ബ്രസല്‍സ് ഭീകരാക്രമണം: ഇന്ത്യക്കാരനായി തിരച്ചില്‍ തുടരുന്നു

Posted on: March 24, 2016 9:03 am | Last updated: March 24, 2016 at 10:42 am

raghevendraന്യൂഡല്‍ഹി: ബ്രസല്‍സ് സാവന്റം വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കാണാതായ ഇന്ത്യക്കാരന് വേണ്ടി അന്വേഷണം നടത്തിവരികയാണെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കാണാതായ ഇന്ത്യാകാരന്‍ ബെംഗളൂരു സ്വദേശി രാഘവേന്ദ്ര ഗണേശന്‍ എന്ന ഇന്‍ഫോസിസ് ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇദ്ദേഹം ബെല്‍ജിയം നഗരത്തിലാണ് ജോലിചെയ്യുന്നതെന്നും വിദേശ കാര്യമന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചു. ഇദ്ദേഹത്തെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ബെല്‍ജിയം എംബസി അറിയിച്ചിട്ടുണ്ടെന്നും സുഷമാ സ്വരാജ് അറിയിച്ചു
ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരായ പരുക്കേറ്റ നിധിയും അമിത്തും സുഖം പ്രാപിച്ചുവരികയാണെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ബ്രസല്‍സ് വിമാനത്താവളം ഇതുവരെ തുറന്നിട്ടില്ല. അതിനാല്‍ ഇന്ത്യന്‍ പൗരന്മാരെ ബ്രസല്‍സില്‍ നിന്ന് ഒഴിപ്പിക്കുന്നതിന് ജെറ്റ് എയര്‍വേയ്‌സുമായി ചേര്‍ന്ന് മറ്റ് വഴികള്‍ അന്വേഷിക്കുകയാണ്. ബ്രസല്‍സില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. കാണാതായ ഗണേശന് വേണ്ടി ഊര്‍ജിതമായ അന്വേഷണം നടക്കുന്നതായി ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍ജീവ് പൂരിയും അറിയിച്ചു. ഗണേഷന്റെ സുഹൃത്തുക്കളും മറ്റുള്ളവരും അദ്ദേഹത്തെ അന്വേഷിക്കുകയാണെന്നും പൂരി പറഞ്ഞു.
സാവെന്റം എയര്‍പോര്‍ട്ടിലും മാല്‍ബീക് മെട്രോ സ്റ്റേഷനിലുമായി നടന്ന ആക്രമണങ്ങളില്‍ 30ലധികം പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.