യുവതുര്‍ക്കികളും വൃദ്ധ കേസരികളും

Posted on: March 25, 2016 6:00 am | Last updated: March 25, 2016 at 12:16 am

SIRAJ.......യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രതിനിധ്യം ലഭിക്കാനായി ഇത്തവണ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ടി എന്‍ പ്രതാപന്‍ എം എല്‍ എ. ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തരുതെന്ന് കെ പി സി സിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. പത്ത് തവണ നിയമസഭയിലേക്ക് മത്സരിച്ചവരും ദശകങ്ങളോളം നിയമസഭാംഗത്വം വഹിച്ചവരുമുണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍. പ്രായമേറെ ചെന്നിട്ടും തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാനുള്ള സന്നദ്ധത കാണിക്കില്ലെന്ന് മാത്രമല്ല, പാര്‍ട്ടി നേതൃത്വം അത്തരമൊരു നിര്‍ദേശം വെച്ചാല്‍ പാര്‍ട്ടിയെ പിളര്‍ത്താനോ മറുകണ്ടം ചാടാനോ ഉള്ള നെറികേട് പ്രകടിപ്പിക്കുകയും ചെയ്യും ഇവര്‍. ഈയൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് മൂന്ന് തവണ മാത്രം മത്സരിച്ച പ്രതാപന്റെ തീരുമാനം.
തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രഖ്യാപിക്കാറുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ തല മുതിര്‍ന്നവര്‍ക്ക് പ്രാമുഖ്യമുള്ള നേതൃകമ്മിറ്റികള്‍ ഇക്കാര്യം മനഃപൂര്‍വം വിസ്മരിക്കുകയാണ് പതിവ്. യുവാക്കള്‍ക്ക് 35 ശതമാനം പ്രാതിനിധ്യം നല്‍കണമെന്ന് കെ പി സി സിയുടെ നിര്‍ദേശമുണ്ടായിട്ടും സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നു യുവാക്കളെ ഒഴിവാക്കിയെന്ന ആരോപണവുമായി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കെ എസ് യുവും യൂത്ത് കോണ്‍ഗ്രസും രംഗത്ത് വരാനിടയായതിന്റെ പശ്ചാത്തലമിതാണ്. അന്ന് സീറ്റ് ആവശ്യപ്പെട്ട കെ എസ് യു നേതാക്കളോട് കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പോയി മല്‍സരിക്കാനാണത്രെ പരിഹാസപൂര്‍വം കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചത്. കെ എസ് യു സംസ്ഥാന ജനറല്‍സെക്രട്ടറി പി വൈ ഷാജഹാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി മധ്യത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃയോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നതാണ്. സാധ്യതാ പട്ടിക പുറത്തു വന്നപ്പോള്‍ സ്ഥിരം മത്സരാര്‍ഥികളായ പഴയ തലമുറയിലുള്ളവര്‍ തന്നെയാണ് കൂടുതലും.
രാഹുല്‍ ഗാന്ധി പാര്‍ട്ടി ദേശീയ നേതൃത്വത്തിലേക്ക് കടന്നുവന്ന ഉടനെ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ തീരുമാനിക്കുകയും ഇതുസംബന്ധിച്ചു ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എങ്കിലും യുവതലമുറക്ക് അവസരങ്ങള്‍ ലഭിക്കണമെങ്കില്‍, ഒന്നുകില്‍ മക്കള്‍ രാഷ്ട്രീയം തുണക്കണം, അല്ലെങ്കില്‍ സമുന്നത നേതാവിന്റെ ശക്തമായ പിന്‍ബലമോ വേണമെന്നതാണ് ഇപ്പോഴും അവസ്ഥ. ഭര്‍ത്താവിന് മല്‍സരിക്കാനായില്ലെങ്കില്‍ ഭാര്യക്കും ഭാര്യക്ക് പ്രയാസമുള്ളിടത്ത് ഭര്‍ത്താവിനും ഇവര്‍ രണ്ട് പേര്‍ക്കും പറ്റാത്തിടത്ത് മക്കള്‍ക്കും മരുമക്കള്‍ക്കും ആണ് സീറ്റ് പരിഗണന. കോണ്‍ഗ്രസില്‍ മാത്രമല്ല, മറ്റു പാര്‍ട്ടികളും ഇതിനപവാദമല്ല, അഥവാ യുവാക്കള്‍ക്ക് അവസരം നല്‍കുകയാണെങ്കില്‍ പ്രമുഖരായ എതിര്‍സ്ഥാനികളോട് ഏറ്റുമുട്ടാന്‍ ചാവേറുകളെന്ന നിലയിലാണ് അവരെ രംഗത്തിറക്കാറ്.
ഭരണത്തില്‍ അനുഭവ സമ്പത്തുള്ളവര്‍ വേണമെന്നത് കൊണ്ടാണ് വൃദ്ധകേസരികള്‍ മത്സരരംഗത്ത് തുടരുന്നതെന്നാണ് നേതൃത്വത്തിന്റെ ന്യായീകരണം. ഇപ്പേരില്‍ പക്ഷേ എക്കാലവും അധികാരക്കസേരകള്‍ ഒരു പറ്റമാളുകള്‍ കൈയടക്കി വെക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് നിരക്കുന്നതല്ല. രാജ ഭരണത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും സ്വഭാവവും അധികാര ദുര്‍വിനിയോഗവുമാണത്. അല്ലെങ്കിലും അനുഭവ സമ്പത്ത് കൊണ്ട് മാത്രം ഭരണ നൈപുണ്യം ഉണ്ടാകണമെന്നില്ല. അധികാരക്കസേരകളില്‍ ദശാബ്ദങ്ങളോളം വാണവരില്‍ തന്നെയില്ലേ നേരെ ചൊവ്വേ ഭരിക്കാനറിയാത്തവരും. പുതുതായി കടന്നു വന്നവരില്‍ മികച്ച ഭരണം കാഴ്ച വെക്കുന്നവരുമുണ്ട്. പഴയ തലമുറ പുതിയ തലമുറക്ക് വേണ്ടി മാറിക്കൊടുക്കണമെന്ന പ്രതാപന്റെയും സുധീരന്റെയും അഭിപ്രായത്തോട് പ്രതികരിക്കവെ, ആര് മത്സരിക്കണമെന്നും വേണ്ടെന്നും തീരുമാനിക്കേണ്ടത് മത്സരാര്‍ഥികളാണെന്നും യുവാവല്ലെന്ന് സ്വയം തോന്നുന്നവര്‍ക്ക് മത്സരത്തില്‍ നിന്ന് സ്വയം മാറി നില്‍ക്കാമെന്നുമായിരുന്നു പത്ത് തവണ മത്സരിച്ച മുഖ്യമന്ത്രിയുടെ പ്രതികരണം. തുടര്‍ച്ചയായി മത്സരിക്കുന്നത് ജനസേവനത്തോടുള്ള മോഹം കൊണ്ടുമാകാമെന്നും അദ്ദേഹം പറഞ്ഞു വെച്ചു. ആരെന്ത് പറഞ്ഞാലും മാറി നില്‍ക്കാന്‍ സന്നദ്ധമല്ലെന്ന് സാരം. പുതിയ തലമുറക്കായി പഴയ തലമുറ വഴിമാറിക്കൊടുക്കണമെന്ന് ശക്തമായി വാദിച്ചിരുന്നവരാണ് യുവത്വ കാലത്ത് ഇവരൊക്കെയും. വാര്‍ധക്യത്തിലേക്ക് കടന്നതോടെ അതെല്ലാം വിസ്മരിക്കേണ്ടത് അവര്‍ക്കാവശ്യമായി വന്നിരിക്കയാണ്. നേരത്തെ കോണ്‍ഗ്രസിലെ യുവതുര്‍ക്കിയെന്നറിയപ്പെട്ടിരുന്ന നേതാവാണല്ലോ അടുത്ത ദിവസം തന്റെ എഴുപത്താറാം വയസ്സില്‍ രാജ്യസഭയിലേക്ക് മത്സരിച്ചു ജയിച്ചത്. ആദര്‍ശരാഷ്ട്രീയം അവസരവാദ രാഷ്ട്രീയത്തിന് വഴിമാറിക്കൊടുക്കുന്ന കാലഘട്ടമാണല്ലോ ഇത്. വോട്ടു ചെയ്യാനുള്ള പ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കി കുറക്കാനുള്ള ആലോചനയിലാണ് ഇലക്ഷന്‍ കമ്മീഷന്‍. ഈ പതിനാറുകാരന്‍ വോട്ട് ചെയ്യേണ്ടതോ ശതാബ്ദിയോടടുത്തവര്‍ക്കും. യുവാക്കളുടെ ഒരു ദുര്യോഗം!