എല്ലാം ഒരു കരുതലാണ്

ഏക്കര്‍ കണക്കിന് ഭൂമി പോബ്‌സിനെപ്പോലുള്ള വന്‍കിടക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കും മനസ്താപമുണ്ടാകേണ്ട കാര്യമുണ്ടോ? അതങ്ങനെ കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കാനുള്ള സാഹചര്യം നമ്മുടെ രാഷ്ട്രീയ നേതൃത്വം, വലതിടത് ഭേദങ്ങളില്ലാതെ സൃഷ്ടിച്ചിട്ടുണ്ടോ? അങ്ങനെ സൃഷ്ടിക്കാതിരിക്കെ ഇതൊക്കെ കൈമാറി വികസനം സാധ്യമാക്കുക എന്നതല്ലാതെ മറ്റെന്താണ് ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടത്? ദലാല്‍ സ്ട്രീറ്റിലെ ദല്ലാളന്‍മാരെ വെല്ലുന്ന കൈയടക്കത്തോടെ ഭൂമി കൈമാറ്റം കലയാക്കി മാറ്റിയ മലയാളികളുടെ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോ?
Posted on: March 28, 2016 5:20 am | Last updated: March 27, 2016 at 9:26 pm

oommen chandiമെത്രാന്‍ കായല്‍ മുതല്‍ കരുണ എസ്റ്റേറ്റ് വരെ അറിഞ്ഞതും അറിയാത്തതുമായ നിരവധി ഭൂമി കൈമാറ്റ ഉത്തരവുകള്‍ കാലാവധി അവസാനിക്കാറായ നേരത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പുറത്തിറക്കുകയും വി എം സുധീരന്റെയും മറ്റ് ആദര്‍ശ ക്ലോണുകളുടെയും എതിര്‍പ്പ് മൂലം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. അറിഞ്ഞവ മാത്രമേ റദ്ദാക്കിയിട്ടുള്ളൂവെന്നും പുറത്തറിയാത്ത ചിലത് കൂടി റദ്ദാക്കാനുണ്ട് എന്നും വി എം സുധീരന്‍ പറയുന്നു. റദ്ദാക്കിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ തീരുമോ എന്ന ശങ്ക ടി എന്‍ പ്രാതപനെപ്പോലുള്ളവര്‍ ഉന്നയിക്കുന്നു. റവന്യൂ വകുപ്പ് മാത്രം വിചാരിച്ചാല്‍ നടക്കുന്ന സംഗതികളല്ല ഇതൊക്കെ എന്നും ആകയാല്‍ വിവിധ വകുപ്പുകള്‍ക്ക് പങ്കാളിത്തമുള്ള അഴിമതിയുടെ ഉത്പന്നമാണ് ഇത്തരം ഉത്തരവുകള്‍ എന്ന് അവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഉത്തരവുകള്‍ ഇറക്കിയിരിക്കുന്നത് എന്നും അതിലൊന്നും തെറ്റുകളില്ലെന്നും എതിര്‍പ്പുകളുയര്‍ന്ന സാഹചര്യത്തില്‍ പിന്‍വലിച്ച് തര്‍ക്കങ്ങള്‍ ഒഴിവാക്കുകയാണെന്നുമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അദ്ദേഹത്തിന്റെ സ്വതസൃഷ്ടമായ വിക്കോടുകൂടി പറയുന്നത്.
ഏക്കര്‍ കണക്കിന് ഭൂമി പോബ്‌സിനെപ്പോലുള്ള വന്‍കിടക്കാര്‍ക്ക് കൈമാറ്റം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കും മനസ്താപമുണ്ടാകേണ്ട കാര്യമുണ്ടോ? അതങ്ങനെ കൈമാറ്റം ചെയ്യുന്നത് ഒഴിവാക്കാനുള്ള സാഹചര്യം നമ്മുടെ രാഷ്ട്രീയ നേതൃത്വം, വലതിടത് ഭേദങ്ങളില്ലാതെ, സൃഷ്ടിച്ചിട്ടുണ്ടോ? അങ്ങനെ സൃഷ്ടിക്കാതിരിക്കെ ഇതൊക്കെ കൈമാറി വികസനം സാധ്യമാക്കുക എന്നതല്ലാതെ മറ്റെന്താണ് ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടത്? ദലാല്‍ സ്ട്രീറ്റിലെ ദല്ലാളന്‍മാരെ വെല്ലുന്ന കൈയടക്കത്തോടെ ഭൂമി കൈമാറ്റം കലയാക്കി മാറ്റിയ മലയാളികളുടെ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കേണ്ടതുണ്ടോ?
