എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം ഇനി മുന്‍കൂര്‍ ബുക്ക് ചെയ്യാം

Posted on: March 22, 2016 3:27 pm | Last updated: March 23, 2016 at 6:33 pm

FOODമസ്‌കത്ത്: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണം മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുങ്ങുന്നു. വരുന്ന വിഷു ദിവസം മുതല്‍ സംവിധാനത്തിന് തുടക്കം കുറിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒ കെ. ശ്യാംസുന്ദര്‍ അറിയിച്ചു. ചെലവുകുറഞ്ഞ എയര്‍ലൈനുകളില്‍ സൗജന്യ ഭക്ഷണം ലഭ്യമാക്കുന്ന ഏക എയര്‍ലൈനായ എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ബിരിയാണി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ലഭ്യമാക്കും. പ്രഭാത ഭക്ഷണത്തിന് നാല് ഇനങ്ങളും മീല്‍സിന് ആറിനങ്ങളുമാണുണ്ടാകുക.

ഇത് പണം നല്‍കി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. വിനോദോപാധികള്‍ക്കായി യാത്രക്കാരില്‍നിന്നു നിശ്ചിത തുക വാങ്ങി വിമാനത്തില്‍ വൈഫൈ ലഭ്യമാക്കും. ടിവി സ്‌ക്രീനുകള്‍ സംബന്ധിച്ച സംവിധാനവും പരിഷ്‌കരിക്കുന്നുണ്ട്. ഇതുവഴി ഭാരം കുറയ്ക്കാനും കൂടുതല്‍ ലെഗേജ് ഉള്‍പ്പെടുത്താനും സാധിക്കും. സീറ്റുകള്‍ നവീകരിക്കും. കോഴിക്കോട് സെക്ടറില്‍ സാധ്യത പ്രയോജനപ്പെടുത്താന്‍ ചെറിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കും.