Connect with us

Articles

നിങ്ങളൊരു രാഷ്ട്രീയ പാര്‍ട്ടിയാണോ?

Published

|

Last Updated

ജോസഫ് പുലിക്കുന്നേല്‍

ആന, കുതിര, രണ്ടില, ഒരില ഇങ്ങനെ ചിഹ്നങ്ങള്‍ മാറി മാറി പരിശോധിച്ച് പിളരുക, വളരുക, പിളരുക, ലയിക്കുക, ലയനം വീണ്ടും ഘനീഭവിച്ച് പൂര്‍വരൂപം പ്രാപിക്കുക എന്നിങ്ങനെ മധ്യതിരുവിതാംകൂറിലെ മധ്യവര്‍ഗപാര്‍ട്ടി അതായത് കേരളത്തിന്റെ സ്വന്തം കോണ്‍ഗ്രസിന്റെ പുതിയ പതിപ്പിനു അമീബ തിരഞ്ഞെടുപ്പ് ചിഹ്നമായി ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചു കൊടുത്താല്‍ അത്ഭുതപ്പെടാനില്ല. കൃത്യമായ ആകൃതിയൊ ആവാസവ്യവസ്ഥയോ ഇല്ലാത്ത അമീബകള്‍ക്ക് ഏതു സാഹചര്യത്തെയും അതിജീവിക്കാനും സ്വയം മുറിഞ്ഞ് വര്‍ഗോത്പത്തി നടത്താനും കഴിയും. ജീവിവര്‍ഗങ്ങളിലെ ഈ നിത്യഹരിത പൂര്‍വികനെ നമുക്കോര്‍മ വരിക വല്ലപ്പോഴുമൊക്കെ ഇങ്ങനെ കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് വാര്‍ത്ത കേള്‍ക്കുമ്പോഴാണ്. അമീബ ഫാമിലിയില്‍ നിന്നു വിദൂരകാലത്ത് പരിണമിച്ചുണ്ടായതെന്നു പറയുന്ന പല തരം ഉഭയജീവികളെക്കുറിച്ചും ജീവശാസ്ത്ര ക്ലാസുകളില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട്. ശീതരക്തമുള്ള കശേരുക്കളോടു കൂടിയ ഈ ജന്തുക്കള്‍ക്കു കരയിലും വെള്ളത്തിലും ഒരുപോലെ മാറിമാറി ജീവിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. വലതുവശം ചേര്‍ന്നു മാത്രമേ നടക്കൂ എന്ന് പിടിവാശിയൊന്നുമില്ല. വലതുനിന്നു ഇടത്തേക്കും ഇടതു നിന്ന് വലത്തേക്കുമൊക്കെ മാറാന്‍ നിമിഷനേരത്തെ ആലോചന മതി. അതുകൊണ്ടാണല്ലൊ വി എസ് കാരണവര്‍ പറഞ്ഞത് ഇവര്‍ക്കു ഇടതുപക്ഷ തറവാട്ടില്‍ ഇടം കൊടുക്കുന്നത് ആലോചിച്ചു വേണമെന്ന്. അകത്തിടം കൊടുത്തില്ലെങ്കിലും വരാന്തയില്‍ ഒരു പായ് വിരിച്ചു കൊടുക്കുന്നത് അത്രമോശം കാര്യമൊന്നുമല്ലെന്നു കോടിയേരി സഖാവും പ്രതികരിച്ചു കഴിഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയാവുന്ന ആര്‍ക്കും കോടിയേരിയുടെ നിലപാടിനോട് യോജിക്കാതിരിക്കാനാകില്ല. ആരെന്തൊക്കെ പറഞ്ഞാലും മധ്യതിരുവിതാംകൂറിലെ നസ്രാണി വോട്ടുകള്‍ മൊത്തമായി യു ഡി എഫ് പെട്ടിയില്‍ വീഴുന്നതിനു