നെല്ലിയാമ്പതിയില്‍ പോബ്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കരുണ എസ്റ്റേറ്റിന്റെ കാര്യമെടുക്കാം. എസ്റ്റേറ്റുകാര്‍ വനഭൂമി കൈയേറുന്നുവെന്ന പരാതിയന്വേഷിക്കാന്‍ നിയമസഭാ സമിതി രണ്ട് പതിറ്റാണ്ട് മുമ്പ് നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. അന്ന് എം എല്‍ എയായിരുന്ന വി സി കബീറിനൊപ്പം ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമുണ്ടായിരുന്നു സംഘത്തില്‍. എം എല്‍ എമാരുടെ സംഘം എസ്റ്റേറ്റിലേക്ക് കടക്കുന്നത് പോബ്‌സണ്‍ ഗ്രൂപ്പ് തടഞ്ഞു. ഇത് ചോദ്യം ചെയ്ത വി സി കബീറിനെ കൈയേറ്റം ചെയ്തു. സംഗതി വലിയ വാര്‍ത്തയായി. നിയമസഭാംഗങ്ങളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് അന്വേഷിക്കാന്‍ നിയമസഭ പുതിയ കമ്മിറ്റിയെ നിയോഗിച്ചു. ടി കെ ഹംസയായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍ എന്നാണ് ഓര്‍മ. വനഭൂമി കൈയേറ്റം അന്വേഷിക്കാനെത്തിയ നിയമസഭാ സമിതിയെ തടയുകയും അംഗത്തെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിലുണ്ടായ തുടര്‍ നടപടി ഈ അന്വേഷണക്കമ്മിറ്റിയില്‍ അവസാനിച്ചു. എല്ലാം ഒത്തുതീര്‍പ്പാക്കി ഇടതു – വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ പോബ്‌സ് ഗ്രൂപ്പിന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ച് മടങ്ങി.
വനഭൂമി കൈയേറിയെന്ന പരാതി പരിശോധിക്കാന്‍ പോബ്‌സിന്റെ ഭൂമിയിലേക്ക് കടക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല എന്ന് അന്നേ ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നു. കടക്കുന്നത് അവര്‍ തടഞ്ഞാല്‍ കലഹിക്കാന്‍ നില്‍ക്കാതെ മടങ്ങേണ്ടതായിരുന്നുവെന്നതും തിട്ടമായിരുന്നു. കലഹിക്കാന്‍ ചെന്ന്, കൈയേറ്റത്തിന് അവസരമുണ്ടാക്കി, പിന്നീട് അന്വേഷണകമ്മിറ്റിയുണ്ടാക്കി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിലും നല്ലത് പോബ്‌സിന്റെ ഭൂമിയിലേക്ക് കടക്കുകയേ വേണ്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് തന്നെയാണ്. പോബ്‌സ് ഗ്രൂപ്പ് കൈവശം വെക്കുന്ന നെല്ലിയാമ്പതിയിലെ ഭൂമി അവര്‍ക്ക് അവകാശപ്പെട്ടതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. വേങ്ങനാട് കോവിലകം 1800 ലോ മറ്റോ 75 വര്‍ഷത്തെ പാട്ടത്തിന് ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ ഭൂമി. ബ്രിട്ടീഷുകാര്‍ സ്ഥലം കാലിയാക്കുകയും രാജാവ് – ജന്മി ഭരണ സമ്പ്രദായം ഇല്ലാതാകുകയും ചെയ്തതോടെ തന്നെ ഇത്തരം പഴംപാട്ടങ്ങള്‍ അപ്രസക്തമായി. എങ്കിലും തോട്ടത്തിനായി പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ പഴയ ‘തിരുമേനി’മാരുടെ പിന്‍മുറക്കാര്‍ അവകാശം ഉന്നയിച്ച് വ്യവഹാരം നടത്തി. പാട്ടത്തിനെടുത്ത ഭൂമി സ്വന്തമെന്ന നിലക്ക് കമ്പനികളും വ്യവഹാരം നടത്തി. ഇത്തരം വ്യവഹാരങ്ങളിലൊന്നില്‍പ്പോലും നിയമവ്യവസ്ഥകള്‍ വിശദീകരിച്ച്, ഭൂമിയുടെ സര്‍വേ നടപടികള്‍ സമയബന്ധിതമായി നടത്തി, സര്‍ക്കാറിലേക്ക് ഭൂമി മുതല്‍ക്കൂട്ടാന്‍ പാകത്തിലുള്ള ഉത്തരവ് ഇതുവരെ അധികാരത്തിലിരുന്ന ജനകീയ സര്‍ക്കാറുകളൊന്നും നേടിയെടുത്തിട്ടില്ല. നേടിയെടുക്കാന്‍ പറ്റാത്തതുകൊണ്ടല്ല, വേണ്ടെന്നുവെച്ചിട്ടാണ്.
