Connect with us

Kerala

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത

Published

|

Last Updated

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി കെപിഎസി ലളിത. ആരോഗ്യപരമായ കാരണങ്ങളും സിനിമാ തിരക്കുകള്‍കൊണ്ടുമാണ് പിന്മാറുന്നതെന്ന് അവര്‍ വ്യക്തമാക്കി. തീരുമാനം സിപിഎം നേതൃത്വത്തെ അറിയിച്ചു. കെപിഎസി ലളിതയെ വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സിപിഐഎം യാതൊരുവിധ മറുപടിയും കെപിഎസി ലളിതയ്ക്ക് നല്‍കിയിട്ടില്ല. ഇന്നുരാവിലെയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കെപിഎസി ലളിത വരുന്നത് സന്തോഷകരമാണെന്നും ഇടത് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇത് മികവ് നല്‍കുമെന്നും പറഞ്ഞിരുന്നു.

നേരത്തെ, പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ അറിയിച്ചുവെന്നും ലളിത വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ പ്രതിഷേധങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയുടെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുകേട്ടപ്പോള്‍ മുതല്‍ സിപിഎം തീരുമാനത്തിനെതിരെ പ്രവര്‍ത്തകരുടെ പ്രതിഷേധം മറനീക്കി പുറത്തുവന്നിരുന്നു. തീരുമാനം അംഗീകരിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി നൂറോളം വരുന്ന സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഇതിനു മുന്‍പും കെപിഎസി ലളിതയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

നേരത്തെ ലോക്കല്‍, ഏരിയ കമ്മിറ്റികളില്‍ നിന്നും വടക്കാഞ്ചേരിയില്‍ മത്സരിക്കാനായി നിര്‍ദേശിച്ചിരുന്നത് സേവ്യര്‍ ചിറ്റിലപ്പള്ളിയെ ആയിരുന്നു. ഈ നിര്‍ദേശത്തെ മറികടന്നാണ് ജില്ലാസംസ്ഥാന നേതൃത്വങ്ങള്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചതും, ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധങ്ങള്‍ കാര്യമാക്കാതെ ലളിത തന്നെ മതി വടക്കാഞ്ചേരിയില്‍ എന്ന് തീരുമാനിച്ചതും.

Latest