പിങ്ക് കാരവന്‍ യാത്രക്ക് ഇന്ന് അബുദാബിയില്‍ സമാപനം

Posted on: March 18, 2016 3:27 pm | Last updated: March 18, 2016 at 3:27 pm

PINK CARAWANഅബുദാബി: സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണവുമായി നടത്തുന്ന പിങ്ക് കാരവന്‍ യാത്ര ഇന്ന് അബുദാബിയില്‍ സമാപിക്കും.10 ദിവസങ്ങളായി നടക്കുന്ന ബോധവത്കരണ യാത്ര രാജ്യത്തെ ഏഴ് എമിറേറ്റുകളിലും പര്യടനം നടത്തിയതിന് ശേഷമാണ് ഇന്ന് അബുദാബിയില്‍ സമാപിക്കുന്നത്. അബുദാബി സാദിയാത്ത് ഐലന്റ് റെജിസ് ഹോട്ടലില്‍ വൈകുന്നേരം ഏഴിനാണ് സമാപന പരിപാടികള്‍ നടക്കുക. യു എ ഇ സാംസ്‌കാരിക- വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, പിങ്ക് കാരവന്‍ കമ്മിറ്റി മേധാവികളും ബോധവത്കരണത്തിന്റെ അംബാസഡര്‍മാരും സമാപന ചടങ്ങില്‍ സംബന്ധിക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 100 സ്ത്രീ-പുരുഷന്മാരാണ് പര്യടനത്തില്‍ ഭാഗവാക്കായത്. യാത്രയിലുടനീളം പിങ്ക് കാരവന്‍ മെഡിക്കല്‍ ടീം ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സസ് ഗ്രേസ് ആശുപത്രിയുമായി സഹകരിച്ച് സൗജന്യ സ്തനാര്‍ബുദ പരിശോധനകള്‍ നടത്തി. ഇന്ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ഏഴുവരെ യാത്രയുടെ ഭാഗമായ മൊബൈല്‍ ക്ലിനിക്കുകളില്‍ ജനങ്ങള്‍ക്ക് സന്ദര്‍ശനം നടത്താവുന്നതാണ്.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും ശൈഖ് ഡോ. സുല്‍ത്താന്റെ പത്‌നിയും എഫ് ഒ സി പി സ്ഥാപകയും റോയല്‍ പാട്രണും യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോളിന്റെ വേള്‍ഡ് ക്യാന്‍സര്‍ ഡിക്ലറേഷന്‍ ഇന്റര്‍നാഷണല്‍ അംബാസഡറുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും രക്ഷാകര്‍തൃത്വത്തിലാണ് പിങ്ക് കാരവന്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പിങ്ക് കാരവനിന്റെ ഭാഗമായി 36,332 പേരില്‍ സ്തനാര്‍ബുദ പരിശോധന നടത്തിയിട്ടുണ്ട്. വിവിധ പ്രായത്തിലുള്ള സ്ത്രീ പുരുഷന്മാരിലാണ് ദേശ-ഭാഷകള്‍ക്കതീതമായി പരിശോധന നടത്തിയത്. ഇവരില്‍ 10,839 പേരെ മാമോഗ്രാം പരിശോധനക്കും 1,362 പേരെ അള്‍ട്രാ സൗണ്ടിനും റഫര്‍ ചെയ്തു. 27 കേസുകളില്‍ സ്തനാര്‍ബുദ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.