വേങ്ങരയില്‍ ഇടതു സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

Posted on: March 28, 2016 9:15 am | Last updated: March 28, 2016 at 9:15 am

വേങ്ങര: മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നവരുടെ ചിത്രം തെളിയുന്നു. ഇടതു സ്ഥാനാര്‍ഥി ഒഴികെയുള്ളവരുടെ ചിത്രം വ്യക്തമായി. യു ഡി എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് എം എല്‍ എ. പി കെ കുഞ്ഞാലിക്കുട്ടിയെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ഐ എന്‍ എല്ലിനാണ് ഈ സീറ്റ് നല്‍കിയിരുന്നത്. ഇത്തവണ ഈ സീറ്റ് വേണ്ടെന്ന് ഐ എന്‍ എല്‍ നേരത്തെ അറിയിച്ചിരുന്നു. സി പി എമ്മുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് വേങ്ങരയില്‍ സി പി എം മത്സരിക്കാന്‍ ധാരണയിലെത്തിയത്. വേങ്ങരക്ക് പകരം വള്ളിക്കുന്ന് മണ്ഡലമാണ് സി പി എം ഐ എന്‍ എല്ലിന് മാറ്റം നല്‍കിയത്.
സി പി എം സ്ഥാനാര്‍ഥിയായി പറപ്പൂരില്‍ നിന്നുള്ള എം മുഹമ്മദ് മാസ്റ്റര്‍, എ ആര്‍ നഗറില്‍ നിന്നുള്ള അഡ്വ. പി പി ബശീര്‍, വേങ്ങരയില്‍ നിന്നുള്ള കെ ടി അലവികുട്ടി എന്നിവരുടെ പേരുകളാണ് പരിഗണയിലുള്ളത്. വള്ളിക്കുന്നില്‍ പരിഗണിച്ചിരുന്ന ഡി വൈ എഫ് ഐ നേതാവ് ലിജിയെ മണ്ഡലം മാറിയ സാഹചര്യത്തില്‍ പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെയുണ്ടാവും. ബി ജെ പി സ്ഥാനാര്‍ഥിയായി ന്യൂനപക്ഷ മോര്‍ച്ച നേതാവ് ആലി ഹാജിയും വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എസ് ഡി പി ഐ, പി ഡി പി, പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം 31ന് ഉണ്ടാവും.