Connect with us

Kannur

അങ്കം വെട്ടാനുറച്ചു; രണഭൂമിയില്ലാതെ പടക്കുതിര

Published

|

Last Updated

കണ്ണൂര്‍: ഒരു കാലത്ത് കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ എല്ലാമെല്ലാമായിരുന്ന കെ സുധാകരന്‍ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. രണ്ട് വര്‍ഷത്തോളമായി ജനപ്രതിനിധിയല്ലാത്ത സുധാകരന്‍ നടത്തിയ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് തിരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കുന്നതിന് മാര്‍ഗതടസമായി മാറിയിരിക്കുന്നത്. യു ഡി എഫിന് പ്രഥമ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയതിന്റെ കാരണവും സുധാകരന്‍ നടത്തിയ ഗ്രൂപ്പ് പ്രവര്‍ത്തനവും പിടിവാശിയുമാണെന്ന ആക്ഷേപം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും കണ്ണൂരിലെ നല്ലൊരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇപ്പോഴുമുണ്ട്. ഒരു കാലത്ത് സുധാകരന്റെ അരുമ ശിഷ്യനായിരുന്ന പി കെ രാഗേഷും താന്‍ ഡി സി സി പ്രസിഡന്റ് സ്ഥാനത്തെത്തിച്ച കെ സുരേന്ദ്രനും കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനുളള ആഗ്രഹം കാരണം സുധാകരനെ കൈയൊഴിഞ്ഞ സ്ഥിതിയാണ്.
2009 ല്‍ കണ്ണൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ സുധാകരന്റെ സ്വന്തം മണ്ഡലമായ കണ്ണൂര്‍ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് സി പി എം വിട്ടുവന്ന എ പി അബദുല്ലക്കുട്ടിക്ക് കണ്ണൂര്‍ സീറ്റ് നല്‍കുകയും ജയിച്ച് കയറുകയുമാണുണ്ടായത്. അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിലേക്കെത്തിക്കാനും കണ്ണൂര്‍ സീറ്റില്‍ മത്സരിപ്പിക്കാനും അന്ന് മുന്‍കൈയെടുത്തത് സുധാകരനായിരുന്നു. അതേ അബ്ദുല്ലക്കുട്ടിയാണ് ഇപ്പോള്‍ കണ്ണൂരില്‍ മത്സരിക്കുന്നതിന് സുധാകരന് മാര്‍ഗ തടസമായിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രനും കണ്ണൂരിന് വേണ്ടി ശ്രമം നടത്തുന്നുണ്ടെങ്കിലും അബ്ദുല്ലക്കുട്ടിക്ക് തന്നെ നറുക്കുവീഴുമെന്നാണ് സൂചന.
അബദുല്ലക്കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി തനിക്ക് മത്സരിക്കാനുളള താത്പര്യം സുധാകരന്‍ അറിയിച്ചിരുന്നുവെങ്കിലും സമ്മതം മൂളാത്തതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ താന്‍ മത്സരിക്കുമെന്ന് സുധാകരന്‍ സ്വയം പ്രഖ്യാപിക്കുകയും കാസര്‍കോട് ഡി സി സി യോഗത്തിലടക്കം പങ്കെടുത്ത് ഉദുമയില്‍ മത്സരിക്കുന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. സുധാകരന്റെ പേരുള്‍പ്പെടുത്തി ഉദുമ മണ്ഡലത്തിലെ ലിസ്റ്റ് കെ പി സി സിക്ക് നല്‍കിയെങ്കിലും കാസര്‍കോട് ജില്ലയിലെയും ഉദുമയിലേയും ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ഇറക്കുമതി സ്ഥാനാര്‍ഥിയെ തങ്ങള്‍ക്കാവശ്യമില്ലെന്ന നിലപാടാണെടുത്തത്. മറ്റ് ജില്ലകളില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടാതെയും അവിടെ നിന്നും ഒഴിവാക്കാനും ശ്രമിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളാണ് ജില്ലയില്‍ മത്സരിക്കാനെത്തുന്നതെന്ന് കാസര്‍കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം സുധാകരനെ ഉദ്ദേശിച്ച് പ്രസ്താവനയിറക്കിയിരുന്നു. സുധാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ബദ്ധവൈരിയായ കെ പി സി സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണനും കെ പി സി സി യോഗത്തില്‍ സുധാകരന്‍ ഉദുമയില്‍ മത്സരിക്കുന്നതിരെ ശക്തമായി വിമര്‍ശിച്ചിരുന്നു.
കണ്ണൂരില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച കെ സുധാകരനെ കാസര്‍കോട്ടേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗം കൂടിയായിരുന്നു ഉദുമയിലെ സുധാകരന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. അതേസമയം, ഇറക്കുമതി സ്ഥാനാര്‍ഥിയായി എത്തിയാല്‍ മണ്ഡലത്തിലെ സീറ്റ് മോഹികളായ ചില കോണ്‍ഗ്രസ് നേതാക്കള്‍, തന്നെ പരാജയപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമെന്ന് മുന്‍കൂട്ടി സൂചന ലഭിച്ചതിനാലാണ് എതിര്‍പ്പിന്റെ ശബ്ദം ഉയരുന്നുണ്ടെങ്കില്‍ താന്‍ ഉദുമയില്‍ മത്സരിക്കാനില്ലെന്ന് ഒടുവില്‍ സുധാകരന്‍ പ്രഖ്യാപനം നടത്തിയത്. ഉദുമയില്‍ മത്സരം സാധ്യമല്ലെങ്കില്‍ കണ്ണൂര്‍ തന്നെയാണ് സുധാകരന്‍ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ തന്റെ ഉറച്ച സീറ്റാണെന്നും അതൊഴിവാക്കി ഉദുമയിലേക്ക് വന്നത് ഒരു സീറ്റ് തന്നെക്കൊണ്ട് പാര്‍ട്ടിക്ക് നേടിക്കൊടുക്കാനായെങ്കില്‍ അത് വലിയ കാര്യമല്ലെ എന്ന് കരുതിയാണെന്നും സുധാകരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest