ലാത്തൂര്‍ തരുന്ന മുന്നറിയിപ്പ്

Posted on: March 22, 2016 6:00 am | Last updated: March 22, 2016 at 12:16 am

SIRAJ.......ഇനി നടക്കാനിരിക്കുന്ന യുദ്ധം കുടിവെള്ളത്തെ ചൊല്ലിയായിരിക്കുമെന്ന പരിസ്ഥിതി വിദഗ്ധരുടെ മുന്നറിയിപ്പ് യാഥാര്‍ഥ്യമാകുകയാണോ? മഹാരാഷ്ട്രയിലെ ലാത്തുര്‍ ജില്ലയില്‍ കുടിവെള്ളത്തെച്ചൊല്ലി യുദ്ധസമാന രംഗങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. മേഖലയിലെ 15 ലക്ഷത്തിലേറെ ആളുകള്‍ അതിരൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടതിനാല്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. പൊതുകിണറുകള്‍ക്കരികില്‍ സംഘര്‍ഷം പതിവായിരിക്കുന്നു. ജീവന്‍ നിലനിര്‍ത്താനായി ലക്ഷക്കണക്കിന് പേരാണ് അയല്‍ ജില്ലകളിലേക്ക് പലായനം ചെയ്യുന്നത്. വെള്ളത്തിന് വേണ്ടി ജലസംഭരണികള്‍ക്കിരികിലും ടാങ്കര്‍ ലോറിക്കരികിലും തടിച്ചു കൂടിയവര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കലാപത്തിലേക്ക് നീങ്ങുക പോലുമുണ്ടായി. സംഘര്‍ഷം നിയന്ത്രിക്കാനായി മേഖലയിലെ 20 പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചിരിക്കയാണ്. മെയ് അവസാനം വരെ ജലസംഭരണികള്‍ക്കും കുടിവെള്ള വിതരണ ടാങ്കറുകള്‍ക്കുമരികില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നതും സംഘടിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
ഇതൊരു ലാത്തൂരിന്റെ മാത്രം കഥയല്ല. അത്രത്തോളം രൂക്ഷമല്ലെങ്കിലും തലസ്ഥാന നഗരിയായ ഡല്‍ഹി, ഐ ടി തലസ്ഥാനമായ ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളും രാജ്യത്തെ ഒട്ടനവധി ഗ്രാമപ്രദേശങ്ങളും കടുത്ത ജലക്ഷാമം അനുഭവിച്ചു വരികയാണ്. ബെംഗളൂരുവും തമിഴ്‌നാടും കുടിവെള്ളത്തിന് ആശ്രയിക്കുന്ന കബനി നദിയില്‍ ജലവിതാനം പാടേ താണിട്ടുണ്ട്. ഏപ്രിലില്‍ മഴ ലഭിച്ചില്ലെങ്കില്‍ നദി വറ്റിവരളുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുകയും ജല സ്രോതസ്സുകള്‍ കൊണ്ട് അനുഗൃഹീതവുമായ നമ്മുടെ കേരളം പോലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വേനല്‍ പിറന്നാല്‍ വരള്‍ച്ചയുടെ പിടിയിലാണ്. ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും ഫലമായി രൂക്ഷമായ ജലക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുമെന്ന കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് റിസോഴ്‌സിന്റെ പഠന റിപ്പോര്‍ട്ട് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
രാജ്യത്തെ വരള്‍ച്ചക്ക് കാരണങ്ങള്‍ പലതാണ്. കാലവര്‍ഷത്തിന്റെ പ്രത്യേകതയാണ് മുഖ്യം. ഇന്ത്യയിലെ മഴയുടെ അളവ് വാര്‍ഷിക ശരാശരി 40,00,000 ദശലക്ഷം ഘനമീറ്റര്‍ വരും. ഇത് രാജ്യത്തെ മൊത്തം നദികളിലൂടെ ഒഴുകുന്ന വെള്ളത്തേക്കാളും ഭൂഗര്‍ഭ ജലത്തേക്കാളും കൂടുതലാണ്. 18,69,000 ദശലക്ഷം ഘനമീറ്ററാണ് നദികളിലെ വെള്ളത്തിന്റെ അളവ്. 4,32,000 ദശലക്ഷമാണ് ഭൂഗര്‍ഭ ജലം. എന്നാല്‍ ഇവിടെ മഴ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നിച്ചു വര്‍ഷിക്കുകയാണ് പതിവ്. ലഭ്യമാകുന്ന മഴയുടെ 65 ശതമാനവും 15 ദിവസത്തിനുള്ളില്‍ പെയ്‌തൊഴിയുന്നു. തന്മൂലം മഴവെള്ളത്തിന്റെ മുഖ്യഭാഗവും കുത്തിയൊലിച്ചു നദികളിലും സമുദ്രങ്ങളിലും എത്തുകയല്ലാതെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെന്നതാണ് ഇക്കാര്യത്തില്‍ നാം നേരിടുന്ന മുഖ്യ പ്രശ്‌നം.
