനനുവദിക്കില്ലെന്ന നെഞ്ചുറപ്പോടെയാണ് മുസ്‌ലിം ലീഗ്. വി ഉണ്ണികൃഷ്ണനാണ് ബി ജെ പി സ്ഥാനാര്‍ഥി.