ദോഹ മെട്രോ റെഡ്‌ലൈന്‍ നോര്‍ത്തില്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി

Posted on: March 21, 2016 8:21 pm | Last updated: March 21, 2016 at 9:38 pm
തുരങ്ക നിര്‍മാണം പൂര്‍ത്തീകരണം പകര്‍ത്താനെത്തിയ മാധ്യമസംഘം. തുരങ്ക ദൗത്യം പൂര്‍ത്തിയാക്കി പുറത്തുവരുന്ന മെഷീന്‍
തുരങ്ക നിര്‍മാണം പൂര്‍ത്തീകരണം പകര്‍ത്താനെത്തിയ മാധ്യമസംഘം. തുരങ്ക ദൗത്യം പൂര്‍ത്തിയാക്കി പുറത്തുവരുന്ന മെഷീന്‍

ദോഹ : മെട്രോ റെയില്‍ പദ്ധതിയില്‍ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ച് റെഡ്‌ലൈനിലെ നോര്‍ത്ത് ഭാഗത്തെ തുരങ്ക നിര്‍മാണം പൂര്‍ത്തിയായി. ഇന്നലെ ഖത്വര്‍ റെയില്‍ മേധാവികളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കരാര്‍ കമ്പനി മേധാവികള്‍, മാധ്യമ പ്രവര്‍ത്തര്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍വമായിരുന്നു ടണല്‍ നിര്‍മാണത്തിന്റെ പൂര്‍ത്തീകരണം. ദോഹ ഗോള്‍ഫ് ക്ലബിനു സമീപത്ത് അവസാനിക്കുന്ന തുരങ്കത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. ലഗ്താഫിയ സ്റ്റേഷനും ഖത്വര്‍ യൂനിവേഴ്‌സിറ്റിക്കും ഇടയിലുള്ള മെട്രോ പാതയിലെ ടണല്‍ നിര്‍മാണമാണ് പൂര്‍ത്തിയായത്.
ഇതോടെ ദോഹ മെട്രോയിലെ തുരങ്കങ്ങളുടെ നിര്‍മാണം 85 ശമതാനം പൂര്‍ത്തിയായി. ആകെ പദ്ധതിയുടെ പുരോഗതി 37 ശതമാനത്തിലുമെത്തിയതായി ഖത്വര്‍ റയില്‍ മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 37 റയില്‍വേ സ്റ്റേഷനുകളുടെ നിര്‍മാണം നടന്നു വരികയാണ്. 17 സ്റ്റേഷനുകള്‍ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് സ്ലാബ് വരെ എത്തി.
മെട്രോ റെഡ്‌ലൈനിലെ തുരങ്ക നിര്‍മാണം 2014 ജൂലൈ 19നാണ് ആരംഭിച്ചത്. തെക്കു ഭാഗത്ത് വക്‌റയില്‍നിന്നും ലുസൈല്‍ വരെയുള്ള 41 കിലോമീറ്ററിലാണ് തുരങ്കം. വടക്കു ഭാഗത്ത് മിശൈരിബില്‍നിന്നും ലുസൈലിലേക്കുള്ള തുരങ്കങ്ങള്‍ ഇംപ്ലീജിലോ എസ് കെ ഇ ആന്‍ഡ് സി-ഗള്‍ഫാര്‍ അല്‍ മിസ്‌നദ് ജെ വി (ഐ എസ് ജി) ഇന്റര്‍നാഷനല്‍ കണ്‍സോര്‍ഷ്യമാണ് റെഡ്‌ലൈന്‍ നോര്‍ത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ടണലുകള്‍ക്കു പുറമേ ഏഴ് അണ്ടര്‍ ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിര്‍മാണവും ഐ സി ജിക്കാണ്. റെഡ്‌ലൈനില്‍ ആകെ 18 സ്റ്റേഷനുകളാണുള്ളത്.
നാലു ടണല്‍ ബോറിംഗ് മെഷീനുകളാണ് തുരങ്കനിര്‍മാണത്തിനായി ഉപയോഗിച്ചു വന്നത്. പ്രതിദിനം ശരാശരി 30 മീറ്റര്‍ തുരങ്കം നിര്‍മിച്ചു. 42 മീറ്ററാണ് ഒരു ദിവസം പൂര്‍ത്തിയാക്കിയ കൂടിയ ദൂരം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 29നായിരുന്നു ഇത്. നാലു മെഷീനുകളും കൂടി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 114 മീറ്റര്‍ തുരങ്ക നിര്‍മാണം നടത്തി. നിര്‍മാണച്ചുമതല ഏറ്റെടുത്ത ഐ സ് ജി കണ്‍സോര്‍ഷ്യം മികച്ച പ്രവര്‍ത്തനം നടത്തിയിരിക്കുന്നുവെന്നും ടണല്‍ നിര്‍മാണം പൂര്‍ത്തിയായതോടെ മെട്രോ പദ്ധതിയുടെ പുരോഗതിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് മനസ്സിലാക്കാമെന്നും ഖത്വര്‍ റയില്‍ മാനേജിംഗ് ഡയറ്ക്ടര്‍ എന്‍ജീനീയര്‍ അബ്ദുല്ല അല്‍ സുബയ്ഈ പറഞ്ഞു. മെട്രോ പദ്ധതിയുമായി മുന്നോട്ടു പോവുകയാണ്. ഈ വര്‍ഷം അവസാനത്തോടെ മെട്രോ നിര്‍മാണം പകുതി പിന്നിടും. നിര്‍മാണണത്തിന്റെ മറ്റു ഘട്ടങ്ങളായ സിസ്റ്റം ഇന്‍സ്റ്റലേഷന്‍, പവര്‍ സപ്ലേ, സിഗ്‌നലിംഗ് തുടങ്ങിയ വയെല്ലാം പുരോഗമിക്കുകയാണ്. സ്റ്റേഷനുകളുടെ രൂപകല്‍പ്പനയും അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
മെട്രോയിലെ മറ്റു പാതകളായ ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലെ തുരങ്ക നിര്‍മാണവും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഖത്വര്‍ റയില്‍ സി ഇ ഒ ഡോ. എന്‍ജിനീയര്‍ സാദ് അല്‍ മുഹന്നദി പറഞ്ഞു. റെഡ് ലൈനിലെ ടണല്‍ നിര്‍മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. പൂര്‍ത്തീകരണത്തിന്റെ ഓരോ ഘട്ടവും പൊതുജനങ്ങളുമായി പങ്കുവെക്കുമെന്നും അദ്ദേഹം അറിയിച്ചു. മെട്രോ ട്രെയിന്റെ മാതൃക വൈകാതെ ദോഹയിലെത്തിച്ച് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. രാജ്യത്തെ പുതിയ പൊതുഗതാഗത സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങളെ ബോധവ്ത്കരിക്കുന്നതിന്റെ ഭാഗായാണിതെന്നും അദ്ദേഹം പറഞ്ഞു.