മഴവെള്ളം പാഴാക്കാതെ ശേഖരിച്ചു പ്രത്യേക സംഭരണികളില്‍ സൂക്ഷിച്ചു വരള്‍ച്ചാ കാലത്ത് ഉപയോഗിക്കുന്ന സംവിധാനം പല രാജ്യങ്ങളിലും വിജയകരമായി നടപ്പാക്കി വരുന്നുണ്ട്. ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിലും പരമ്പരാഗത ജലസ്രോതസ്സുകള്‍ തീരെ കുറവായ പ്രദേശങ്ങളിലും, ലഭ്യമായ സ്രോതസ്സുകള്‍ ജനങ്ങള്‍ക്ക് തികയാതിരിക്കുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ ഫലപ്രദമായ ഒരു മാര്‍ഗമാണിത്. ഇത്തരം മാര്‍ഗേണ വെള്ളം സംഭരിക്കുന്ന രീതി ഇവിടെ തുലോം കുറവാണ്.
നദികളും മറ്റു ജലസ്രോതസ്സുകളുമെല്ലാം അത്യധികം മലിനമായിക്കൊണ്ടിരിക്കുന്നുവെന്നതാണ് രാജ്യത്തെ കുടിവെള്ള ക്ഷാമത്തിന് മറ്റൊരു കാരണം. പ്രമുഖ ഇന്ത്യന്‍ നദികള്‍ മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും ഉപയോഗ ശൂന്യമായി മാറുകയുമാണ്. പല പ്രമുഖ വ്യവസായ ശാലകളും നദീതീരങ്ങളിലാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ഉത്പാദന പ്രക്രിയക്ക് ശേഷം ഇവയില്‍ നിന്ന് പുറത്തുവരുന്ന രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന അഴുക്കു ജലവും മാലിന്യങ്ങളും തൊട്ടടുത്ത നദികളിലേക്കാണ് തള്ളിവിടുന്നത്. ദിനംപ്രതി 20കോടി ലിറ്റര്‍ വ്യവസായ പാഴ് വെള്ളവും140 കോടി ലിറ്റര്‍ ഓടജലവുമാണ് ഇന്ത്യയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഗംഗാനദിയില്‍ എത്തിച്ചേരുന്നത്. കേരളത്തില്‍ തന്നെ ഏതാനും വര്‍ഷം മമ്പുള്ള കണക്കനുസരിച്ച് വിവിധ വ്യവസായ ശാലകളില്‍ നിന്നായി പ്രതിദിനം 5 ലക്ഷം ക്യൂബിക് മീറ്റര്‍ മലിനജലം നദികളിലെത്തുന്നുണ്ട്. ജല മലിനീകരണത്തിനെതിരെ നിയമങ്ങളുണ്ടെങ്കിലും അത് കര്‍ശനമായി നടപ്പാക്കാറില്ല. മലിനീകരണ നിയന്ത്രണ നടപടികള്‍ കൃത്യമായി നടപ്പാക്കുക വഴി നിലവിലുള്ള ജലസ്രോതസ്സുകള്‍ സുരക്ഷിതമാക്കുകയും പാഴായിപ്പോകുന്ന മഴവെള്ളം സംഭരിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഇതിന്റെ അനിവാര്യതയെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയുമാണ് അനുദിനം രൂക്ഷമാകുന്ന വരള്‍ച്ചയെ അതിജീവിക്കാനുള്ള മാര്‍ഗം. ഇല്ലെങ്കില്‍ ലാത്തൂര്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആവര്‍ത്തിക്കും.