പ്രണയത്തിന്റെ മന:ശാസ്ത്രം

Posted on: March 26, 2016 7:17 pm | Last updated: March 26, 2016 at 7:17 pm

LOVE2സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള മാനസിക അടുപ്പമാണ് പ്രണയം. പ്രണയത്തില്‍ ന്യൂറോ കെമിക്കലാണ് അടുപ്പമുണ്ടാക്കുന്നത്. പ്രായമോ, വിദ്യാഭ്യാസമോ, സ്ഥാനമോ ഒന്നുംതന്നെ പ്രണയത്തെ തടുത്ത് നിര്‍ത്തുന്നില്ല. മൂന്ന് ഘട്ടങ്ങളിലൂടെ പ്രണയത്തിന് സ്വാഭാവികത കൈവരുന്നു. ഒന്നാം ഘട്ടം സ്ത്രീപുരുഷന്മാര്‍ക്ക് എവിടെവെച്ചും ഉണ്ടാകുന്ന ലൈംഗിക ആകര്‍ഷണം. ഈ ആകര്‍ഷണം ആരോടുമുണ്ടാവാം. വിദ്യാഭ്യാസവും സ്ഥാനമാനങ്ങളും ഇവിടെ പ്രശ്‌നമല്ല. ‘ടെസ്‌റ്റോസ്റ്റീറോണ്‍’ എന്ന പുരുഷ ഹോര്‍മോണിന്റെയും ‘ഈസ്ട്രജന്‍’ എന്ന സ്ത്രീ ഹോര്‍മോണിന്റെയും സംഭാവനയാണ് ഈ അടുപ്പം. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ തന്നെ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നതും അവരുടെ അംഗീകാരം കൊതിക്കുന്നതുമൊക്കെ ഇതുകൊണ്ടാണ്. ഇത് അപരന്‍ അറിയണമെന്നില്ല.

ഈ ഘട്ടം കഴിഞ്ഞാല്‍ രണ്ടാം ഘട്ടത്തില്‍ ഒന്ന് നേരില്‍ കാണാനും സംസാരിക്കാനുമൊക്കെ ആഗ്രഹിക്കുന്നു. അപ്പോള്‍ ശാരീരിക മാറ്റങ്ങളുമുണ്ടാകുന്നു. തൊണ്ട വരളല്‍, ഇടറല്‍, വിയര്‍ക്കല്‍ തുടങ്ങിയവ ‘നോര്‍അഡ്രിനാലിന്‍’ എന്ന കെമിക്കലിന്റെ ഭാഗമായിട്ടാണുണ്ടാവുന്നത്. തുടര്‍ന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നു. ഫെയ്‌സ്ബുക്ക്, മൊബൈല്‍, വാട്‌സ്അപ് തുടങ്ങിയവയിലൂടെ ബന്ധങ്ങള്‍ വളരുന്നു. ഈ ഘട്ടത്തില്‍ വിവേകത്തെ നിയന്ത്രിക്കാന്‍ കഴിയാതെവരുന്നു. തിരിച്ചറിവ് നഷ്ടപ്പെടുന്ന അവസ്ഥയിലെത്തുന്നു. വീട്ടുകാരോടും മറ്റും റിബലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അക്രമം കാട്ടുന്നു. താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ കണ്ണടച്ച് വിശ്വസിക്കേണ്ടിവരുന്നു. ഓക്‌സിട്ടോസിന്‍, വാസോപ്രസിന്‍ എന്നീ കെമിക്കലുകളുടെ ഫലമായിട്ടാണ് ഇത് സംഭവിക്കുന്നത്. പിന്നീടത് സ്പര്‍ശന, ചുംബന, ശാരീരിക ബന്ധത്തിലേക്ക് ഈ ഹോര്‍മോണ്‍ തള്ളിയിടുന്നു. ഇത്തരം സാഹചര്യമുണ്ടാക്കുന്നതിനു മുന്‍പുതന്നെ നിയന്ത്രണമേര്‍പ്പെടുത്തലാണ് ബുദ്ധി.

സന്തോഷവും സ്‌നേഹവും കൈമാറാനുള്ളതാണ് കുടുംബ ജീവിതം. ഇണകള്‍ തമ്മിലുള്ള ആശയ വിനിമയ അപര്യാപ്തതയാണ് പലപ്പോഴും പല പ്രശ്‌നങ്ങളിലേക്ക് വഴിതെളിയിക്കുന്നത്. നൈമിഷിക സുഖത്തിന് വേണ്ടി മക്കളെയും ഭാര്യയെയോ ഭര്‍ത്താവിനെയോ കൊല ചെയ്യുന്നതിലൂടെ ജീവിതം ദുഷ്‌കരമാവുന്നു. അവസാനം ആത്മഹത്യയിലേക്കോ ജയിലിലേക്കോ എത്തിപ്പെടുന്നു.

വിവാഹപൂര്‍വ, വിവാഹേതര പ്രണയങ്ങള്‍ പരാജയത്തിലാണ് സമാപിക്കുക. ഇത്തരം കേസുകള്‍ ഇല്ലാതാവാന്‍ സമൂഹത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗും ഫാമിലി കൗണ്‍സിലിംഗും നടക്കേണ്ടതുണ്ട്. വ്യക്തിയോട് പ്രണയം തോന്നുമ്പോള്‍ തന്നെ നിയന്ത്രിക്കാനുള്ള മനസ് ഉണ്ടാക്കിയെടുക്കണം. മിസ്ഡ് കോളുകള്‍ക്ക് പിന്നാലെ പോവാതെ കാര്യങ്ങളെ വിവേകത്തോടെ നിയന്ത്രിക്കുക.