നിസാമിന് ജയിലില്‍ വഴിവിട്ട സഹായം: ജയില്‍ ഐ ജി അന്വേഷണത്തിനെത്തി

Posted on: March 18, 2016 6:00 am | Last updated: March 18, 2016 at 12:07 am

nisamകണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷക്കപ്പെട്ട മുഹമ്മദ് നിസാമിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വഴിവിട്ട സഹായം ചെയ്യുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഐ ജി. എച്ച് ഗോപകുമാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി. ഇന്നലെ രാവിലെ 10.30ഓടെയാണ് ഐ ജി ജയിലിലെത്തിയത്. തുടര്‍ന്ന് ജയില്‍ സൂപ്രണ്ടുമായി കൂടികാഴ്ച നടത്തി. അതിനുശേഷം നിസാമിനെ പാര്‍പ്പിച്ച പത്താംബ്ലോക്കില്‍ ഐ ജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
കഴിഞ്ഞ ജനുവരി 22 നാണ് ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് നിസാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നത്. ജയില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി വഴിവിട്ട സൗകര്യങ്ങളാണ് ജയില്‍ സൂപ്രണ്ട് നിസാമിന് നല്‍കിയെന്നായിരുന്നു ആരോപണം. 11-ാം ബ്ലോക്കില്‍ നിസാമിന് പ്രത്യേക മുറിയും സഹായിയേയും അനുവദിച്ചെന്നും ജയില്‍ ജോലികളില്‍നിന്നു നിസാമിനെ ഒഴിവാക്കിയെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 11 എന്നൊരു ബ്ലോക്കില്ലെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡി ജി പി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐജി എച്ച് ഗോപകുമാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍തന്നെ ജയില്‍ ഡി ജി പിക്ക് കൈമാറും.