തടയിടാന്‍ സ്വന്തം നിലയില്‍ കരുത്തുള്ളവരാണ് കേരളാ കോണ്‍ഗ്രസ് പന്തലിന്റെ കാല്‍നാട്ടുകര്‍മം നടത്തിയ അന്തരിച്ച കെ എം ജോര്‍ജിന്റെ മകന്‍ ശ്രീ ഫ്രാന്‍സിസ് ജോര്‍ജും ആന്റണി രാജുവും ഡോ. കെ സി ജോസഫും പിന്നെ പൂഞ്ഞാര്‍പുലി പി സി ജോര്‍ജും ഒക്കെ. രാഷ്ട്രീയം തിരോഭവിക്കുകയും സാമുദായിക സങ്കുചിതത്വം അരങ്ങടക്കി വാഴുകയും ചെയ്യുന്ന വര്‍ത്തമാനകാല കേരളീയ അന്തരീക്ഷത്തില്‍ യു ഡി എഫ് വിട്ടിറങ്ങിയ ഈ ത്രിമൂര്‍ത്തികളെ ഇടതു പാളയത്തില്‍ നിന്നകറ്റി നിറുത്തണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ചരിത്രപരമായ മറ്റൊരു മണ്ടത്തരമായിരിക്കും. ജോസഫ് ഇല്ലാത്ത ജോസഫ് ഗ്രൂപ്പെന്നൊക്കെ പത്രക്കാര്‍ ആക്ഷേപിക്കുന്നെങ്കിലും പി ജെ ജോസഫും ഒപ്പമുള്ള പാലാ അച്ചായന്മാരും കാറ്റനുകൂലമാകുന്ന പക്ഷം ഇപ്പുറത്തേക്കു ചാടാനുള്ള ദൈവവിളിക്കായി കാതോര്‍ത്ത് ഈ നോമ്പുകാലം മുഴുവന്‍ ഇടവകപ്പള്ളികളില്‍ ധ്യാനം കൂടി ഇരിക്കുന്നതായാണ് കേള്‍ക്കുന്നത്. നോമ്പുവീടലിനു മുമ്പുള്ള ആണ്ടു കുമ്പസാരവും കുര്‍ബാനകൊള്ളലും കഴിഞ്ഞിട്ട് ആയിരിക്കും കുഞ്ഞുമാണിക്കെതിരായുള്ള പടപ്പുറപ്പാട് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നടക്കാന്‍ പോകുന്നത്. കാത്തിരുന്നു കാണാം.
കത്തോലിക്കര്‍ക്കു ജന്മപാപം എന്നൊരു സങ്കല്‍പ്പമുണ്ട്. അതിന്റെ പൊരുളന്വേഷിച്ചു ചെല്ലുമ്പോള്‍ കാണാന്‍ കഴിയുക ജനിച്ചുവീഴുന്ന ഓരോ ശിശുവിന്റെ തലയിലും ആദിമാതാപിതാക്കന്മാര്‍ ചെയ്ത പാപത്തിന്റെ വിഹിതം പതിച്ചു നല്‍കിയിരിക്കുന്നു എന്നാണ്. ചുരുക്കത്തില്‍ കുട്ടികളെ ജനിപ്പിക്കുക എന്നത് തന്നെ ഒരുതരം പാപപ്രവര്‍ത്തിയാണ്. അതുകൊണ്ടാണല്ലൊ പരസഹസ്രം കത്തോലിക്കാ വൈദികരും കന്യാസ്ത്രികളും അത്തരം കാര്യത്തിനൊന്നും തുനിയാതെ ഇങ്ങനെ നിരന്തരമായി പാപം ചെയ്തുകൊണ്ടിരിക്കുന്ന കുഞ്ഞാടുകള്‍ക്കു പാപമോചനം നല്‍കാനുള്ള സൂത്രപ്പണികള്‍ ആസൂത്രണം ചെയ്തുകൊണ്ട് പള്ളിമേടകളില്‍ തന്നെ അന്തിയുറങ്ങുന്നത്. കോണ്‍ഗ്രസുകാരുടേത് കര്‍മപാപമാണെങ്കില്‍ കേരളാ കോണ്‍ഗ്രസുകാരുടെത് ജന്മപാപമാണ്. ആ പാര്‍ട്ടി ജനിച്ചുവീണതു തന്നെ പാപത്തിലായിരുന്നു എന്നാണ് എന്റെ മുമ്പിലിരിക്കുന്ന ആത്മകഥാപ്രധാനമായ താഴെപ്പറയുന്ന പുസ്തകങ്ങള്‍ സമര്‍ത്ഥിക്കുന്നത്. പുസ്തകങ്ങള്‍ മറ്റാരുടേതുമല്ല. