ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഡെന്‍മാര്‍ക്ക്; ഇന്ത്യ 118ാം സ്ഥാനത്ത്‌

Posted on: March 17, 2016 10:44 pm | Last updated: March 17, 2016 at 10:44 pm

happyജനീവ: ഡെന്‍മാര്‍ക്ക് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രാജ്യം. യു എന്‍ പുറത്തിറക്കിയ ലോക ആഹ്ലാദ രാജ്യങ്ങളുടെ പട്ടികയിലാണ് ഡെന്‍മാര്‍ക്ക് ഒന്നാമതെത്തിയത്. 157 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വെ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനത്തിന് അര്‍ഹമായി. പാക്കിസ്ഥാനും താഴെയായി ഇന്ത്യക്ക് പട്ടികയില്‍ 118ാം സ്ഥാനമാണ് ലഭിച്ചത്. പാക്കിസ്ഥാന്‍ 92ാം സ്ഥാനത്താണ്.
ജനങ്ങളുടെ ആരോഗ്യ നിലവാരം, ആരോഗ്യ പരിചരണം ലഭിക്കുന്ന സ്ഥലങ്ങളുടെ ലഭ്യത, കുടുംബബന്ധം, തൊഴില്‍ സുരക്ഷ, സാമൂഹിക നിലവാരം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. ഡെന്‍മാര്‍ക്കില്‍ സ്ത്രീ പുരുഷ ഭേദമന്യേ നല്ലൊരു ശതമാനം ഉയര്‍ന്ന തൊഴില്‍ ചെയ്യുന്നവരാണെന്നും സാമൂഹിക സുരക്ഷയിലും ക്ഷേമത്തിലും അസൂയാവഹമായ മുന്നേറ്റമാണ് അവിടെയുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അറബ് രാജ്യങ്ങളില്‍ യു എ ഇക്ക് ഒന്നാം സ്ഥാനം ലഭിക്കുകയും ലോക പട്ടികയില്‍ 28ാം സ്ഥാനത്തെത്തുകയും ചെയ്തു.