വ്യാപാരികള്‍ വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും

Posted on: March 25, 2016 12:40 pm | Last updated: March 25, 2016 at 12:40 pm

voteകല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് കൂടിയാലോചനകള്‍ നടത്തുകയാണ്. വ്യാപാരികളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ കടുത്ത അവഗണനകളില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ തിരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ മുന്നോട്ട് വരുന്നത്.
ചെറുകിട വ്യാപരികള്‍ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെ കയറൂരി വിട്ട് കച്ചവടക്കാരുടെ കട പൂട്ടിക്കുകയാണ്. നിയമപരമായ ലൈസന്‍സുകള്‍ എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികളെ കള്ളന്‍മാരും നികുതി വെട്ടിപ്പുകാരുമായി വ്യാഖ്യാനിച്ച് പീഡിപ്പിക്കുന്നത് തുടരുകയാണെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
സെയില്‍ ടാക്‌സിലെ ഒരുകൂട്ടം ഉദ്യോഗസ്ഥരും ഒരു കൂട്ടം രാഷ്ട്രീയക്കാരും,ഒരു കൂട്ടം കള്ളക്കടത്തുകാരും ചേര്‍ന്ന ഒരു ചങ്ങാതി കൂട്ടമാണ് ഇവിടെ വെട്ടിപ്പ് നടത്തുന്നത്. ഈ ചങ്ങാതി കൂട്ടത്തെ രക്ഷിക്കുന്നതിന് ചെക്ക് പോസ്റ്റുകളില്‍ ഉറക്കം ഒഴിഞ്ഞ് കാത്തിരുന്ന് സംരക്ഷിക്കുന്നവരെ പിടികൂടി ജോലിയില്‍ നിന്നും പുറത്താക്കണം. ഒരു വശത്ത് അന്യായമായ ചെറുകിട വ്യാപരികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ മറുഭാഗത്ത് നികുതി വെട്ടിപ്പിന് കൂട്ടുനില്‍ക്കുന്നുണ്ടെന്ന് ജില്ലാ കമ്മിറ്റി ആരോപിക്കുന്നു.
ജില്ലയിലെ നികുതി വെട്ടിപ്പിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ സാമ്പത്തികസ്ഥിതി പരിശോധിക്കാന്‍ നടപടിയുണ്ടാക്കണം. ആര്‍ക്കും എപ്പോഴും സ്വതന്ത്രമായി കടന്ന് ചെന്ന് തൊഴില്‍ കണ്ടെത്താവുന്ന വ്യാപാര മേഖല ഇന്ന് നിയമം തോന്നും പോലെ വ്യാഖ്യാനിക്കുന്ന മനുഷ്യത്വം നഷ്ടപ്പെട്ട ധിക്കാരികളായ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. വ്യാപാര മേഖലയിലെ ഈ അവസ്ഥാ വിശേഷം മാറണമെങ്കില്‍ വ്യാപരികള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ നിയമസഭയില്‍ അംഗങ്ങള്‍ ആവശ്യമാണ്.
വന്‍കിട കുത്തകകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ സര്‍ക്കാര്‍ അമ്പാനിയെ പോലുള്ളവരെ നോമിനേറ്റു ചെയ്യുമ്പോള്‍ ചെറുകിട വ്യാപരികള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇവിടെയാരുമില്ല. കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ ഒന്നു വരുന്ന വ്യാപാര സമൂഹത്തിന്റെ ആവശ്യങ്ങളും, ഇവിടുത്തെ കര്‍ഷകരോടും കാര്‍ഷിക തൊഴിലാളികളുടെ ആവശ്യങ്ങളും അറിയുന്ന, മനസിലാക്കുന്ന പൊതു സമ്മതരായ വ്യക്തികളെയാണ് ഇലക്ഷനില്‍ നിര്‍ത്താന്‍ ആലോചിക്കുന്നത്.
ഈ മാസം 19ന് നടന്ന ജില്ലാ കൗണ്‍സിലില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജില്ലാ പ്രസിഡന്റ്് കെ കെ വാസുദേവന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഒ വി വര്‍ഗ്ഗീസ്, കെ കുഞ്ഞിരായിന്‍ ഹാജി എന്നിവര്‍ സംസാരിച്ചു.