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍കൂടിയായ ജോസഫ് പുലിക്കുന്നേല്‍ രചിച്ച കേരളാകോണ്‍ഗ്രസിന്റെ സ്ഥാപനചരിത്രം (കറന്റ് ബുക്‌സ് 2004) സാക്ഷാല്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ പ്രിസണര്‍ 5990 എന്ന ആത്മകഥ (ഡി സി ബുക്‌സ്) ഒരേസമയം എങ്ങനെ നല്ല കത്തോലിക്കനും നല്ല കമ്യൂണിസ്റ്റുമായി ഒരു കേരളാ കോണ്‍ഗ്രസുകാരനു മാറാം എന്നതിനു മാതൃക കാണിച്ച അന്തരിച്ച ലോനപ്പന്‍ നമ്പാടന്റെ സഞ്ചരിക്കുന്ന വിശ്വാസി(കറന്റ് ബുക്‌സ് 2014). ഇവരൊക്കെയാണ് കേരളാ കോണ്‍ഗ്രസ് പിറവിയിലെ കാലുമാറ്റത്തിന്റെയും കുതികാലുവെട്ടലുകളുടെയും അധികാരാര്‍ഥികളുടെയും ഒക്കെ കഥകള്‍ നമുക്കു മുമ്പില്‍ നിരത്തുന്നത്. ഇനി ആരൊക്കെയാണോ ഈ പാര്‍ട്ടിയുടെ രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന പരസ്യക്കുമ്പസാരത്തിനു തയ്യാറാകുന്നതെന്നു കാത്തിരുന്നു കാണാം. സ്വയം എഴുത്തു വശമില്ലാത്തവര്‍ക്കു സെക്രട്ടറിമാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോലും കുഞ്ഞുകുഞ്ഞുകഥകളുമായി അനുവാചക ലോകത്തെ കൈയിലെടുക്കാന്‍ ഉള്ള ജോലി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കൂട്ടത്തില്‍ ചെറിയാന്‍ ഫിലിപ്പിന്റെ കാല്‍ നൂറ്റാണ്ട് എന്ന ചരിത്രഗ്രന്ഥവും കേരളാകോണ്‍ഗ്രസ് പാര്‍ട്ടിയെ മൊത്തത്തില്‍ ചരിത്രത്തിന്റെ പ്രതിക്കൂട്ടില്‍ കയറ്റിനിറുത്തി വിചാരണ ചെയ്യുന്നുണ്ട്.
ആര്‍ ശങ്കര്‍ എന്ന ഈഴവ നേതാവിനെതിരെ പി ടി ചാക്കോ എന്ന സവര്‍ണ നസ്രാണി പാളയത്തില്‍ പടയുണ്ടാക്കിയാണല്ലോ തുടക്കം. നായര്‍-നസ്രാണി ഐക്യം എന്ന മുദ്രാവാക്യം മുഴക്കി 1957ലെ ഇ എം എസ് ഭരണം ചെറിയ തോതില്‍ തുടങ്ങിവെച്ച ഫ്യൂഡല്‍വിരുദ്ധ കലാപവും ദളിത്, പട്ടികജാതി, പട്ടികവര്‍ഗ പിന്നാക്കജനവിഭാഗങ്ങള്‍ക്കു നഷ്ടപ്പെട്ട ആത്മാഭിമാനംവീണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളും മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ ആപത്താണെന്ന ആശയം ആദ്യം