കിവീസിന് മുന്നില്‍ ഓസീസ് മുട്ടുമടക്കി: കിവീസിന് രണ്ടാം ജയം

Posted on: March 18, 2016 6:22 pm | Last updated: March 18, 2016 at 7:00 pm

mitchell-mcclenaghan-1803-dharamsalaധര്‍മശാല: ട്വന്റി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തിനിറങ്ങിയ ഓസ്‌ട്രേലിയയെ എട്ടു റണ്‍സിനാണു ന്യൂസിലാന്‍ഡ് പരാജയപ്പെടുത്തിയത്. 143 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണു നേടാന്‍ സാധിച്ചത്. മൂന്നു വിക്കറ്റുമായി ഓസീസ് ബാറ്റിംഗിനു കൂച്ചുവിലങ്ങിട്ട മിച്ചല്‍ മംഗ്ലീഗനാണു മാന്‍ ഓഫ് ദ മാച്ച്.

നേരത്തെ ടോസ് നേടി ന്യൂസിലാന്‍ഡ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്യംസണും ചേര്‍ന്ന് കിവീസിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 7.1 ഓവറില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഗ്രാന്‍ഡ് എലിയറ്റ് (27), കോളിന്‍ മന്റോ (23) എന്നിവര്‍ സ്‌കോറിലേക്കു ചെറിയ സംഭാവനകള്‍ നല്‍കിയപ്പോള്‍ നിശ്ചിത ഓവറില്‍ കിവീസ് 143 റണ്‍സ് നേടി. 39 റണ്‍സ് നേടിയ ഗപ്റ്റിലാണ് കിവീസ് ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയക്ക് വേണ്ടി ജയിംസ് ഫോക്‌നര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ടുവിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഓസീസിനായി ഉസ്മാന്‍ ഖവാജ (38) യും ഷെയ്ന്‍ വാട്‌സ (13) ണും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീടെത്തിയ നായകന്‍ സ്റ്റീവന്‍ സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഗ്ലെന്‍ മാക്‌സ്‌വെല്ലും (22), മിച്ചല്‍ മാര്‍ഷും (24) ശ്രമിച്ചുനോക്കിയെങ്കിലും കിവീസ് ബൗളര്‍മാരുടെ കണിശതയാര്‍ന്ന പന്തേറിനുമുന്നില്‍ മുട്ടുമടക്കി. കിവീസിനായി മിച്ചല്‍ മഗ്‌ളീഗന്‍ മൂന്നു വിക്കറ്റ് നേടിയപ്പോള്‍ കോറി ആന്‍ഡേഴ്‌സണ്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.