Connect with us

National

കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്നുപേര്‍ അറസ്റ്റില്‍

Published

|

Last Updated

ഹൈദരാബാദ്: പണത്തിനുവേണ്ടി 15 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുന്നുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീടിനടുത്തെ ഷെഹിനായത്ഗുഞ്ചില്‍ നിന്നാണ് അഭയ് എന്ന വിദ്യാര്‍ഥിയെ കാണാതായത്. വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ പുറത്തുപോയ അഭയ് പിന്നീട് തിരിച്ചു വന്നില്ല. കുട്ടിക്കുവേണ്ടി അന്വേഷണം തുടരുന്നതിനിടയിലാണ് സെക്കന്ദരാബാദിനടുത്ത് കൈ ബന്ധിച്ച നിലയില്‍ മൃതദേഹം പെട്ടിക്കുള്ളില്‍ കണ്ടത്തെിയത്.

അഭയിനെ കാണാതായ ദിവസം കുട്ടിയെ തങ്ങള്‍ തട്ടിക്കൊണ്ടു പോയതാണെന്നും വിട്ടു തരണമെങ്കില്‍ പത്തുകോടി രൂപ നല്‍കണമെന്നും പിതാവിന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്‌നേഹിതനുമൊത്ത് സ്‌കൂട്ടറില്‍ അഭയ് യാത്ര ചെയ്യുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. റീസൈക്ലിംഗ് കമ്പനിയുടെ ഉടമയാണ് മരിച്ച അഭയിന്റെ പിതാവായ രാജ്കുമാര്‍.

10 പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഫോണ്‍ കോള്‍ പിന്തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ കമ്പനിയില്‍ മുമ്പ് ജോലി ചെയ്തിട്ടുള്ളവരുമാണ്. വിജവാഡയിലേക്ക് രക്ഷപ്പെടുമ്പോള്‍ ട്രെയിനില്‍ നിന്നാണ് മൂവരും പിടിയലായതെന്ന് പൊലീസ് അറിയിച്ചു.