ഹജ്ജ്:റിസര്‍വ് കാറ്റഗറിയിലുള്ളവര്‍ക്ക് നറുക്കെടുപ്പില്ലാതെ അവസരം

Posted on: March 18, 2016 6:01 am | Last updated: March 18, 2016 at 11:48 am

hajj 2016കൊണ്ടോട്ടി: ഹജ്ജ് കമ്മിറ്റികള്‍ മുഖേന ഹജ്ജിന് അപേക്ഷിച്ചവരില്‍ എഴുപത് വയസ്സ് പൂര്‍ത്തിയായവര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും (റിസര്‍വ് കാറ്റഗറി എ, റിസര്‍വ് കാറ്റഗറി ബി) നറുക്കെടുപ്പില്ലാതെ അവസരം നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. ഇതുപ്രകാരം കേരളത്തിലെ രണ്ട് കാറ്റഗറിയിലുമായി അപേക്ഷ ലഭിച്ച 9,943 പേര്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിനു പോകാം.
എഴുപത് വയസ്സ് പിന്നിട്ടവര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും അവസരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും പ്രത്യേകം താത്പര്യം കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് മുസ്‌ലിം ജനസംഖ്യാനുപാതികം ക്വാട്ട നിശ്ചയിക്കുന്നതിനു പകരം ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവസരം നല്‍കുന്നതിന് അധികം സീറ്റ് അനുവദിക്കുകയായിരുന്നു. ഇതിനാല്‍ യഥാര്‍ഥ ക്വാട്ടയേക്കാള്‍ അധികമായി കേരളത്തിന് 4,910 സീറ്റ് അധികം അനുവദിച്ചിട്ടുണ്ട്. ഈ മാനദണ്ഡപ്രകാരം ഗുജറാത്തിന് 3,728 സീറ്റുകള്‍ അനുവദിച്ചതോടെ അവിടെ നിന്ന് 7,044 പേര്‍ക്കും ഹജ്ജിനവസരമായി. ഉത്തരാഖണ്ഡിന് ഈ വിഭാഗത്തിലായി നിലവിലുള്ള ക്വാട്ടയേക്കാള്‍ 49 സീറ്റ് അധികം ലഭിച്ചു.
ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഹജ്ജ് കമ്മിറ്റി മുഖേന ഏറ്റവും കൂടുതല്‍ പേര്‍ ഹജ്ജിനു പോകുന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. 21,828 പേര്‍. രണ്ടാം സ്ഥാനം കേരളത്തിനാണ്. തൊട്ടുപിന്നിലുള്ള പശ്ചിമബംഗാളില്‍ നിന്ന് 8,905 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്ന് ഈ വര്‍ഷം അപേക്ഷിച്ച 341 പേരില്‍ 285 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കും.
കേരളത്തില്‍ ഹജ്ജ് നറുക്കെടുപ്പ് 23ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. ഒഴിവുവരുന്ന സീറ്റിലേക്കും അധികം ലഭിക്കുന്ന സീറ്റിലേക്കും നാലാം വര്‍ഷം അപേക്ഷിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തും. കഴിഞ്ഞ വര്‍ഷം 6,522 പേരാണ് ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍ നിന്ന് ഹജ്ജ് നിര്‍വഹിച്ചത്. ഈ വര്‍ഷം അവസരം ലഭിച്ചവര്‍ ഒന്നാം ഗഡു അടക്കേണ്ട തുക ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നറുക്കെടുപ്പിനു ശേഷം വ്യക്തമാകും.