അല്ലാഹുവിന്റെ 99 നാമങ്ങളില്‍ ഒന്നുപോലും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് പ്രധാനമന്ത്രി

Posted on: March 17, 2016 8:52 pm | Last updated: March 18, 2016 at 2:33 pm

modiന്യൂഡല്‍ഹി: അല്ലാഹുവിന്റെ 99 നാമങ്ങളും സമാധാനത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചതുര്‍ദിന അന്താരാഷ്ട്ര സൂഫീസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ആദിമ മനുഷ്യനായ ആദം നബി സമാധാന സന്ദേശവുമായി വന്നിറങ്ങിയത് ഇന്ത്യയിലായിരുന്നുവെന്നത് പ്രസക്തമാണ്. ഇന്ത്യയിലെ സൂഫി ദര്‍ബാറുകള്‍ രാജ്യത്തിന്റെ ആത്മാവായി നിലകൊണ്ടിരുന്നവയാണ്. സര്‍വ മനുഷ്യരും സഹിഷ്ണുതയോടെ ജീവിക്കുന്ന ഇന്ത്യയാണ് സൂഫികളും രാഷ്ട്രനിര്‍മാണത്തിനായി യത്‌നിച്ച പൂര്‍വസൂരികളും സ്വപ്‌നംകണ്ടത്. മനുഷ്യനെ ഭിന്നിപ്പിക്കാനും തകര്‍ക്കാനും ശ്രമിക്കുന്ന തീവ്രവാദവും ഭീകരവാദവും വ്യാപകമാകുന്ന കാലത്ത് സൂഫി ചിന്തകളുടെ ആഗോള പ്രസക്തി പ്രകടമാണ്. ലോകത്ത് സമാധാനം സൃഷ്ടിക്കാന്‍ ഇസ്‌ലാമിക സൂഫി ദര്‍ശനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ മതങ്ങളും മതമില്ലാത്തവരും ഒന്നാണ്. വ്യത്യസ്തത പ്രകൃതിയുടെ അനിവാര്യമായ സത്യമാണ്. മതങ്ങള്‍ നമ്മെ വിഭജിക്കാനുള്ള ഘടകമല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സൂഫി ചിന്താധാരയുടെ വിവിധതലങ്ങള്‍ ചര്‍ച്ചചെയ്തു കൊണ്ടാണ് അന്താരാഷ്ട്ര സൂഫി കോണ്‍ഫറന്‍സിന് ഡല്‍ഹിയില്‍ തുടക്കമായത്. 25ലധികം രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഒത്തുചേര്‍ന്ന സൂഫി പണ്ഡിതരുടെ ചര്‍ച്ചകള്‍ക്ക് വേദിയൊരിക്കിയാണ് രാജ്യത്തെ പ്രധാന പണ്ഡിത സംഘടനയായ ആള്‍ ഇന്ത്യ ഉലമ ആന്‍ഡ് മശാഇഖെ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ അന്താരാഷ്ട്ര സൂഫി സമ്മേളനം ഈജിപ്ത് മുഫ്തി ഇബ്‌റാഹീം അബ്ദുല്‍ കരീം അല്ലാം ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ഉലമാ മശാഇഖ് ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അശ്‌റഫ് കച്ചുച്ചവി അധ്യക്ഷത വഹിച്ചു.
ആധുനിക ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെങ്കില്‍ ഇസ്‌ലാമിക അധ്യാത്മീയ ചിന്തകളിലേക്ക് തിരിച്ചുപോകണമെന്ന് സൂഫി കോണ്‍ഫ്രറന്‍സ് ആഹ്വാനം ചെയ്തു. അജ്മീറിലെ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ സൂഫി പണ്ഡിതന്‍മാര്‍ രാജ്യത്ത് പ്രചാരണം നടത്തിയ മത ദര്‍ശനങ്ങളാണ് ഇന്ത്യയില്‍ സൗഹാര്‍ദത്തിനും സഹിഷ്ണുതക്കും വളര്‍ച്ച നല്‍കിയതെന്നും സമ്മേളനത്തില്‍ പങ്കെടുത്ത പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടു.
മുഹമ്മദ് ബിന്‍ യഹ്‌യാ അല്‍നീനവി അമേരിക്ക, ഡോ. അബ്ദുര്‍ റഹീം ജോര്‍ദാന്‍, ശൈഖ് മീസാനുര്‍റഹ്മാന്‍ ബഗ്ലാദേശ്, കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് തന്‍വീര്‍ ഹാശിം കാര്‍ണാടക, സയ്യിദ് സിബ്‌തൈന്‍ ഹൈദര്‍ ഉത്തര്‍ പ്രദേശ്, ശാഹുല്‍ ഹമീദ് മലബാരി തുടങ്ങിയവര്‍ പങ്കെടുത്തു.