Connect with us

Gulf

സുരക്ഷിത രാജ്യങ്ങളില്‍ ഖത്വറിന് രണ്ടാം സ്ഥാനം

Published

|

Last Updated

ദോഹ: ലോകത്ത് ആഭ്യന്തര സുരക്ഷിത രാജ്യങ്ങളില്‍ ഖത്വര്‍ രണ്ടാം സ്ഥാനത്ത്. 10 പ്രധാനവിഭാങ്ങളില്‍ രാജ്യം ഒന്നാമതാണ്. തൊഴില്‍ രാഹിത്യം, ഭീകരാക്രമണം, പ്രകൃതി ദുരന്തങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് ഖത്വര്‍ മുന്നില്‍ നില്‍ക്കുന്നത്. ഗോള്‍ഡന്‍ വിസ 2015ന്റെ വേള്‍ഡ് സേഫ്റ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടനുസരിച്ചാണിത്.
എന്നാല്‍ ജീവിതച്ചെലവില്‍ ഖത്വര്‍ 46ാം സ്ഥാനത്താണ്. അന്തരീക്ഷ മലിനീകരണത്തിലും ശരാശരിക്കു മുകളിലാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. വിഷന്‍ ഫോര്‍ ഹ്യൂമാനിറ്റി, ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, യു എന്‍ യൂനിവേഴ്‌സിറ്റി എന്നിവയുടെ രേഖകളും പരിഗണിച്ചു. ഓരോ രാജ്യത്തെയും സ്ഥിതിവിവരക്കണക്കുകള്‍ വിശദമായി പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രതീക്ഷിക്കാവുന്ന ആയുസ്സ്, കുറ്റകൃത്യങ്ങള്‍, മലിനീകരണ സൂചിക, ലോകസമാധാന സൂചിക, ഭീകര പ്രവര്‍ത്തനസൂചിക, ആത്മഹത്യാ നിരക്ക്, തൊഴില്‍ രഹിതര്‍, പ്രകൃതി ദുരന്ത സാധ്യത, ജീവിതച്ചെലവുകള്‍ എന്നിവയെല്ലാം പരിഗണിച്ചു.
ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യം സിംഗപ്പൂരാണ്. അവിടെ കുറ്റകൃത്യങ്ങളുടെ നിരക്കിലെ കുറവും ഭീകരാക്രമണ ഭീതിയില്ലാത്തതുമാണ് രാജ്യത്തെ ഒന്നാമതെത്തിച്ചത്. തൊഴില്‍ രാഹിത്യത്തിലും ദീര്‍ഘായുസ്സിലും രാജ്യം മികച്ച നിലയിലാണ്. എന്നാല്‍ ജീവിതച്ചെലവിലും മികച്ച ആരോഗ്യ സംരണക്ഷണ സംവിധാനത്തിലും സിംഗപ്പൂരിന് മികവുണ്ടായില്ല. പട്ടികയില്‍ ഖത്വറിനു പിറകില്‍ മൂന്നാംസ്ഥാനത്ത് സ്വിറ്റ്‌സര്‍ലാന്‍ഡാണ്. തുടര്‍ന്ന് ഡന്‍മാര്‍ക്ക്, ജര്‍മനി എന്നീ രാജ്യങ്ങളും വരുന്നു. ഖത്വറിനെക്കൂടാതെ പട്ടികയിലെ ആദ്യ 20ല്‍ ഇടം പിടിച്ച ഏക മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യം യു എ ഇയാണ്.

Latest