രാജീവ് ഗാന്ധിക്ക് ക്ഷേത്ര നിര്‍മാണവുമായി കോണ്‍ഗ്രസ്

Posted on: March 26, 2016 10:45 pm | Last updated: March 26, 2016 at 10:45 pm

rajeev gandhiപാറ്റ്‌ന: മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണക്കായി ബീഹാറിലെ ബക്‌സറില്‍ ക്ഷേത്രം നിര്‍മാണത്തിലാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അറിയിച്ചു. ക്ഷേത്ര നിര്‍മാണത്തിന് ഈ മാസം ആദ്യം തറക്കല്ലിട്ടെന്നും പ്രവൃത്തി പുരോഗമിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് മൃത്യുഞ്ജയും സഹപ്രവര്‍ത്തകരും വ്യക്തമാക്കി. ക്ഷേത്രത്തിനുള്ളില്‍ രാജീവ് ഗാന്ധിയുടെ പൂര്‍ണകായ പ്രതിമയാണ് സ്ഥാപിക്കുക. ഇന്ത്യയുടെ വികസനത്തിന് വേണ്ടി പ്രയത്‌നിച്ച രാജീവ് ഗാന്ധിക്ക് വേണ്ടി ചെയ്യുന്ന ചെറിയ പ്രവൃത്തി മാത്രമാണിതെന്നും മൃത്യുഞ്ജയ് പറഞ്ഞു.
1984ല്‍ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണത്തോടുകൂടിയാണ് രാജീവ് ഗാന്ധി അധികാരമേറിയത്. മാതാവും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നായിരുന്നു രാജീവിന്റെ സ്ഥാനാരോഹണം. 1989 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 1991ലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 21ന് തമിഴ്‌നാടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ ചാവേറാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുകയായിരുന്നു. നളിനി അടക്കമുള്ള കുറ്റവാളികള്‍ ഈ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണിപ്പോള്‍.