പണിപ്പുരയില്‍ ചരിത്ര രചനക്ക് അടിത്തറ നല്‍കുന്ന പുസ്തകം

Posted on: March 19, 2016 5:10 am | Last updated: March 19, 2016 at 12:11 am
പുസ്തകത്തിന്റെ കവര്‍
പുസ്തകത്തിന്റെ കവര്‍

മലപ്പുറം: വിദ്യാര്‍ഥികളെ ചരിത്ര രചനാ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോകാന്‍ സഹായിക്കുന്ന പുതിയ പുസ്തകം വരുന്നു. പ്രമുഖ ചരിത്രകാരന്‍ ഡോ. എം ആര്‍ രാഘവ വാരിയരുടെ ‘ചരിത്രം; രീതി ശാസ്ത്ര പഠനങ്ങള്‍’ എന്ന പേരിലിറങ്ങുന്ന പുസ്തകം അവസാന ഘട്ട പണിപ്പുരയിലാണ്. ശാസ്ത്രീയമായ രീതിയില്‍ എങ്ങനെ ചരിത്രമെഴുതാം എന്നതാണ് പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയം.
ജീവിത സായഹ്നത്തിലും ചരിത്ര വിദ്യാര്‍ഥികളെ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് പുതിയ പുസ്തക രചനക്ക് പിന്നില്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയാണ് പുസ്തകം പ്രസിദ്ധീകരിക്കുക. ഇതിനകം മുപ്പതോളം ചരിത്ര പുസ്തകങ്ങള്‍ ഇദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. എണ്‍പതാമത്തെ വയസിലും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശക്തമായി ഇടപെടല്‍ നടത്തുന്ന അദ്ദേഹം പുരാലിപി വിദഗ്ധന്‍, സംസ്‌കാര പഠനം, സാഹിത്യ വിമര്‍ശം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തി മുദ്ര പതിച്ചിട്ടുണ്ട്. കൊയിലാണ്ടിക്കാരനായ ഡോ. എം ആര്‍ രാഘവ വാരിയര്‍ ഇപ്പോള്‍ മലയാള സര്‍വകലാശാലയുടെ ചരിത്ര വിഭാഗം മേധാവിയാണ്.
20 വര്‍ഷത്തോളം മലയാള അധ്യാപകനായിരുന്നു. പിന്നീട് ചരിത്രത്തോട് താത്പര്യമുണ്ടാവുകയും ജെ എന്‍ യുവില്‍ നിന്ന് പി എച്ച്ഡി. നേടുകയും ചെയ്തു. തുടര്‍ന്നാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്ര അധ്യാപകനായി ചുമതയേല്‍ക്കുന്നത്. ചരിത്രകാരന്‍ എം ജി എസ് നാരായണനാണ് ലിഖിത പഠനത്തിലേക്ക് വഴി കാണിച്ചത്.
1996ല്‍ കോഴിക്കോട് സര്‍വകലാശാല ചരിത്ര വിഭാഗത്തില്‍ നിന്ന് വിരമിച്ച ശേഷം മഹത്മാ സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 2007 മുതല്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ പ്രസിദ്ധീകരണ വിഭാഗം ചീഫ് എഡിറ്ററാണ്. വടക്കന്‍ പാട്ടുകളുടെ പണിയാല, കേരള ചരിത്രം, കേരളീയ ചരിത്ര മാനങ്ങള്‍, ചരിത്രത്തിലെ ഇന്ത്യ, മലയാള ലിപി ചരിത്രം, തരിസാപ്പള്ളി പട്ടയം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
പുരാതന ലിപി വായിക്കുന്നതിന് വേണ്ടി പാരീസിലെ നാഷനല്‍ ബിബ്ലിയോത്തിക്ക്, ഇംഗ്ലണ്ടിലെ മോണ്‍ ഫോര്‍ട്ട് സര്‍വകലാശാല, ജപ്പാനിലെ ടോക്കിയോ സര്‍വകലാശാല തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സി പി മേനോന്‍ എന്‍ഡോവ്‌മെന്റ്, അബുദാബി ശക്തി അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
കേരളത്തിലെ പൈതൃകങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങിയവ അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം സിറാജിനോട് പറഞ്ഞു. ഇതിന് മാറ്റം വന്നാല്‍ മാത്രമേ കേരളത്തില്‍ പുതിയ ചരിത്ര സംഭവങ്ങള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.