Connect with us

National

ഇശ്‌റത്ത് ജഹാനെ അറിയില്ലെന്ന് ഹെഡ്‌ലി

Published

|

Last Updated

മുംബൈ: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാനെ വ്യക്തിപരമായി അറിയില്ലെന്ന് അമേരിക്കന്‍- പാക് ഭീകരവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ഈ കേസിനെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമുള്ള അറിവേയുള്ളൂവെന്നും ഹെഡ്‌ലി പറഞ്ഞു. മുംബൈ ഭീകരാക്രമണ കേസില്‍ മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി ജി എ സനപ് മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന ക്രോസ് വിസ്താരത്തിനിടെയാണ് നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് ഹെഡ് ലി ഭാഗികമായി പിന്മാറിയത്.
ഇശ്‌റത്ത് ജഹാന്‍ ലശ്കറെ ത്വയ്യിബക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്ന് ഹെഡ്‌ലി കോടതിയില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ലശ്കറിന് വനിതാ ചാവേര്‍ വിഭാഗമുണ്ടായിരുന്നുവെന്നും ഹെഡ്‌ലി മുമ്പ് മൊഴി നല്‍കി. എന്നാല്‍, ഇന്ത്യക്കെതിരെയും കാശ്മീരിന് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ ലശ്കറിന് വനിതാ വിഭാഗമില്ലെന്നും ഉള്ളത് വനിതകളുടെ സാമൂഹിക ക്ഷേമത്തിനുള്ള വിഭാഗമാണെന്നുമാണ് ഹെഡ്‌ലി ഇപ്പോള്‍ പറയുന്നത്. വനിതകളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവക്കൊപ്പം മതപരമായ ക്ലാസുകള്‍ നല്‍കുന്നതിലുമാണ് വനിതാ വിഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹെഡ്‌ലി പറഞ്ഞു.
നാല് ദിവസമായി നീണ്ടുനിന്ന ക്രോസ് വിസ്താരം ഇന്നലെ അവസാനിച്ചു. ഗുജറാത്തില്‍ 2004ല്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് ഇശ്‌റത്ത് ജഹാന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയെ വധിക്കാന്‍ എത്തിയ ലശ്കര്‍ തീവ്രവാദികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.
ശിവസേനാ നേതാവായിരുന്ന ബാല്‍ താക്കറയെ ഒരു പാഠം പഠിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ലശ്കറെ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായിരുന്ന ഹാഫിസ് സഈദ് പറഞ്ഞതായി ഹെഡ്‌ലി പറഞ്ഞു. താക്കറയെ ഇല്ലാതാക്കാന്‍ ലശ്കര്‍ ശ്രമം നടത്തിയിരുന്നതായി ഹെഡ്‌ലി നേരത്തെ മൊഴി നല്‍കിയിരുന്നു.