വന്ധ്യതാ ചികിത്സാ രംഗത്ത് കൊടും ചൂഷണമെന്ന് മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മ

Posted on: March 26, 2016 1:33 am | Last updated: March 26, 2016 at 12:46 am

infertilityകോഴിക്കോട്: വന്ധ്യതാ ചികിത്സാ രംഗത്ത് കൊടും ചൂഷണം നടക്കുകയാണെന്ന് മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മ പ്രൊജനനി ഫ്രീ കപ്പിള്‍സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം ചൂണ്ടിക്കാട്ടി. ഒരു കുഞ്ഞിക്കാല് കാണാന്‍ വേണ്ടി വീടും കിടപ്പാടവും വിറ്റ് ചികിത്സ നടത്തിയതിനെത്തുടര്‍ന്ന് വാടക വീടുകളില്‍ അഭയം തേടിയവര്‍ നിരവധിയുണ്ടെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

20 ലക്ഷം രൂപ വരെ ഈടാക്കുന്ന ആശുപത്രികള്‍ സംസ്ഥാനത്തുണ്ടെന്ന് അവര്‍ പറഞ്ഞു. വന്ധ്യതാ ചികിത്സ വന്‍ ലാഭമുണ്ടാക്കാനുള്ള മാര്‍ഗമായി കണ്ടെത്തി സംസ്ഥാനത്ത് കൂണ് പോലെയാണ് ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. വ്യാജ സ്ഥാപനങ്ങളുമുണ്ട്. എന്നാല്‍ ചികിത്സാ രംഗത്തെ ഇത്തരം തട്ടിപ്പിനെതിരെ നടപടിയോ ഇടപെടലോ ഉണ്ടാകുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
എങ്ങിനെയും ഒരു കുഞ്ഞുണ്ടായാല്‍ മതിയെന്ന ദമ്പതികളുടെ ആഗ്രഹം ഇത്തരം സ്ഥാപനങ്ങള്‍ മുതലെടുക്കുകയാണ്. ചികിത്സക്ക് വേണ്ടി ബന്ധുക്കളില്‍ നിന്ന് കടം വാങ്ങി ഒടുവില്‍, ബന്ധുക്കള്‍ തന്നെയില്ലാതായ സംഭവം നിരവധിയുണ്ട്. ചികിത്സയുടെ ഫലമായുള്ള റിയാക്ഷന്‍ നേരിടുന്നവരും നിരവധിയാണ്.

അശാസ്ത്രീയമായ ചികിത്സകള്‍ മൂലവും ശസ്ത്രക്രിയയുടേയും ഹോര്‍മോണ്‍ ചികിത്സയുടെയും ഫലമായി നിത്യവൃത്തിക്ക് പോലും പ്രാപ്തിയില്ലാതയവരുമുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ കസബ സി ഐ. പി പ്രമോദ്, വന്ധ്യതാ ചികിത്സാ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചു. തട്ടിപ്പിനിരയായ ദമ്പതികള്‍ പരാതിപ്പെടാന്‍ തയ്യാറാകണം. അപ്പോള്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ചില കേന്ദ്രങ്ങള്‍ക്കെതിരെ പരാതിയുയര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.
മക്കളുള്ളവരേക്കാള്‍ ഭാഗ്യവാന്മാരാണ് മക്കളില്ലാത്തവരെന്ന് സാമൂഹ്യ പ്രവര്‍ത്തക കാഞ്ചന മാല ഉദ്ഘാടനം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മാതാപിതാക്കളുടെ വാര്‍ധക്യ കാലത്ത് മക്കള്‍ അവരോട് സ്വീകരിക്കുന്ന ക്രൂരമായ സമീപനമാണ് ഇങ്ങിനെ തോന്നാന്‍ കാരണമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
വന്ധ്യതാ ചികിത്സക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ദത്തെടുക്കല്‍ നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകളില്‍ അയവ് വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ പ്രസിഡന്റ് വി കുഞ്ഞാലി ഹാജി അധ്യക്ഷത വഹിച്ചു. കപ്പിയേടത്ത് ചന്ദ്രന്‍, എന്‍ എം മുഹമ്മദ്, ശൗക്കത്ത്, എം ശശി, ഷാജി മുകുന്ദ്, അനില്‍ മാസ്റ്റര്‍ പ്രസംഗിച്ചു.