പഠാന്‍കോട്ടില്‍ ആയുധധാരികള്‍ കാര്‍ തട്ടിയെടുത്തു; സുരക്ഷ ശക്തമാക്കി

Posted on: March 23, 2016 10:49 am | Last updated: March 23, 2016 at 1:33 pm

PATHANKOTTപഠാന്‍കോട്ട്: ഭീകരാക്രമണം നടന്ന പഞ്ചാബിലെ പഠാന്‍കോട്ട് ജില്ലയില്‍ ആയുധധാരികളായ മൂന്ന് പേര്‍ കാര്‍ തട്ടിയെടുത്തു. സുജന്‍പുരില്‍ ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പഞ്ചാബിലെ പഠാന്‍ കോട്ടില്‍ കനത്ത ജാഗ്രത. അതേസമയം, സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാടന്‍ തോക്കുകളാണ് അക്രമികളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. കാര്‍ തടഞ്ഞു നിര്‍ത്തിയ മൂവര്‍ സംഘം ലിഫ്റ്റ് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് തോക്ക് ചൂണ്ടി ഉടമയെ പുറത്തിറക്കിയ ശേഷം സംഘം കാറുമായി കടന്നുകയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ ജയ്‌ഷെ മൊഹമ്മദ് ഭീകരര്‍ തട്ടിയെടുത്ത കാറിലായിരുന്നു എത്തിയത്. കാര്‍ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെക്ക് പോയിന്റെുകള്‍ തുറന്ന് വാഹനപരിശോധനകള്‍ നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.