Connect with us

National

നെഞ്ചുവേദനയെ തുടര്‍ന്ന് നളിനിയെ ആശുപത്രിയിലാക്കി

Published

|

Last Updated

വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിയെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനകള്‍ക്കായി വെല്ലൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഇന്നലെ നളിനിയെ കൊണ്ടുപോയി. കഴിഞ്ഞ മാസം പിതാവിന്റെ മരണത്തിന് ശേഷം നളിനി അസ്വസ്ഥയായിരുന്നുവെന്നും നെഞ്ച് വേദന പ്രകടിപ്പിച്ചിരുന്നുവെന്നും ജയില്‍ വകുപ്പ് അറിയിച്ചു. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് നളിനി അധികൃതര്‍ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ജയില്‍ ഡോക്ടര്‍ ഇവരെ പരിശോധിക്കുകയും അസാധാരണ ഹൃദയമിടിപ്പാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജയില്‍ ഡോക്ടര്‍ തന്നെയാണ് നളിനിയെ വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ രാവിലെ എട്ടോടെ ആശുപത്രിയില്‍ എത്തിച്ച നളിനിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് ആഴ്ചകള്‍ മുമ്പ് രണ്ട് തവണയായി ഇവര്‍ക്ക് പരോള്‍ അനുവദിച്ചിരുന്നു. ദീര്‍ഘകാലമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന തന്നെ മോചിപ്പിക്കണമെന്ന് നേരത്തെ നളിനി ആവശ്യപ്പെട്ടിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഴുവന്‍ കുറ്റവാളികളെയും വിട്ടയക്കാന്‍ തമിഴ്‌നാട് മന്ത്രിസഭ തീരുമാനിക്കുകയും ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തിരുന്നു.

Latest