ഉടലെടുക്കുന്നത് യശ്ശഃശരീരനായ മന്നത്തു പത്മനാഭന്റെ തലക്കുള്ളിലായിരുന്നു. ജന്മിനാടുവാഴിത്തസവര്‍ണവംശാഭിമാനാദി പ്രതിലോമ ആശയങ്ങളില്‍, മതം രണ്ടാണെങ്കിലും ഒരേ നിലപാട് പുലര്‍ത്തുന്ന രണ്ട് വിഭാഗങ്ങളായിരുന്നു മധ്യതിരുവിതാംകൂറിലെ നായന്മാരും സുറിയാനി ക്രിസ്ത്യാനികളും. പള്ളീലച്ചന്മാരും പിള്ളയച്ചന്മാരും എന്നിങ്ങനെ രണ്ടുതരം അച്ചന്മാരാണ് ഈ ലേഖകന്റെ ചെറുപ്പകാലം ചെലവഴിച്ച കോട്ടയത്തും സമീപപ്രദേശങ്ങളിലും വ്യാപകമായി ഉണ്ടായിരുന്നത്. അങ്ങാടിയില്‍ വന്ദനവും പള്ളികളില്‍ മുഖ്യാസനവും ഈ രണ്ടച്ചന്മാര്‍ക്കും ജനങ്ങള്‍ നിര്‍ലോഭം നല്‍കിപ്പോന്നു. നസ്രാണി പള്ളിയോഗത്തിലും നായര്‍ കരയോഗത്തിലും പോയിരുന്നു എന്ന വ്യത്യാസം മാത്രം. ഈ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പുലര്‍ത്തിയിരുന്ന പരസ്പര ബന്ധം സാമൂഹിക ശാസ്ത്രദൃഷ്ട്യാ ഉള്ള പഠനം അര്‍ഹിക്കുന്ന ഒന്നാണ്. കേരള രാഷ്ട്രീയം എന്തുകൊണ്ടാണ് ഇത്രമേല്‍ മലീമസമായിപ്പോയത്? എന്തുകൊണ്ടാണ് ഇവിടുത്തെ വോട്ടര്‍മാരെല്ലാം സ്വന്തം പരമ്പരാഗത നിലപാടുകളില്‍ എന്നും ഉറച്ചു നില്‍ക്കുന്നത്? ഒരേ നിയോജകമണ്ഡലത്തില്‍ നിന്നും ഒരേ വ്യക്തി തന്നെ മുപ്പഞ്ചും നാല്‍പതും വര്‍ഷം വരെ തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്നത്? ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നസ്രാണി നായര്‍ ഐക്യം എന്ന വ്യാജ മുദ്രാവാക്യം വഴി സൃഷ്ടിച്ചെടുത്ത ജീര്‍ണ സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചാല്‍ മനസ്സിലാകും. ഇത്തരം ഒരു പഠനത്തിന്റെ അഭാവം സംഘ്പരിവാര്‍ ശക്തികള്‍ മുതലെടുത്ത് തുടങ്ങിയിരിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ അടുത്തതില്‍ നസ്രാണിയെയും നായരെയും ഒരേ നുകത്തില്‍ ബന്ധിക്കാന്‍ പറ്റുമെന്ന് അവര്‍ ഉഴുതുമറിക്കുന്ന മണ്ണില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിത്തു വിതച്ച് വിളവെടുപ്പ് നടത്താമെന്നു സ്വപ്‌നം കാണുന്നു. ക്ഷേത്രത്തിലെ ശംഖുനാദവും പള്ളിയിലെ മണി മുഴക്കവും ഇപ്പോള്‍ തന്നെ ഏറെക്കുറെ സമാനസ്വരം പുറപ്പെടുവിച്ചു തുടങ്ങിയെന്ന ആശങ്ക പോലും അനുഭവപ്പെടുന്നുണ്ട്.
