Connect with us

Kerala

ആറ് സീറ്റെങ്കിലും അധികം വേണം, എങ്കിലേ എല്‍ ഡി എഫില്‍ സമവായമാകൂ

Published

|

Last Updated

തിരുവനന്തപുരം: മണ്ഡലങ്ങളുടെ എണ്ണം 140ല്‍ നിന്ന് 146 എങ്കിലും ആയി ഉയര്‍ത്തിയാല്‍ മാത്രമെ സീറ്റ് വിഭജന കാര്യത്തില്‍ എല്‍ ഡി എഫില്‍ സമവായമുണ്ടാകൂയെന്നതാണ് സ്ഥിതി. ഉള്ളവര്‍ക്കെല്ലാം കൂടുതല്‍ സീറ്റ് വേണം. പുതുതായി സഹകരിക്കാന്‍ വന്നവര്‍ക്ക് വേറെയും. കൂട്ടിയും കുറച്ചും ഒടുവില്‍ സി പി എം പറഞ്ഞു. പുതിയ കക്ഷികള്‍ക്ക് സീറ്റ് നല്‍കാന്‍ തന്നെ മിനിമം എട്ട് സീറ്റെങ്കിലും വേണം. ആര്‍ എസ് പി മുന്നണി വിട്ട വകയില്‍ കിട്ടുന്ന രണ്ട് സീറ്റ് ഒഴിച്ചാല്‍ വേണ്ടത് ആറ് സീറ്റ്. എല്ലാവരും ചേര്‍ന്ന് ഇത്രയും സീറ്റ് വിട്ടുതരണമെന്നായിരുന്നു സി പി എം ആവശ്യം. കൂടുതല്‍ സീറ്റ് ചോദിച്ച് വന്നവരോട് സി പി എം ഇങ്ങോട്ട് സീറ്റ് ചോദിച്ചതോടെ മുന്നണി യോഗത്തിലും ചര്‍ച്ചകള്‍ വഴിമുട്ടി. പലവട്ടം നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇടത് മുന്നണി ഇന്നലെ യോഗം ചേര്‍ന്നത്. ചര്‍ച്ചകള്‍ അനന്തമായി നീളുമെന്നാണ് ഓരോരുത്തരുടെയും നിലപാടുകളില്‍ പ്രതിഫലിക്കുന്നത്. തോണി എങ്ങിനെ കരക്കടുപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് സി പി എമ്മും. ഉഭയ കക്ഷി ചര്‍ച്ചകളില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാകക്ഷികളും അതേപടി ആവര്‍ത്തിക്കുകയായിരുന്നു മുന്നണി യോഗത്തിലും.
ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാകോണ്‍ഗ്രസ്, സി എം പി, ജെ എസ് എസ്, കേരളാകോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് തുടങ്ങിയവര്‍ക്കാണ് പുതുതായി സീറ്റ് കണ്ടെത്തേണ്ടത്. സ്വതന്ത്രര്‍ അടക്കം 93 സീറ്റിലാണ് കഴിഞ്ഞ തവണ സി പി എം മത്സരിച്ചത്. ഇതില്‍ മൂന്ന് സീറ്റ് വരെ മറ്റുള്ളവര്‍ക്കായി വിട്ടുനല്‍കാന്‍ അവര്‍ സന്നദ്ധമാണ്. മറ്റു ഘടകകക്ഷികളും ഇതുപോലെ വിട്ടുവീഴ്ച്ച ചെയ്യണമെന്നായിരുന്നു മുന്നണി യോഗത്തില്‍ സി പി എം സ്വീകരിച്ച നിലപാട്.
27 സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച സി പി ഐ രണ്ട് സീറ്റെങ്കിലും അധികം കിട്ടിയെ മതിയാകൂഎന്ന നിലപാടിലാണ്. എന്നാല്‍, മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞ തവണ മത്സരിച്ചതില്‍ രണ്ടെണ്ണം സി പി ഐ വിട്ടുതരണമെന്ന് സി പി എമ്മും ആവശ്യപ്പെട്ടു. കാനംരാജേന്ദ്രന്‍ ഇതിനെ എതിര്‍ത്തതോടെ അവരുമായുള്ള ചര്‍ച്ച വഴി മുട്ടി. അഞ്ച് സീറ്റില്‍ കഴിഞ്ഞ തവണ മത്സരിച്ച ജനതാദള്‍ സെക്യുലര്‍ ഏഴാണ് ചോദിച്ചത്. ഒടുവില്‍ കെ കൃഷ്ണന്‍കുട്ടിക്ക് മത്സരിക്കാന്‍ ചിറ്റൂര്‍ എങ്കിലും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു. ചിറ്റൂര്‍ നല്‍കാന്‍ സന്നദ്ധമായെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച് തോറ്റ മലപ്പുറം തിരിച്ചെടുക്കുമെന്ന് സി പി എം അറിയിച്ചു. അവരും ഇതിനോട് വഴങ്ങിയിട്ടില്ല.
കഴിഞ്ഞ തവണ നല്‍കിയ നാല് സീറ്റ് തന്നെ ഇക്കുറിയും നല്‍കാമെന്ന് എന്‍ സി പിയെ അറിയിച്ചിട്ടുണ്ട്. എലത്തൂര്‍, പാല, കുട്ടനാട്, കോട്ടക്കല്‍ സീറ്റുകളിലാണ് എന്‍ സി പി മത്സരിക്കാറ്. രണ്ട് സീറ്റ് അധികം ചോദിച്ചെങ്കിലും കിട്ടില്ലെന്ന് ഉറപ്പായതോടെ അവര്‍ ഏതാണ്ട് വഴങ്ങിയ മട്ടിലാണ്. കടന്നപ്പള്ളി രാമചന്ദ്രന് കണ്ണൂര്‍ സീറ്റ് ഇക്കുറിയും നല്‍കാമെന്ന് അറിയിച്ചെങ്കിലും സുരക്ഷിത മണ്ഡലം വേണമെന്ന നിലപാടിലാണ് അവര്‍. സ്‌കറിയാതോമസിന്റെ കേരളാകോണ്‍ഗ്രസ് മൂന്ന് സീറ്റ് ചോദിച്ചെങ്കിലും ഒന്ന് നല്‍കാമെന്ന സി പി എം വാഗ്ദാനത്തിന് അവര്‍ വഴങ്ങിയിട്ടില്ല.
അഞ്ച് സീറ്റ് ചോദിച്ച ഐ എന്‍ എല്ലിനെ മൂന്നില്‍ ഒതുക്കാന്നാണ് സി പി എം ശ്രമം. കഴിഞ്ഞ തവണ നല്‍കിയ കൂത്ത്പറമ്പ് ഇക്കുറി സി പി എമ്മിന് വേണം. പകരം കോഴിടും മലപ്പുറം ജില്ലയില്‍ ഒരു സീറ്റും വാഗ്ദാനം. ഇത് അംഗീകരിക്കാതെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനാണ് ഐ എന്‍ എല്ലിന്റെ തീരുമാനം.
കേരളാകോണ്‍ഗ്രസ് ബിയില്‍ ആര്‍ ബാലകൃഷ്ണപിള്ളക്ക് സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് സി പി എം. ഇത് അറിഞ്ഞതോടെയാണ് ഇത്തവണ മത്സരിക്കാനില്ലെന്ന് പിള്ള പരസ്യനിലപാടെടുത്തത്. കെ ബി ഗണേഷ്‌കുമാറിന് മത്സരിക്കാന്‍ പത്തനാപുരം നല്‍കും.
ആര്‍ എസ് പിയിലെനിന്ന് രാജിവെച്ച കോവൂര്‍കുഞ്ഞുമോന് വേണ്ടി കുന്നത്തൂര്‍ സീറ്റും സി പി എം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാണിയോട് ഇടഞ്ഞ് ഒടുവില്‍ വന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാകോണ്‍ഗ്രസും ഏഴ് സീറ്റാണ് ചോദിക്കുന്നത്. മറ്റു കക്ഷികള്‍ വിട്ടുനല്‍കുന്ന മണ്ഡലങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാകും ഇവര്‍ക്ക് എത്രസീറ്റ് നല്‍കുമെന്നതിലെ തീരുമാനം. പൂഞ്ഞാറിന് വേണ്ടി പി സി ജോര്‍ജ് നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും എ കെ ജി സെന്റര്‍ ഇനിയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Latest