ഇത് നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിന്റെ കാര്യത്തില്‍ മാത്രമല്ല. ഹരിസണ്‍ മലയാളം ഗ്രൂപ്പ് കേരളത്തില്‍ കൈവശം വെച്ചിരിക്കുന്നത് അറുപതിനായിരത്തോളം ഏക്കര്‍ ഭൂമിയാണ്. ഇതിലൊരു സെന്റ് കൈവശം വെക്കാനുള്ള നിയമപരമായ അധികാരം അവര്‍ക്കില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പലതുവന്നു. ഹാരിസണിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സമാനമായ വിധത്തില്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മറ്റ് കമ്പനികളുണ്ടെന്നും കണ്ടെത്തി. ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കുന്നതില്‍ ഹൈക്കോടതിയില്‍ വ്യവഹാരം തുടരുകയാണ്. നിയമപരമായി ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാവുന്നതാണെന്ന് അഭിപ്രായപ്പെടുന്ന ജഡ്ജിമാര്‍ പോലും, ഉയര്‍ന്ന ബഞ്ചിന്റെ പരിഗണനക്ക് വിട്ട് കൈകഴുകുന്നു. കേസില്‍ വാദം കേള്‍ക്കാന്‍ തുടങ്ങിയ ശേഷം പിന്‍മാറിയ ജഡ്ജിമാര്‍ പലരുണ്ട്, വാദം കേള്‍ക്കും മുമ്പേ പിന്മാറിയവരും പലരുണ്ട്. ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ നിയമപ്രകാരം നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് മൂന്ന് പതിറ്റാണ്ടിനിടെ നമ്മുടെ റവന്യൂ മന്ത്രിമാര്‍ എത്രകുറി പറഞ്ഞിട്ടുണ്ടാകും?
കണ്ണന്‍ ദേവന്‍ ഹില്‍സ് റിഡംപ്ഷന്‍സ് നിയമപ്രകാരം തോട്ടഭൂമിയല്ലെന്ന് കണ്ടെത്തി ഏറ്റെടുത്ത ഭൂമിയെങ്കിലും തിരികെ നല്‍കണമെന്ന് ടാറ്റയുടെ മുമ്പില്‍ നിവേദനവുമായി ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. ഇതും ടാറ്റയുടെ കൈവശമുള്ള തോട്ടഭൂമിയും തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പൂഞ്ഞാര്‍ കോവിലകത്തിന്റെ പിന്‍ഗാമികളും വ്യവഹാരം നടത്തുന്നു. കണ്ണന്‍ ദേവന്‍ കുന്നുകളിലെ ടാറ്റയുടെ തോട്ടവും മിച്ചഭൂമിയും വനഭൂമിയും കണ്ടെത്താനുള്ള സര്‍വേകള്‍ (ഉപഗ്രഹം വഴിയും അല്ലാതെയുമുള്ളവ) കാലങ്ങളായി തുടരുകയാണ്. കൈയേറ്റമൊഴിപ്പിക്കാന്‍ പൂച്ചകളെ നിയോഗിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മുതല്‍ കൈയേറ്റമൊഴിപ്പിക്കാന്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ച തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരെയുള്ളവരൊക്കെ സര്‍വേ പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികളെ ടാറ്റ നന്ദിയോടെ സ്മരിക്കുന്നുണ്ടാകണം.
മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയപ്പോള്‍ വാളെടുത്തിറങ്ങിയവരൊക്കെ 2008ലും 2009ലുമായി പല കമ്പനികള്‍ ചേര്‍ന്ന് ഈ ഭൂമി വാങ്ങിയെടുത്തപ്പോള്‍ കാഴ്ചക്കാരായി നിന്നവരാണ്. ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാനാണ് പല കമ്പനികളായി മെത്രാന്‍ കായല്‍ വീതിച്ചുവാങ്ങുന്നത് എന്ന് അക്കാലത്ത് അറിയാത്തവരായി ആരുമുണ്ടായിരുന്നില്ല. എന്നിട്ടും ഈ കൈമാറ്റം തടയാനും മെത്രാന്‍ കായലില്‍ കൃഷി പൂര്‍വാധികം ഭംഗിയായി നടത്തി ആദായമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് അവസരമുണ്ടാക്കാനും ആരെങ്കിലും ശ്രമിച്ചിരുന്നോ? കര്‍ഷകരുടെ യോഗം വിളിച്ചുചേര്‍ത്ത സി പി എം നേതൃത്വം അവിടെ കൃഷിയിറക്കാന്‍ അവസരമുണ്ടാക്കണമെന്ന് വി എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മറക്കുന്നില്ല. പക്ഷേ, നാനൂറ് ഏക്കര്‍ പാടത്തിന്റെ 387 ഏക്കറും കമ്പനികളുടെ കൈവശമായതിന് ശേഷം ഇവിടെ കൃഷിയിറക്കാന്‍ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുന്നതിലെ യുക്തിരാഹിത്യം ആര്‍ക്കും മനസ്സിലാകുന്നതേയുള്ളൂ. 387 ഏക്കര്‍ പാടം, മോഹ വില നല്‍കി കമ്പനികള്‍ സ്വന്തമാക്കിയപ്പോള്‍ ഇടനിലക്കാരായ ദല്ലാളുമാരുടെ കണക്കെടുത്താല്‍ അതൊരു സര്‍വകക്ഷിയോഗം പോലെയുണ്ടാകുമെന്നുറപ്പ്.
ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തില്‍ സകല നിയമങ്ങളും ലംഘിച്ച് പണിതുയര്‍ത്തിയ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ കോടതിയുത്തരവുണ്ടായിട്ട് രണ്ട് വര്‍ഷത്തിലേറെയായി. കരുണ മുതല്‍ മെത്രാന്‍ വരെ നീളുന്ന ഇപ്പോള്‍ തര്‍ക്കത്തിലായ കേസുകളിലൊക്കെ കോടതി വ്യവഹാരങ്ങള്‍ പലതലത്തില്‍ നടക്കുന്നുണ്ട്. പാണാവള്ളി പഞ്ചായത്തിലെ റിസോര്‍ട്ടുകളുടെ കാര്യത്തില്‍ പൊളിച്ചുനീക്കി പൂര്‍വ സ്ഥിതി പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നു. ഇത് പൊളിച്ചുനീക്കി ആവാസ വ്യവസ്ഥയെ പഴയനിലയിലേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് ഇക്കാലത്തിനിടെ സുധീരന്‍ മുതല്‍ പ്രതാപന്‍ വരെയുള്ളവരാരും ഇതുവരെ ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല. ഇതിനായി പ്രതാപനോ കെ സി വേണുഗോപാലോ കത്തുകള്‍ എഴുതിയതായും ചരിത്രം രേഖപ്പെടുത്തുന്നില്ല.