ലോകം മുന്നോട്ട് നടക്കുമ്പോള്‍ ഇന്ത്യ ഒപ്പം നടത്തുന്നതിനു പകരം പിന്നോട്ടു നടത്താന്‍ തത്രപ്പെടുന്നവര്‍ ഭരണാധികാരം ചുളുവില്‍ തട്ടിയെടുക്കുന്നു. ഓരോ ജനതക്കും അര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടുന്നു. ഈ അര്‍ഥത്തില്‍ നോക്കിയാല്‍ കേരളാ കോണ്‍ഗ്രസ്- ബി ജെ പി സഖ്യം ഭാവിയുടെ സാധ്യതയാണ്. ജോസ് കെ മാണിക്കു വേണ്ടി കേന്ദ്ര മന്ത്രിസഭയില്‍ ഒഴിച്ചിട്ടിരിക്കുന്ന കസേര കരഗതമാകും എന്നു കണക്കുകൂട്ടിയിരുന്നപ്പോഴാണ് ബാര്‍ കോഴ വിവാദം എന്ന അമിട്ട് എട്ടു നിലയില്‍ പൊട്ടിയത്. അതെല്ലാം മാറി അന്തരീക്ഷം തെളിയുന്ന ഒരു നല്ല കാലം വരുമെന്നാണ് മാണി സാറിന്റെ വിശ്വാസം. എല്ലാ വിശ്വാസവും ഒരാശ്വാസമാണല്ലോ.
മുകളില്‍ സൂചിപ്പിച്ച പുസ്തകങ്ങള്‍ എല്ലാം തന്നെ പൂര്‍ണമായും മാണിയെ പലതരത്തില്‍ ആക്ഷേപിക്കുന്നവയാണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനൊരു ഭീഷണിയായി പിറന്നു വീണ കേരളാ കോണ്‍ഗ്രസ് എന്ന വിചിത്രശിശു ഇന്ന് 52 വയസ്സിന്റെ യുവത്വത്തിലാണ്. 1964 ഒക്‌ടോബര്‍ 9ാം തീയതി കോട്ടയത്തെ ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്ന 120ല്‍ താഴെ വിമത കോണ്‍ഗ്രസുകാര്‍ ചേര്‍ന്നാണ് ഈ പാര്‍ട്ടിക്കു രൂപം നല്‍കിയത്. 1965ലെ പൊതു തിരഞ്ഞെടുപ്പില്‍ ജയിച്ചുവന്ന ജനപ്രതിനിധികള്‍ക്കൊന്നും നിയമസഭ കാണാന്‍ അവസരം ലഭിക്കാതെ പോയ സംഭവത്തിലൂടെയാണ് കേരളാകോണ്‍ഗ്രസ് അതിന്റെ ശക്തി തെളിയിച്ചത്. വാസ്തവത്തില്‍ രാഷ്ട്രീയകേരളത്തിന്റെ യഥാര്‍ഥമുഖം പ്രതിഫലിപ്പിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു അതെന്നാണ് അന്നത്തെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കണക്കു തെളിയിക്കുന്നത്. എല്ലാ കക്ഷികള്‍ക്കും ഒറ്റക്കൊറ്റക്കു മത്സരിച്ച് സ്വന്തം ശക്തി തെളിയിക്കാന്‍ കിട്ടിയ ഒരവസരമായിരുന്നു അത്.
53 മണ്ഡലങ്ങളിലായിരുന്നു അന്ന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നമായ കുതിരയുടെ ഒരു കുളമ്പടി ശബ്ദം പോലും കേട്ടില്ല. പാര്‍ട്ടിയുടെ മാമോദീസാ കര്‍മത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചത് ക്രൈസ്തവ മെത്രന്മാരായിരുന്നെങ്കില്‍ തലതൊട്ടപ്പന്റെ സ്ഥാനം അലങ്കരിച്ചത് മന്നത്തു പത്മനാഭനായിരുന്നു. പാര്‍ട്ടി പിന്താങ്ങിയ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളുള്‍പ്പെടെ 26 സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ജയിച്ചു വന്നത്. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ ജനങ്ങള്‍ക്കിടയില്‍ കൈവരിച്ച സ്വാധീനത്തിന്റെ യഥാര്‍ഥ അളവുകോലായി ഇന്നും നിലനില്‍ക്കുന്നു.
