‘ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി കോഴിക്കോടിനെ പരിഗണിക്കണം’

Posted on: March 26, 2016 11:58 pm | Last updated: March 26, 2016 at 11:58 pm

KANTHAPURAMകോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തെ ഇക്കുറിയും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി പരിഗണിക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ആഗസ്റ്റിലെ ഹജ്ജ് യാത്രക്കുമുമ്പേ നവീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുമെന്നും ബലപ്പെടുത്തിയ റണ്‍വേ ഹജ്ജ് വിമാന സര്‍വീസുകള്‍ക്ക് ഉപയോഗിക്കാനാകുമെന്നും വിദഗ്ധര്‍ ഉറപ്പ് നല്‍കിയിട്ടും അധികൃതര്‍ മുഖവിലക്കെടുക്കാതിരുന്നത് ന്യായീകരിക്കാനാകില്ല.
ഈ വര്‍ഷം കേരളത്തില്‍നിന്ന് ഹജ്ജിന് അനുമതി ലഭിച്ച 82 ശതമാനം തീര്‍ഥാടകരും മലബാറില്‍നിന്നുള്ളവരാണ്. പ്രായം ചെന്ന ഹാജിമാരും മറ്റും നെടുമ്പാശ്ശേരിയിലെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി കോഴിക്കോടിനെ പരിഗണിക്കണമെന്ന് കാന്തപുരം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. റണ്‍വേ നവീകരണം പൂര്‍ത്തിയായാല്‍ പോലും വലിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് തിരിച്ചുവരില്ലെന്ന വാര്‍ത്തയും ആശങ്കയുളവാക്കുന്നുണ്ട്. റണ്‍വേ ബലപ്പെടുത്തുന്നതിനായി വിമാനത്താവളം താത്കാലികമായി അടക്കുന്നതുവരെ വലിയ വിമാനങ്ങള്‍ പ്രയാസമില്ലാതെ സര്‍വീസ് നടത്തിയിരുന്നു. റണ്‍വേ ബലപ്പെടുത്തിയിട്ടും വലിയ വിമാനങ്ങള്‍ തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് പറയുമ്പോള്‍ ഇതിനുപിന്നില്‍ ഗൂഢാലോചനകളുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നേടിത്തരുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഈ അവസ്ഥ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഈ വിഷയത്തില്‍ നീതിപൂര്‍വകമായ തീരുമാനങ്ങളെടുക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

ALSO READ  സുൽത്താൻ ഖാബൂസ് ഒമാനെ സമൃദ്ധിയിലേക്ക് ഉയർത്തിയ പ്രതിഭാശാലിയായ ഭരണാധികാരി: കാന്തപുരം