Connect with us

National

പാക് ഭീകരരെ വധിച്ചെന്ന റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം തള്ളി

Published

|

Last Updated

അഹമ്മദാബാദ്: പാക്കിസ്ഥാനില്‍ നിന്നെത്തിയ പത്ത് ഭീകരരില്‍ മൂന്ന് പേരെ വധിച്ചെന്ന റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗവും ഗുജറാത്ത് പോലീസും തള്ളി. ഈ മാസം ആദ്യം ഗുജറാത്ത് വഴി ഇന്ത്യയിലേക്ക് കടന്ന പത്ത് പാക് ഭീകരരില്‍ മൂന്ന് പേരെ വധിച്ചെന്നായിരുന്നു ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്.
പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവ പാക്കിസ്ഥാനില്‍ നിന്ന് പത്ത് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന വിവരം ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഗുജറാത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിരിക്കെയാണ് മൂന്ന് പേരെ വധിച്ചുവെന്ന വിവരം ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. എന്നാല്‍, ഈ റിപ്പോര്‍ട്ട് തെറ്റായിരുന്നുവെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗവും ഗുജറാത്ത് പോലീസും വ്യക്തമാക്കുന്നത്. പാക് മുന്നറിയിപ്പിനെ തുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയപ്പോള്‍ ഏതാനും ദിവസം മുമ്പ് ഗുജറാത്തിലെ ബുജ്ജിലുള്ള ഗസ്റ്റ് ഹൗസുകളില്‍ നിന്ന് ഒമ്പത് പേര്‍ ബില്‍ അടക്കുകയോ വിലാസം നല്‍കുകയോ ചെയ്യാതെ രക്ഷപ്പെട്ടിരുന്നു. പാക് ഭീകരരായിരിക്കാമെന്ന നിഗമനത്തില്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ ഭീകരരല്ലെന്നും എ ടി എം കവര്‍ച്ചക്കാരാണെന്നും പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇവരില്‍ നിന്ന് ഗ്യാസ് കട്ടര്‍ പോലുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ഈ സംഘം കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എ ടി എം കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെല്ലാവരും ഝാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. എ ടി എം മെഷീന്‍ അപ്പാടെ എടുത്തുകൊണ്ടുപോയി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ച് പണം പുറത്തെടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് ജുജറാത്ത് ബോര്‍ഡര്‍ റേഞ്ച് ഐ ജി. എ കെ ജഡേജ പറഞ്ഞു. ഇതോടെ, പാക്കിസ്ഥാനില്‍ നിന്ന് ഗുജറാത്ത് വഴി ഭീകരര്‍ നുഴഞ്ഞുകയറിയെന്ന റിപ്പോര്‍ട്ടുകള്‍ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് ബോധ്യപ്പെട്ടു. അറസ്റ്റിലായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഝാര്‍ഖണ്ഡ് പോലീസിന് കൈമാറി സ്ഥിരീകരണം ഉണ്ടാക്കിയതായും ഐ ജി ജഡേജ പറഞ്ഞു.