കോണ്‍ഗ്രസ് 36, കേരളാ കോണ്‍ഗ്രസ് 26, എസ് എസ് പി 13 മുസ്‌ലിംലീഗ് അഞ്ച് സ്വതന്ത്രരുള്‍പ്പെടെ 11, സി പി ഐ 3, സി പി ഐ എം 40. പിന്നീടൊരിക്കലും ഒറ്റക്കു മത്സരിക്കുക എന്ന സാഹസത്തിനു ഒരു കക്ഷിയും തുനിയുകയുണ്ടായില്ല. തിരഞ്ഞെടുപ്പ് ആസന്നമാകുമ്പോള്‍ അതുവരെയുള്ള വിമര്‍ശങ്ങളും കുറ്റപ്പെടുത്തലുകളും എല്ലാം അവസാനിപ്പിച്ച് വലത്- ഇടത് മുന്നണികളില്‍ ചേക്കേറി വിലപേശല്‍ നടത്തുക എന്നത് എല്ലാ ചെറുകക്ഷികളും പതിവാക്കി. സ്വന്തം നിലയില്‍ ശക്തിപ്പെടാനോ ജനങ്ങളെ സ്വാധീനിക്കാനോ ആരും കാര്യമായി യാതൊന്നും ചെയ്തില്ല. 65 മാതൃകയില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഇപ്പോഴും ഇതൊക്കെ തന്നെയാകും ഫലം.
അതിനാല്‍ കേരളാ കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ ഒന്നുകൊണ്ടും ആശങ്കപ്പെടേണ്ടതില്ല. തിരഞ്ഞെടുപ്പ് ജയം, മന്ത്രിസഭയുണ്ടാക്കല്‍, വിവിധ തരം കോര്‍പറേഷനുകളുടെ ഭാരവാഹിത്വം, ഇതിനൊക്കെ അപ്പുറം ഒരു രാഷ്ട്രീയവും നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ലെന്നതാണ് ഈ വളര്‍ച്ച നിലച്ചുപോകലിനു കാരണം. യേശു പറഞ്ഞു: പുതിയ വീഞ്ഞ് പഴയ ഭരണിയില്‍ പകരരുത്. പുതിയ വീഞ്ഞ് സൂക്ഷിക്കാന്‍ പുതിയ ഭരണി തന്നെ വേണം. നമ്മുടെ രാഷ്ട്രീയത്തില്‍ പുതിയ വീഞ്ഞും ഉണ്ടാകുന്നില്ല, പുതിയ ഭരണിയും ഉണ്ടാകുന്നില്ല.
1960 കളിലെ കോണ്‍ഗ്രസ്- കേരളാകോണ്‍ഗ്രസ് പിളര്‍പ്പു പോലെ മറ്റൊരു പിളര്‍പ്പാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ നടന്നത്. സി പി എമ്മിന്റെ അടവുതന്ത്ര നയങ്ങളില്‍ പാളിച്ച സംഭവിക്കാതിരുന്നാല്‍ കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ വഴിത്തിരിവായിരിക്കും ഈ പിളര്‍പ്പ് സൃഷ്ടിക്കുക. അപ്പോഴും ഓര്‍ക്കുക, ചാക്കോ- ശങ്കര്‍ യുദ്ധത്തെ തുടര്‍ന്ന് രൂപംകൊണ്ട കേരളാ കോണ്‍ഗ്രസ് ഒരു പ്രത്യേക സാമ്പത്തിക വര്‍ഗത്തിന്റെ പാര്‍ട്ടിയായി മാറുകയായിരുന്നു. കുട്ടനാട്ടിലെ കായല്‍ രാജാക്കന്മാരും കോട്ടയത്തെ തോട്ടമുടമകളും തങ്ങളുടെ താത്പര്യസംരക്ഷണത്തിന് എക്കാലത്തും ഈ പാര്‍ട്ടിയെ ആശ്രയിച്ചുപോന്നു. തത്ഫലമായി ആ പാര്‍ട്ടിയെ സഖ്യകക്ഷിയായി സ്വീകരിച്ച കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഒക്കെ അത്തരം സമ്പന്നവര്‍ഗതാത്പര്യങ്ങള്‍ ഒരു പരിധിവരെ നിറവേറ്റി കൊടുക്കേണ്ട ബാധ്യത ചുമലില്‍ പേറേണ്ടി വന്നു.
