ഇന്ത്യക്കും യു എ ഇക്കുമിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 39 സര്‍വീസുകള്‍ വര്‍ധിപ്പിക്കും

Posted on: March 21, 2016 3:13 pm | Last updated: March 22, 2016 at 6:59 pm

air-india_650x400_51449926765ദുബൈ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ്, ഇന്ത്യ മേഖലയില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് സി ഇ ഒ. കെ ശ്യാം സുന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കുള്ള പ്രതിവാര വിമാനങ്ങള്‍ ഇരട്ടിപ്പിക്കും. റാസല്‍ ഖൈമയില്‍ നിന്നും അല്‍ ഐനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ രണ്ട് തരത്തിലായിരിക്കും. റാസല്‍ ഖൈമയില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ നേരിട്ടും രണ്ട് വിമാനങ്ങള്‍ അല്‍ ഐനില്‍ നിന്ന് ഉള്ളവയും ആയിരിക്കും. അല്‍ ഐന്‍- കോഴിക്കോട് സര്‍വീസും ഇതേപോലെ ആയിരിക്കും. ആഴ്ചയില്‍ നാല് ദിവസം ഉണ്ടാകും. രണ്ടു ദിവസം നേരിട്ടായിരിക്കും.
യു എ ഇയിലേക്ക് ഇന്ത്യയില്‍ നിന്ന് 107 സര്‍വീസുകളാണ് ആഴ്ചയിലുള്ളത്. അത് 146 ആയി വര്‍ധിപ്പിക്കും. പ്രതിദിനം 21 സര്‍വീസുകളാണ് ഇതോടെ ഉണ്ടാവുക. മുംബൈയിലേക്ക് യു എ ഇയില്‍ നിന്ന് ബോയിംഗ് 737 വിമാനം ഏര്‍പെടുത്തും. മുംബൈ-ദുബൈ, മുംബൈ-ഷാര്‍ജ പ്രതിദിന വിമാനം ഏപ്രില്‍ ഏഴിന് തുടങ്ങും. മുംബൈയില്‍ നിന്ന് ദുബൈയിലേക്കുള്ളത് വൈകുന്നേരം 5.10ന് യാത്ര തിരിക്കും. മുംബൈയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ളത് തിരിച്ച് മുംബൈയിലേക്ക് പോവുക പുലര്‍ച്ചെ 2.55നായിരിക്കും. മെയ് 15 ഓടെ ഡല്‍ഹിയിലേക്ക് വിമാനം ഇരട്ടിക്കും. ഐ എക്‌സ് 141, ഐ എക്‌സ് 142 വിമാനങ്ങളാണ് ഇവ. ദുബൈയില്‍നിന്ന് രാവിലെ 11.20ന് പുറപ്പെടും. ഡല്‍ഹിയില്‍ നിന്ന് അബുദാബിയിലേക്കും തിരിച്ചുമുള്ളത് അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 12.15ന് പുറപ്പെടും. കേരളത്തിനും ഗള്‍ഫിനുമിടയില്‍ ആഴ്ചയില്‍ 96 വിമാനങ്ങളാണ് ഉള്ളത്. ഇത് 119 ആയി വര്‍ധിപ്പിക്കും. കോഴിക്കോടിനാണ് ഊന്നല്‍ നല്‍കുന്നത്. ജൂണ്‍ ഒന്നോടെ ദുബൈക്കും കോഴിക്കോടിനുമിടയില്‍ ദിവസവും രണ്ട് വിമാനങ്ങള്‍ വീതമുണ്ടാകും. പുതുതായി തുടങ്ങുന്ന സര്‍വീസ് ദുബൈയില്‍ നിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെടും. കോഴിക്കോടിനും ബഹ്‌റൈനും ഇടയിലും കോഴിക്കോടിനും ദോഹക്കുമിടയിലും പുതിയ ഷെഡ്യൂളുകളുണ്ടാകും. കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാന സര്‍വീസ് ആഴ്ചയില്‍ മൂന്നില്‍ നിന്ന് അഞ്ചായി വര്‍ധിക്കും. ദുബൈയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ളത് അഞ്ചില്‍ നിന്ന് ആറായി വര്‍ധിക്കും. തിരുവനന്തപുരത്തേക്ക് 930 സീറ്റുകളാണ് നിലവിലുള്ളത്. അത് 1,116 ആകും.
വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമാണ് കോഴിക്കോട്-അല്‍ ഐന്‍-റാസല്‍ ഖൈമ-കോഴിക്കോട് വിമാനങ്ങള്‍ ഉണ്ടാകുക. ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ഇത് കോഴിക്കോട്-റാസല്‍ ഖൈമ-അല്‍ ഐന്‍-കോഴിക്കോട് എന്ന നിലയിലായിരിക്കും. പ്രത്യേക ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് വിഷുക്കാലത്തോടെ തുടങ്ങും. സൗജന്യമായി ഭക്ഷണം നല്‍കുന്ന ഏക ബജറ്റ് എയര്‍ലൈനറാണ് എയര്‍ ഇന്ത്യ. വിമാന സര്‍വീസുകളുടെ കൃത്യതയില്ലായ്മയെക്കുറിച്ച് പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
എന്നാല്‍, ആയിരത്തില്‍ മൂന്ന് വിമാനങ്ങള്‍ മാത്രമാണ് റദ്ദാക്കപ്പെടുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ വര്‍ഷം ഒടുവില്‍ മൂന്ന് വിമാനങ്ങള്‍ വാങ്ങും. ഇതോടെ വിമാനങ്ങളുടെ എണ്ണം 36 ആകും. കഴിഞ്ഞ വര്‍ഷം 180 കോടി രൂപ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ലാഭമുണ്ടെന്നും യു എ ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വിസാ സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ടെന്നും ശാം സുന്ദര്‍ അറിയിച്ചു. റീജ്യണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ, കണ്‍ട്രി മാനേജര്‍ പ്രേം സാഗര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.