Connect with us

Malappuram

അങ്ങാടിപ്പുറം മേല്‍പ്പാല ഉദ്ഘാടന പരിപാടികള്‍ മാറ്റിവെക്കാന്‍ കമ്മീഷന്‍ നിര്‍ദേശം

Published

|

Last Updated

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം മേല്‍പ്പാലം ഉദ്ഘാടനത്തിലെ കൊഴുപ്പേകുന്ന പരിപാടികള്‍ മാറ്റി വെക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം. പെരിന്തല്‍മണ്ണ മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റി ഉദ്ഘാടന പരിപാടികള്‍ വര്‍ണാഭമാക്കുവാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഘോഷ യാത്രയില്‍ സൈക്കിള്‍ റാലി, ബൈക്ക് റാലി, റോളര്‍ സ്‌ക്കേറ്റിംഗ്, ബാന്റ് വാദ്യം തുടങ്ങിയവ അണിനിരത്തി പരിപാടി ആഘോഷമാക്കാനായിരുന്നു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ അടങ്ങിയ സമിതി നേരത്തെ തീരുമാനിച്ചിരുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഈ മാസം 14 ന് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുവാനിരിക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാറ്റി വെക്കുകയും, പിന്നീട് ജനകീയ കമ്മിറ്റിയുടെ പേരില്‍ പെരിന്തല്‍മണ്ണയിലെ വ്യാപാരികള്‍ ഉദ്ഘാടന പരിപാടികള്‍ ഏറ്റെടുക്കുകയായിരുന്നു. പെരിന്തല്‍മണ്ണ താലൂക്കിലെ 14 ഗ്രാമ പഞ്ചായത്തുകളിലും പാലം ഉദ്ഘാടനത്തിന്റെ പ്രചാരണം നടത്തിയിരുന്നതെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തോടെ മാറ്റ് കുറയാനാണ് സാധ്യത. ഏതായാലും വ്യാപാരികള്‍ അന്നെ ദിവസം 10 മണി വരെ നടത്താനിരുന്ന കടയടപ്പും വേണ്ടെന്ന് വെച്ചു.
ഉദ്ഘാടന ദിവസം രാവിലെ ഒമ്പത് മണിക്ക് പാലത്തിലൂടെ നടന്ന് മറ്റു ഭാഗത്തേക്ക് പ്രവേശിച്ചു കൊണ്ട് പാലം തുറന്ന് കൊടുക്കുവാനാണ് ജനകീയ കമ്മിറ്റിയുടെ ഇപ്പോഴത്തെ തീരുമാനം. അതേ സമയം മേല്‍പ്പാലം നാളെ തുറന്ന് കൊടുക്കുന്ന കാര്യവും വ്യക്തമല്ല. റെയില്‍വേയും റോഡ്‌സ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അധികൃതരുമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. ഇന്ന് വൈകീട്ട് പെരിന്തല്‍മണ്ണ സബ് കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉേദ്യാഗസ്ഥരുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗം വിളിച്ചിട്ടുണ്ട്.
ഈ യോഗത്തില്‍ ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാവുകയുള്ളു. ഇതുമായി വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. ഷാലിമാര്‍ ഷൗക്കത്ത്, സി പി ഇക്ബാല്‍, പി ടി എസ് മൂസ്സു, ലിയാഖത്തലി ഖാന്‍ സംസാരിച്ചു.