കേരളാ കോണ്‍ഗ്രസ് രൂപവത്കരണകാലത്ത് ഒരു ദിവസം തിരുനക്കരമൈതാനിയില്‍ സ്വതന്ത്രാ പാര്‍ട്ടി നേതാവ് സി രാജഗോപാലാചാരി പ്രസംഗത്തിനെത്തി. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനു ബദലായി ശക്തമായ ഒരു പ്രതിപക്ഷം എന്ന നിലയില്‍ സ്വതന്ത്രാപാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാജാജി നടത്തിക്കൊണ്ടിരുന്ന ഭാരതപര്യടനത്തിന്റെ ഭാഗമായിരുന്നു തിരുനക്കര മൈതാനിയിലെ അദ്ദേഹത്തിന്റെ പ്രസംഗം. കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഒരു ഉരുള്‍പൊട്ടലിനു നേതൃത്വം കൊടുത്തുകൊണ്ട് പിറവിയെടുത്ത കേരളാ കോണ്‍ഗ്രസിനെ രാജാജി തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനു സംഭവിക്കാന്‍ പോകുന്നത് ഇതു തന്നെയായിരിക്കുമെന്ന് ആ ക്രാന്തദര്‍ശി പ്രവചിച്ചു. അറുപതുകളുടെ അവസാനമായപ്പോഴേക്കും ആ പ്രവചനം ഏറെക്കുറെ പൂര്‍ത്തിയായി.
അന്ന് വര്‍ക്കി ജോര്‍ജിന്റെയും ജോസഫ് പുലിക്കുന്നേലിന്റെയും നേതൃത്വത്തില്‍ ഒരു സംഘം കേരളാകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജാജിയെ കാണാന്‍ അദ്ദേഹം താമസിച്ചിരുന്ന കോട്ടയത്തെ ഗസ്റ്റ് ഹൗസിലെത്തി. മനുമസ്സാനി, എന്‍ ജി രംഗ മുതലായ സ്വതന്ത്രാ പാര്‍ട്ടിയുടെ കേന്ദ്ര നേതാക്കളും രാജാജിയോടൊപ്പം ഉണ്ടായിരുന്നു. സംഭാഷണത്തിനിടയില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചോദിച്ചു Are you a political party? (നിങ്ങള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയാണൊ) ഇന്ത്യന്‍ രാഷട്രീയത്തിലെ കുറുക്കന്‍ എന്നറിയപ്പെടുന്ന തന്ത്രശാലിയാണ് ചോദിക്കുന്നത്. പുലിക്കുന്നേല്‍ ഉത്തരം പറഞ്ഞു; അല്ല. ഞങ്ങള്‍ ഇപ്പോള്‍ ഒരു രാഷട്രീയപാര്‍ട്ടിയല്ല ഒരു രാഷട്രീയ പാര്‍ട്ടിക്കു വ്യക്തമായ നയപരിപാടികള്‍ ഉണ്ടാകണമല്ലൊ. അത്തരം ഒരു പ്രക്രിയക്കുള്ള സമയം ഞങ്ങള്‍ക്കു കിട്ടിയിട്ടില്ല.ഞങ്ങള്‍ ഇപ്പോള്‍ ഒരു ആള്‍ക്കൂട്ടമാണ്. അദ്ദേഹം തലയാട്ടി ചിരിച്ചു. പുലിക്കുന്നേല്‍ അന്നു പറഞ്ഞതാണ് ഇന്നും ആ പാര്‍ട്ടിയെ സംബന്ധിച്ച സത്യം. അതിന്നും ഒരാള്‍ക്കൂട്ടമാണ്. ഈ വിശേഷണം അര്‍ഹിക്കുന്ന വേറെയും ആള്‍ക്കൂട്ടങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ പ്രബലമാണ്. ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രമാണ് അത്തരം രാഷട്രീയ കക്ഷികളെ നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ജനങ്ങളെ സമീപിക്കുന്ന ഇത്തരം കക്ഷികളോട് രാജാജി ചോദിച്ച അതേ ചോദ്യം നമ്മള്‍ക്കും ചോദിക്കാം. നിങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണൊ? (Are you a political party ?)
ഫോണ്‍. 9446268581

 

Latest