അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ നടപടിയായില്ല

Posted on: March 25, 2016 12:44 pm | Last updated: March 25, 2016 at 12:44 pm

കണ്ണൂര്‍: തൊഴില്‍ തേടി കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിരവധിപേര്‍ പകര്‍ച്ച വ്യാധിവാഹകരാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ആരോഗ്യകാര്‍ഡ് ഏര്‍പ്പെടുത്താനുള്ള ആരോഗ്യ വകുപ്പിന്റെ തീരുമാനം നടപ്പായില്ല. അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി അധിവസിക്കുന്ന സംസ്ഥാനത്തെ മിക്ക ജില്ലകളിലും മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയവ വ്യപകമായി പകരാനിടയുണ്ടെന്ന് നേരത്തെ നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. കര്‍ണാടകത്തിനും തമിഴ്‌നാട്ടിനും പുറമെ പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് രോഗ വാഹകരിലേറെയുമെന്നും സര്‍വേ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി പ്രതിരോധ ബോധവത്കരണ നടപടികളും മറ്റും ആലോചിച്ചുറപ്പിച്ചത്. ഇതിന്റെ ഭാഗമായാണ് തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡ് ഏര്‍പ്പെടുത്താനുള്ള തീരുമാനം കൊക്കൊണ്ടത്. മുഴുവന്‍ തൊഴിലാളികളെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം അയാളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തുന്നതാണ് ആരോഗ്യ കാര്‍ഡ്.
ആരോഗ്യ കാര്‍ഡില്ലാത്ത തൊഴിലാളികളെ ജോലി ചെയ്യിക്കില്ലെന്ന് മാത്രമല്ല, ഇത്തരക്കാരെ ജോലി ചെയ്യിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശമുണ്ടായിരുന്നു. ആരോഗ്യകാര്‍ഡ് സമ്പ്രദായം നടപ്പില്‍ വരുന്നതോടെ അസുഖ ബാധിതരായ തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നത് ഒരു പരിധി വരെ തടയാനാകുമെന്നും ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്യ സംസ്ഥാനതൊഴിലാളികളുടെ കണക്കെടുക്കേണ്ട തൊഴില്‍ വകുപ്പ് ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുന്നതായാണ് ആക്ഷേപം. ഓരോ ജില്ലയിലെയും തൊഴിലാളികളുടെ എണ്ണം, താമസിക്കുന്ന സ്ഥലം എന്നിവയടക്കം വിശദവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പിലുള്ളവര്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് തൊഴിലാളികള്‍ക്കുള്ള ആരോഗ്യ കാര്‍ഡ് പദ്ധതി എങ്ങുമെത്താതെ പോകുകയാണെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വേനല്‍ രൂക്ഷമാകുന്നതോടെ മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപകമാകാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഈ സാഹചര്യത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം നടപ്പാക്കാന്‍ തൊഴില്‍ വകുപ്പിന്റെ കൂടി സഹകരണം ആവശ്യമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.