പരിസ്ഥിതി സംരക്ഷണം, സര്‍ക്കാര്‍ മുതലിന്റെ സംരക്ഷണം തുടങ്ങിയവയൊക്കെ പാര്‍ട്ടിക്കുള്ളിലും പുറത്തും സ്വന്തം സ്ഥാനം അടയാളപ്പെടുത്താനുള്ള ഉപായങ്ങള്‍ മാത്രമാണ് ഇവര്‍ക്കൊക്കെ. കുത്തക കമ്പനികള്‍ക്ക് അനര്‍ഹമായ ലാഭമുണ്ടാക്കാന്‍ അവസരം തുറന്നിട്ട്, സ്‌പെക്ട്രം മുതല്‍ കല്‍ക്കരി വരെയുള്ള വിഭവങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ കൈമാറ്റം ചെയ്യുകയും അതിന്‍മേലൊക്കെ സഹസ്ര കോടികളുടെ അഴിമതി ആരോപണം വരികയും ചെയ്തപ്പോള്‍ ലജ്ജ പോലും പ്രകടിപ്പിക്കാതെ കോണ്‍ഗ്രസില്‍ തുടര്‍ന്നവര്‍ ഭൂമി കൈമാറ്റത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ വാളെടുത്താല്‍ അതൊരു ഗ്രൂപ്പ് പോരു മാത്രമേ ആകൂ. ചില ഉത്തരവുകള്‍ പിന്‍വലിക്കപ്പെടുകയും അതില്‍ പരാമര്‍ശിച്ച ഭൂമികളില്‍ തത്കാലം തത്സ്ഥിതി തുടരുകയും ചെയ്യുന്നത് പരിസ്ഥിതി സ്‌നേഹികള്‍ക്കും കുത്തകക്കാരുടെ കൈയേറ്റങ്ങള്‍ക്കുമെതിരെ നിയമമാര്‍ഗത്തിലും അല്ലാതെയും സമരം ചെയ്യുന്നവര്‍ക്ക് ആശ്വാസമാണ്. അതിനപ്പുറം ഒന്നും അതിലില്ല. ഇന്ന് ഉമ്മന്‍ ചാണ്ടി ചെയ്യാന്‍ ശ്രമിച്ച് പിന്‍വലിച്ചത് നാളെ മറ്റാരെങ്കിലും ചെയ്തു തീര്‍ക്കും. അതിനുള്ള പഴുതുകള്‍ എത്രയോ കാലം മുമ്പ് സൃഷ്ടിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നു നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങള്‍.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എല്ലാം വിറ്റുതുലക്കുന്നുവെന്ന വിലാപത്തിലെ പങ്കാളികള്‍ക്ക് അവരുടെ രാഷ്ട്രീയോദ്ദേശ്യം കഴിച്ചുള്ള ആത്മാര്‍ഥത എത്രത്തോളമെന്നതാണ് പ്രധാന ചോദ്യം. അതുണ്ടെന്ന് ജനം വിശ്വസിക്കണമെങ്കില്‍ അന്യാധീനപ്പെട്ട ഭൂമിയും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയുമൊക്കെ കണ്ടെത്തി സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടാനും അത് ഭൂരഹിതരായവര്‍ക്ക് കൈമാറാനുമുള്ള ഇച്ഛാശക്തി കാണണം. അതുണ്ടാകാത്ത കാലത്തോളം വില്‍ക്കാന്‍ കിട്ടിയ അവസരം മുതലെടുത്ത നല്ല കച്ചവടക്കാരായി മാത്രമേ ഉമ്മന്‍ ചാണ്ടിയെയും കൂട്ടരെയും കാണാനാകൂ. വിറ്റുതിന്നുന്നതും ഒരു കരുതലാണ്!