Connect with us

Kerala

ഇവര്‍ക്ക് തിരഞ്ഞെടുപ്പ് ചൂടില്ല; തലക്ക് മുകളില്‍ വേനല്‍ ചൂട് മാത്രം

Published

|

Last Updated

പയ്യന്നൂര്‍: കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുമ്പോള്‍ ബംഗാളില്‍ നിന്ന് ജോലി തേടി എത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ തിരഞ്ഞെടുപ്പിന്റെ ചൂട് ഒട്ടും ഏശുന്നില്ല. പകരം പൊരിവെയിലില്‍ തൊഴിലെടുക്കുമ്പോള്‍ തലക്ക് മുകളില്‍ കത്തിയെരിയുന്ന സൂര്യന്റെ ചൂട് മാത്രം. ജന്മം തന്ന മണ്ണിലും അന്നം തരുന്ന മണ്ണിലും ഒരുപോലെ തിരഞ്ഞെടുപ്പ് രംഗം തിളച്ചു മറിയുമ്പോള്‍ ഇവിടെ പൊരിവെയിലില്‍ ചോര നീരാക്കുന്ന ബംഗാളിക്ക് പറയാനുള്ളത് വിശപ്പിന്റെ രാഷ്ട്രീയം മാത്രമാണ്.
കേരളത്തില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്ന നഗര പ്രദേശങ്ങളില്‍ മാത്രമല്ല ഭൂരിഭാഗം ഗ്രാമ പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം നാള്‍ക്കുനാള്‍ കൂടി വരികയാണ്. ഇവര്‍ക്ക് പറയുവാനുള്ളത് മുടങ്ങാതെ കിട്ടുന്ന പണിയെ കുറിച്ചും അതുവഴി നാട്ടിലുള്ള കുടുംബത്തിന് അയച്ചു കൊടുക്കുന്ന പണത്തേയും കുറിച്ച് മാത്രം.
തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഇവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് തിരഞ്ഞെടുപ്പിന് നാട്ടില്‍ പോയി വോട്ടു ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചത്.
ഏഴിമല നാവിക അക്കാദമിയില്‍ നിര്‍മ്മാണ ജോലികള്‍ക്കായി എത്തിയ നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ അക്കാദമിക്കകത്തും പുറത്തുമായി കൂട്ടത്തോടെ താമസിക്കുന്നുണ്ട്. ഇവരില്‍ ഏറെയും ബംഗാളികള്‍ ആണ്. കരാറുകാരന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജോലി ചെയ്യുക എന്ന ചിന്തക്കപ്പുറം രാഷ്ട്രീയ വേര്‍തിരിവോ ചര്‍ച്ചയോ ഇവര്‍ക്കിടയില്‍ കടന്നു വരുന്നില്ല. അക്കാദമിയില്‍ ജോലി ചെയ്യുന്ന അസാം സ്വദേശികളുടെ സ്ഥിതിയും മറിച്ചല്ല.
എവിടെയും ആര് ഭരിച്ചാലും സാധാരണക്കാരന്റെ പ്രശനങ്ങള്‍ക്ക് മാത്രം പരിഹാരം ഉണ്ടാകില്ലെന്ന തിരിച്ചറിവില്‍ ഒരു ജോലി സ്ഥലത്ത് നിന്നുംമറ്റൊരിടത്തേക്ക് നീങ്ങുന്ന ഇവര്‍ക്ക് കഷ്ടപ്പെട്ടാലും മാന്യമായ വേതനം ലഭിക്കണമെന്ന ആഗ്രഹം മാത്രം.

Latest