Connect with us

Kerala

വിവരാവകാശ നിയമം: വിവാദ ഉത്തരവ് പിന്‍വലിച്ചു; മന്ത്രിമാരും പരിധിയില്‍

Published

|

Last Updated

തിരുവനന്തപുരം:വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ വിവാദ ഓഫീസ് ഓര്‍ഡര്‍ പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവാണ് പിന്‍വലിക്കുന്നത്.
അതേസമയം, വിജിലന്‍സിന്റെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ വിജ്ഞാപനം നിലനില്‍ക്കും. വിജിലന്‍സിന് വിവരങ്ങള്‍ നല്‍കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2009ലും 2010ലും വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്ത് അടിസ്ഥാനമാക്കിയാണ് ഇത് സംബന്ധിച്ച ഫയല്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിജിലന്‍സിലെ ടി ബ്രാഞ്ച് (രഹസ്യ വിഭാഗം) കൈകാര്യം ചെയ്യുന്ന കേസുകളില്‍ വിവരം നല്‍കുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇവരുടെ വിശദാംശം പുറത്തുവിടരുതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. വിജിലന്‍സിന് രഹസ്യമായി വിവരം നല്‍കുന്നവര്‍ ആരാണെന്ന് പുറത്തു വിടുന്നത് അവരുടെ ജീവന് ഭീഷണിയാകുമെന്ന് കൂടി പരിഗണിച്ചാണിത്. വിജിലന്‍സിന് വിവരം നല്‍കാന്‍ ആളുകള്‍ മടികാണിക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് പരിഗണിച്ചാണ് ടി ബ്രാഞ്ചിന്റെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത്.
ഇതിന്റെ ചുവടു പിടിച്ച് 2016 ജനുവരി 18ന് ഇറക്കിയ ഓഫീസ് മെമ്മോറാണ്ടമാണ് തെറ്റിദ്ധാരണക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റു ജനപ്രതിനിധികളുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കേസ് വിവരങ്ങളും വന്നത് ഈ ഓഫീസ് ഓര്‍ഡറിലാണ്. ഇത് പിന്‍വലിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ടി ബ്രാഞ്ചിനെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് തുടരണമെന്നാണ് വിജിലന്‍സും വകുപ്പ് സെക്രട്ടറിമാരും അറിയിച്ചത്. തമിഴ്‌നാട്ടില്‍ വിജിലന്‍സിനെ പൂര്‍ണമായി വിവരാവകാശത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിജിലന്‍സില്‍ ആറ് സെഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ രഹസ്യവിവരം ശേഖരിക്കുന്ന വിഭാഗമാണ് ടി ബ്രാഞ്ച്. അന്വേഷണവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ഇവരുടെ പരിധിയില്‍ വരുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ ഓഫീസ് ഓര്‍ഡര്‍ ഇറക്കിയത് സര്‍ക്കാറുമായി ആലോചിച്ചല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിവരാവകാശ നിയമം അട്ടിമറിക്കുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സംഭവം വിവാദമായത്. ഉത്തരവ് പിന്‍വലിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മുഖ്യവിവരാവകാശ കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചക്കുവരികയും വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന മന്ത്രി രമേശ് ചെന്നിത്തല വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. താന്‍ വിദേശത്തു പോയവേളയില്‍ ചുമതല വഹിച്ചിരുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവെച്ചതെന്നു രമേശ് ചെന്നിത്തല മന്ത്രിസഭാ യോഗത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നതിനുവേണ്ടി വിഷയം ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം, വിജ്ഞാപനം പിന്‍വലിക്കാതെ ഓഫീസ് ഓര്‍ഡര്‍ പിന്‍വലിച്ചത് കൊണ്ട് കാര്യമില്ലെന്നാണ് വിവരാവകാശപ്രവര്‍ത്തകരുടെ പക്ഷം.