മികച്ച പ്രകടനം കാഴ്ചവെക്കും: ശ്രീശാന്ത്

Posted on: March 28, 2016 4:26 am | Last updated: March 27, 2016 at 11:27 pm

Sreesanth discharged in IPL scamതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി എസ് ശ്രീശാന്ത്. യുവാക്കളുടെ പിന്തുണ പ്രതീക്ഷ നല്‍കുന്നതാണ്. പാര്‍ട്ടിയുടെ മികച്ച പിന്തുണയുണ്ട്. മികച്ച തുടക്കം ലഭിക്കുമെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തിയ ശ്രീശാന്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
രാവിലെ ഒമ്പത് മണിയോടെയാണ് ശ്രീശാന്ത് തിരുവനന്തപുരത്തെത്തിയത്. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ലോഗോ പ്രകാശനത്തില്‍ പങ്കെടുത്ത ശ്രീശാന്ത് മുതിര്‍ന്ന ബി ജെ പി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടു. മൂന്നാം തീയതി മുതല്‍ തലസ്ഥാനത്ത് പ്രചാരണ പരിപാടികളില്‍ ശക്തമാകുമെന്ന് പറഞ്ഞ ശ്രീശാന്ത് തനിക്ക് തലസ്ഥാന നഗരവുമായുള്ള ബന്ധത്തെക്കുറിച്ചും വിശദീകരിച്ചു.
ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും പദ്മനാഭ സ്വാമി ക്ഷേത്രത്തിലും വെട്ടുകാട് പള്ളിയിലും പോയി പ്രാര്‍ത്ഥിച്ചശേഷമാണ് ശ്രീശാന്ത് മടങ്ങിയത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തില്‍നിന്നാണ് ജനവിധി തേടുന്നത്. തിരുവനന്തപുരത്ത് സുരേഷ് ഗോപി ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ശ്രീശാന്തിനെ മത്സരിപ്പിക്കാന്‍ ബി ജെ പി തയാറായത്.